കോഴിക്കോട്: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് പരാമര്‍ശിക്കാതെ പോയ പിണറായി വിജയനും ഇടതു മുന്നണിക്കും രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. സി.പി.എം പി.ആര്‍ നടത്തി പിണറായിയുടെ സ്വര്‍ണരൂപം എത്ര കാണിക്കാന്‍ ശ്രമിച്ചാലും ജനങ്ങള്‍ കാണുക ഉമ്മന്‍ ചാണ്ടിയുടെ രൂപമാണെന്ന് ഷാഫി പറഞ്ഞു. പിണറായി വിജയന്‍ എന്ന ബെല്ലാല്‍ ദേവന്റെ സ്വര്‍ണ പ്രതിമ കെട്ടിപ്പൊക്കി കാണിക്കാന്‍ ശ്രമിച്ചാലും ഉമ്മന്‍ചാണ്ടി എന്ന ബാഹുബലിയുടെ രൂപമാണ് മലയാളി കാണുന്നത് എന്നതാണ് വസ്തുതയെന്നും ഷാഫി പരിഹസിച്ചു.

5,000 കോടി രൂപയുടെ പദ്ധതിക്ക് 6,000 കോടി രൂപ അഴിമതി ആരോപിച്ച ആളുകള്‍ ഇപ്പോള്‍ ഒരു ജാള്യതയുമില്ലാതെ തങ്ങള്‍ കൊണ്ടു വന്നതാണെന്ന് പറയാന്‍ ശ്രമിക്കുന്നു. ആയിരം ദിവസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതി വൈകാന്‍ സര്‍ക്കാറിന്റെ മെല്ലേപ്പോക്കും കാരണമായി. റോഡ്, റെയില്‍ കണക്ടിവിറ്റി ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ല.

വിഴിഞ്ഞം പദ്ധതി കടന്നുവന്ന വഴികളില്‍ അര്‍ഹതപ്പെട്ട ആളുകള്‍ക്ക് അംഗീകാരം നല്‍കുക എന്നത് ജനാധിപത്യ മര്യാദയാണ്. അത് അവര്‍ കാണിക്കാത്തത് കൊണ്ട് ആകാശം ഇടിഞ്ഞുവീശില്ല. അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നുമില്ല. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് ഉമ്മന്‍ചാണ്ടിയെ വിളിച്ചില്ല. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് കുമ്മനം രാജശേഖരനും വിഴിഞ്ഞം ഉദ്ഘാടനത്തിന് രാജീവ് ചന്ദ്രശേഖരനും വരാം. അന്ന് ഉമ്മന്‍ചാണ്ടിയെയും ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കക്ഷിക്കാതെ ഔദ്യോഗിക പരിപാടിയില്‍ തൊട്ടുകൂടായ്മ കാണിക്കുകയാണ്. ഔദ്യോഗിക പരിപാടിയില്‍ തൊട്ടുകൂടായ്മ കാണിക്കുന്നത് ബി.ജെ.പിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ്.

കോണ്‍ഗ്രസ് വിരുദ്ധതയുടെ കാര്യത്തില്‍ ബി.ജെ.പിക്കൊപ്പം തങ്ങളുമുണ്ടെന്ന സന്ദേശം മോദിക്ക് നല്‍കാനാണ് ഇപ്പോള്‍ കാണിച്ചു കൂട്ടുന്നതെല്ലാം. വിഴിഞ്ഞത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്നും തുരങ്കം വെച്ചത് ആരാണെന്നും അഴിമിത കഥകള്‍ ഉന്നയിച്ചത് ആരാണെന്നുമുള്ള യാഥാര്‍ഥ്യം ജനങ്ങള്‍ക്കറിയാമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

അതേസമയം സോഷ്യല്‍ മീഡിയയില്‍ ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യം അറിയിക്കാന്‍ വേണ്ടി ഐ. ഐ വീഡിയോയും കോണ്‍ഗ്രസുകാര് പുറത്തിരക്കി. ഉമ്മന്‍ചാണ്ടി വിഴിഞ്ഞം സന്ദരര്‍ശിക്കുന്ന പശ്ചാത്തലമുള്ളതാണ് വീഡിയോ. സൈബറിടത്തില്‍ ഈ വീഡിയോ കോണ്‍ഗ്രസ് നേതാക്കള് കൂട്ടത്തോടെ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ സംസാരിക്കുന്ന പഴയ വിഡിയോ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനു രംഗത്തുവന്നിപുന്നു. വിഴിഞ്ഞം തുറമുഖത്തിന് എല്ലാവിധ ആശംസകളും നേര്‍ന്ന് കൊണ്ട് വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കുമെന്ന ഉമ്മന്‍ ചാണ്ടിയുടെ പഴയ പ്രസംഗമാണ് വിഡി സതീശന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.

ഒരു കല്ലിട്ടാല്‍ തുറമുഖമാകുമോ എന്ന് ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടത്. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും എല്‍ഡിഎഫ് സര്‍ക്കാരിനാണ് എന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖം എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. 'ഉമ്മന്‍ ചാണ്ടി ഇന്നില്ല. മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മന്‍ ചാണ്ടി ജന ഹൃദയങ്ങളില്‍ ജീവിക്കുന്നു. ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്നവരാണ്.വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നു.'- എന്ന കുറിപ്പിനൊപ്പമാണ് വി ഡി സതീശന്‍ ഉമ്മന്‍ ചാണ്ടിയുടെ പഴയ നിയമസഭ പ്രസംഗത്തിന്റെ വിഡിയോ പങ്കുവെച്ചത്.


'കേരളത്തിന്റെ സ്വപ്ന പദ്ധതിയാണിത്. അതിന് വേണ്ടി 1991 മുതല്‍ നമ്മള്‍ ശ്രമിക്കുകയാണ്. പക്ഷേ ഇതുവരെ വിജയിച്ചിട്ടില്ല. ഇപ്പോള്‍ അതൊരു അവസാന ഘട്ടത്തിലേക്ക് എത്തി. ഒരു കാര്യം വ്യക്തമാണ്. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ച് കൊണ്ട് ഈ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കിയിരിക്കും. യാതൊരു സംശയവും വേണ്ട. നിങ്ങള്‍ ഏത് സംശയവും പറഞ്ഞോ. ഏത് നിര്‍ദേശവും വെച്ചോ. അതൊക്കെ സ്വീകരിക്കാവുന്നത് മുഴുവന്‍ സ്വീകരിക്കാന്‍ തയ്യാറാണ്. പക്ഷേ അഴിമതി ആരോപണം ഉന്നയിച്ച് ഇത് ഇല്ലാതാക്കാമെന്ന് ധരിച്ചാല്‍ നടക്കില്ല എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്'- വിഡിയോയിലെ ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍.