- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയില്‍ രാഷ്ട്രീയ വിഷയമായിരിക്കവേ മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യവിഷബാധ; ഒരാള്‍ മരിച്ചു, 10 പേര് ചികിത്സയില്‍; ഹാംബര്‍ഗറില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം; വില്ലനായത് ഉള്ളിയുടെ സാന്നിധ്യമെന്ന് സൂചന
അമേരിക്കയില്‍ രാഷ്ട്രീയ വിഷയമായിരിക്കവേ മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യവിഷബാധ
വാഷിങ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ വിഷയമായി മാറിയിരിക്കവേ മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യവിഷബാധ. യു.എസില്‍ മക്‌ഡോണാള്‍ഡ്‌സ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. മക്‌ഡോണാള്‍ഡ്‌സില്‍ നിന്നും ഹാംബര്‍ഗ് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളാണ് ഭക്ഷ്യവിഷബാധയേറ്റ വിവരം അറിയിച്ചത്.
10 യു.എസ് സ്റ്റേറ്റുകളില്‍ 49 പേര്‍ക്കാണ് ഭക്ഷ്യവിഷബാധ. ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. പത്ത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം മക്‌ഡോണാള്‍ഡ്‌സിന്റെ ഹാംബര്‍ഗില്‍സ്ഥിരീകരിച്ചുവെന്നാണ് സൂചന. കൊളറാഡോ, നെബ്രാസ്‌ക എന്നിവിടങ്ങളിലാണ് സ്ഥിതി ഗുരുതരമായി തുടരുന്നത്.
സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി സി.ഡി.സി അറിയിച്ചു. ഹാംബര്‍ഗിലുള്ള ഉള്ളിയുടെ സാന്നിധ്യമാണ് ഭക്ഷ്യവിഷബാധക്ക് കാരണമായതെന്നാണ് സൂചന. ഹാംബര്‍ഗില്‍ ഉള്ളിയും ബീഫും ഉപയോഗിക്കുന്നത് നിരവധി സംസ്ഥാനങ്ങളില്‍ മക്‌ഡോണാള്‍ഡ്‌സ് നിരോധിച്ചിട്ടുണ്ട്. മക്‌ഡോണാള്‍ഡ്‌സിന്റെ ക്വാര്‍ട്ടര്‍ പൗണ്ടേഴ്‌സ് ഹാംബര്‍ഗില്‍ ഉപയോഗിക്കുന്ന ഉള്ളിയും ബീഫുമാണ് മക്‌ഡോണാള്‍ഡ്‌സ് നിരോധിച്ചിരിക്കുന്നത്.
ഉള്ളിയാണോ ഭക്ഷ്യവിഷബാധക്ക് കാരണമായതെന്നതില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും മക്‌ഡോണാള്‍ഡ്‌സ് അറിയിച്ചു. സാധനങ്ങള്‍ വിതരണം ചെയ്യുന്നവരുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ട്. ക്വാര്‍ട്ടര്‍ പൗണ്ടേഴ്‌സ് ഹാംബര്‍ഗ് ഒഴികെ മറ്റ് ഉല്‍പ്പന്നങ്ങള്‍ സ്റ്റോറുകളില്‍ ലഭ്യമാവുമെന്നും കമ്പനി അറിയിച്ചു.
അതേസമയം കോളേജ് വിദ്യാര്‍ഥിയായിരുന്ന കാലത്ത് താന്‍ മക്‌ഡോണാള്‍ഡ്‌സില്‍ ജോലി ചെയ്തിട്ടുണ്ടെന്നായിരുന്നുവെന്ന് ഡെമോക്രാറ്റിക് പാര്‍ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത് കേട്ടപാടെ മക്‌ഡോണാള്‍ഡ്‌സിലെത്തി ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കി വിളമ്പി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഇതോടെ യുഎസ് തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഇപ്പോള്‍ മക്‌ഡോണാള്‍ഡ്‌സിനെ ചുറ്റിപ്പറ്റിയായിരുന്നു. പ്രസിഡന്റ് സ്ഥാനാര്‍ഥികളായ കമലാ ഹാരിസിന്റെയും ഡോണള്‍ഡ് ട്രംപിന്റെയും മക്‌ഡോണാള്‍ഡ്‌സ് പരാമര്‍ശവും സന്ദര്‍ശനവുമെല്ലാം വന്‍ ചര്‍ച്ചകളാണ്.
1983ല്‍, അതായത് 41 വര്‍ഷം മുമ്പ് ഹോവാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മക്‌ഡൊണാള്‍ഡ്‌സിന്റെ കാലിഫോര്‍ണിയയിലെ ഔട്ട്‌ലെറ്റില്‍ ജോലി ചെയ്തിരുന്നുവെന്ന് കമലാ ഹാരിസ് പറഞ്ഞത് ആഗസ്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു. അമേരിക്കന്‍ മാധ്യമമായ എംഎസ്എന്‍ബിസിയുടെ അഭിമുഖത്തിലും നിലവിലെ വൈസ് പ്രസിഡന്റുകൂടിയായ കമല ഇത് ആവര്‍ത്തിച്ചു.
മക്‌ഡൊണാള്‍ഡ്‌സിലെ ജോലി സാധാരണക്കാരായ അമേരിക്കക്കാരുടെ സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് ആധികാരികമായി മനസിലാക്കാന്‍ തന്നെ സഹായിച്ചുവെന്നായിരുന്നു കമല പറഞ്ഞത്. കുടുംബം നോക്കാനും വാടക കൊടുക്കാനും വേണ്ടി മക്ഡൊണാള്‍ഡ്സ് പോലെയുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി അമേരിക്കക്കാരുണ്ടെന്നും രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ചെലവ് ചുരുക്കലിനും സാമ്പത്തിക സുരക്ഷയ്ക്കും മുന്‍ഗണന നല്‍കുമെന്നും കമല പറഞ്ഞു.
പിന്നാലെ ഈ വിഷയത്തില്‍ പ്രതികരിച്ച് ബില്‍ ക്ലിന്റനും രംഗത്തുവന്നു. മക്‌ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റില്‍ എത്തുന്ന എല്ലാവരെയും നിറഞ്ഞ പുഞ്ചിരിയോടെ സ്വീകരിച്ചിരുന്ന കമല ഇപ്പോഴിതാ അധികാരത്തിലെത്തുമ്പോഴും അതേ പുഞ്ചിരിയോടെ എന്ത് സഹായമാണ് വേണ്ടതെന്ന് മറ്റുള്ളവരോട് ചോദിച്ചുകൊണ്ടിരിക്കുന്നു എന്നായിരുന്നു ക്ലിന്റന്റെ കമന്റ്. ഇങ്ങനെപോയാല്‍ മക്‌ഡൊണാള്‍ഡ്‌സില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ച പ്രസിഡന്റ് എന്ന തന്റെ റെക്കോര്‍ഡ് കമല മറികടക്കുമെന്നും അദ്ദേഹം തമാശയായി പറഞ്ഞു.
എന്നാല്‍ കമല മക്‌ഡൊണാള്‍ഡ്‌സില്‍ ജോലി ചെയ്തിട്ടേയില്ലെന്നും പറയുന്നതെല്ലാം നുണയാണെന്നുമാണ് ട്രംപിന്റെ വാദം. താന്‍ സാധാരണക്കാരിയാണെന്നു കാണിക്കുകയും സഹതാപ തരംഗം ഉണ്ടാക്കുകയുമാണ് കമലയുടെ ലക്ഷ്യമെന്ന അഭിപ്രായക്കാരനാണ് ട്രംപ്. അങ്ങനെയങ്ങ് പറഞ്ഞ് അവസാനിപ്പിക്കാതെ സാധാരണക്കാരന്റെ ജീവിതം തനിക്കും വഴങ്ങുമെന്ന് കാണിച്ചുകൊടുക്കാനും മെനക്കെട്ടു. അതിനായി ഞായറാഴ്ച ട്രംപ് മക്‌ഡൊണാള്‍ഡ്‌സിലെത്തി.
തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ പെന്‍സില്‍വാനിയയിലെ ഔട്ട്‌ലെറ്റ് തന്നെയാണ് ട്രംപ് ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാന്‍ തെരഞ്ഞെടുത്തത്. ഏപ്രണ്‍ കെട്ടി തനി പാചകക്കാരനായി ഡ്രൈവ് ത്രൂവില്‍ ജോലി ചെയ്തു. ഫ്രഞ്ച് ഫ്രൈസ് പാചകം ചെയ്ത് കസ്റ്റമേഴ്‌സിനു വിതരണം ചെയ്തു. താന്‍ ഇപ്പോള്‍ മക്ഡൊണാള്‍ഡ്‌സില്‍ കമലയേക്കാള്‍ 15 മിനിറ്റ് കൂടുതല്‍ ജോലി ചെയ്തിട്ടുണ്ട് എന്ന കമന്റും പാസാക്കി. ഇതെല്ലാം ചിത്രീകരിച്ച് എക്‌സില്‍ പങ്കുവയ്ക്കാനും ചര്‍ച്ചയാക്കാനും മറന്നില്ല.
ഇത്രയൊക്കെയായ സ്ഥിതിക്ക് ഇനി മക്‌ഡോണാള്‍ഡ്‌സിന്റെ ചായ് വ് എങ്ങോട്ടാകും. ഈ ആകാംക്ഷയ്ക്ക് വിരാമമിട്ടിരിക്കുകയാണ് കമ്പനി. ചുവപ്പുമല്ല നീലയുമല്ല, തങ്ങളുടേത് സ്വര്‍ണ നിറമാണെന്നാണ് മക്‌ഡോണാള്‍ഡ്‌സ് പറയുന്നത്. തെരഞ്ഞെടുപ്പില്‍ ആരോടും പ്രത്യേകിച്ച് ആഭിമുഖ്യമില്ലെന്ന് കമ്പനിക്കുള്ളില്‍ ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ മക്‌ഡോണാള്‍ഡ്‌സ് വ്യക്തമാക്കി. ഇത് വര്‍ഷങ്ങളായി തുടരുന്ന നിലപാടാണെന്നും ഈ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും അതു തന്നെ തുടരുമെന്നും ട്രംപിന്റെ റെസ്റ്റോറന്റ് സന്ദര്‍ശനത്തിന് പിന്നാലെ കമ്പനി വ്യക്തമാക്കി.