- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2015ലെ ഡല്‍ഹി യാത്രയില്‍ വിഴിഞ്ഞം നിര്‍മാണം ഏറ്റെടുക്കാന്‍ ആരും തയാറാകുന്നില്ലെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി; പിന്നാലെ വീട്ടില്‍ പ്രഭാത ഭക്ഷണം; അദാനിയെ എത്തിച്ചത് ഉമ്മന്‍ചാണ്ടി മാജിക്ക് എന്ന് തുറന്ന് സമ്മതിച്ച് ഇടതു സര്‍ക്കാരിന് ഡല്‍ഹിയില്‍ പ്രതിനിധി; കെവി തോമസിന്റെ വെളിപ്പെടുത്തലില്‍ ബലം കിട്ടുന്നത് വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന ചെന്നിത്തലയുടെ ആവശ്യത്തിന്; ഒസിയുടെ ഇച്ഛാശക്തി ചര്‍ച്ചകളില്‍
തിരുവനന്തപുരം: വിഴിഞ്ഞം കരാറായ ശേഷം 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ സാമ്പത്തികമായി സഹായിക്കാന്‍ അദാനി ഗ്രൂപ്പ് നല്‍കിയ വാഗ്ദാനം ഉമ്മന്‍ ചാണ്ടി നിരസിച്ചെന്ന് മുന്‍ കേന്ദ്രമന്ത്രിയും പിണറായി സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയുമായ കെ.വി.തോമസിന്റെ വെളിപ്പെടുത്തല്‍. വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ ശക്തമായ തീരുമാനമായിരുന്നു ഉമ്മന്‍ ചാണ്ടിയുടേതെന്നും തോമസ് പറഞ്ഞു. വിഴിഞ്ഞത്തെ ക്രെഡിറ്റ് മുഴുവന്‍ ഇടതു പക്ഷ സര്‍ക്കാരിന് നല്‍കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും. ഇതിനിടെയിലാണ് സര്‍ക്കാര്‍ പ്രതിനിധിയായ കെവി തോമസിന്റെ തുറന്നു പറച്ചില്‍.
പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനായിരിക്കെ 2015ലെ ഡല്‍ഹി യാത്രയില്‍ വിഴിഞ്ഞം നിര്‍മാണം ഏറ്റെടുക്കാന്‍ ആരും തയാറാകുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പദ്ധതി നഷ്ടപ്പെടുമെന്നായിരുന്നു ആശങ്ക. ഗൗതം അദാനിയുമായി തനിക്ക് അടുപ്പമുണ്ടെന്നും പക്ഷേ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും അദാനിയോടുള്ള എതിര്‍പ്പ് പരിഹരിക്കണമെന്നും മറുപടി നല്‍കി. അദാനിയെ ബന്ധപ്പെട്ടപ്പോള്‍ കേരളത്തിലെ ട്രേഡ് യൂണിയന്‍ പ്രശ്‌നങ്ങളും 2000 ഏക്കര്‍ സൗജന്യമായി തരാമെന്ന തമിഴ്‌നാടിന്റെ വാഗ്ദാനവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉമ്മന്‍ ചാണ്ടിയെ കാണാന്‍ സമ്മതം അറിയിച്ചു. ഡല്‍ഹിയിലെ തന്റെ വസതിയില്‍ പ്രഭാതഭക്ഷണത്തിന് എത്തിയ ഇരുകൂട്ടരും ചര്‍ച്ച നടത്തി. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയും അദാനിയും മാത്രമായി സംസാരിച്ചുവെന്നും തോമസ് പറയുന്നു. അതായത് ആ ഇടപാടും തന്റെ കൂടി ഇടപെടലിന്റെ ഭാഗമാണെന്ന് പറയുകയാണ് തോമസ്.
താന്‍ കേരളത്തിലേക്ക് വരുമെന്ന് അദാനി അതിനു ശേഷം പറഞ്ഞു. പദ്ധതിയുടെ ആവശ്യകതയെക്കുറിച്ച് സോണിയ ഗാന്ധിയെ ഉമ്മന്‍ ചാണ്ടി ബോധ്യപ്പെടുത്തി. അദാനിക്കെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ കത്തെഴുതിയെങ്കിലും ഉമ്മന്‍ ചാണ്ടിയുടേത് ശക്തമായ തീരുമാനമായിരുന്നു. തുടര്‍ന്നുണ്ടായ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ചും സമചിത്തതയോടെയും മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞം യാഥാര്‍ഥ്യമാക്കി എന്നും തോമസ് പറഞ്ഞു. പക്ഷേ അദാനിയെ എത്തിക്കാന്‍ കഷ്ടപ്പെട്ടത് മുഴുവന്‍ ഉമ്മന്‍ചാണ്ടിയാണെന്ന് പറയുകയാണ് തോമസ്. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്നും അതാണ് കാവ്യനീതിയെന്നും രമേശ് ചെന്നത്തലയും പറഞ്ഞു. വിഴിഞ്ഞം തുറമുഖം കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണ് എന്ന് അംഗീകരിക്കാന്‍ പിണറായിക്ക് പ്രത്യേകിച്ച് വിമുഖത ഒന്നും ഉണ്ടാകില്ല. കാരണം അവര്‍ക്കിടയിലുള്ള ബന്ധം അത്ര വലുതാണ്. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയെ കൂടി പങ്കെടുപ്പിക്കുന്ന ഒരു പരിപാടിയാണ് ഇപ്പോള്‍ നടക്കുന്നത്. സിപിഎം മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തിന് പ്രധാനമന്ത്രി വരുന്നതു തന്നെ ബിജെപി സിപിഎം അന്തര്‍ധാര തുറന്നുകാട്ടുന്നുണ്ട്. വിഴിഞ്ഞം പദ്ധതി യുഡിഎഫിന്റെ കുഞ്ഞാണ്. എല്‍ഡിഎഫ് എത്ര അവകാശപ്പെട്ടാലും അതിന്റെ പിതൃത്വം ലഭിക്കില്ല-ഇതാണ് രമേശ് ചെന്നിത്തല പറയുന്നത്.
വിഴിഞ്ഞം പദ്ധതി തുടങ്ങിവച്ചപ്പോള്‍ 4000 കോടിയുടെ അഴിമതി ആരോപണവുമായി വന്ന ആളാണ് ഈ പിണറായി വിജയന്‍. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുകയും ഒരു അഴിമതിയും ഇല്ല എന്ന് കണ്ടെത്തുകയും ചെയ്തു. ഈ പദ്ധതി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി മുന്‍കയ്യെടുത്ത് സാധ്യമാക്കിയതാണ്. ഇത് യുഡിഎഫ് മുന്നോട്ടുവച്ച വികസന സ്വപ്നം തന്നെയാണ് ' യുഡിഎഫ് അടിത്തറയിട്ട വികസനമാണ്. എത്ര കള്ളക്കഥകള്‍ കൊണ്ടും സത്യം മൂടാനാവില്ല. ഈ തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേരിടുന്നതാണ് ഇതിന്റെ കാവ്യനീതിയെന്നും വിശദീകരിക്കുന്നു ചെന്നിത്തല.
കേരള സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തിലെ ഏറ്റവും വലിയ അഴിമതി കൂടാരമായി മാറിയിരിക്കുന്നു. ശിവശങ്കരന്‍ മുതല്‍ കെഎം എബ്രഹാം വരെ നീളുന്ന നിര അതിനുദാഹരണമാണ്. ഈ നിമിഷം വരെയും എബ്രഹാമിനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. അത് എന്തുകൊണ്ടാണ് എന്ന് ആര്‍ക്കും മനസ്സിലാകുന്നില്ലെന്ന കുറ്റപ്പെടുത്തലുമുണ്ട്.
ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്ന് പറഞ്ഞു വയ്ക്കുകയാണ് കെവി തോമസും. വിഴിഞ്ഞം 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയാണെന്ന് പറഞ്ഞ ആളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. 'കടല്‍ക്കൊള്ള' എന്ന് എഴുതിയത് ദേശാഭിമാനിയും. അന്ന് ഉമ്മന്‍ ചാണ്ടിയേയും യു.ഡി.എഫിനേയും അപഹസിച്ചവര്‍ ഇന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നു. എന്തൊരു ഇരട്ടത്താപ്പാണിതെന്നും പ്രതിപക്ഷ നേതാവ് വിജി സതീശന്‍ നേരത്തെ പറഞ്ഞിരുന്നു. വിഴിഞ്ഞം UDF ന്റെ കുഞ്ഞാണ്. അത് യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ ചാണ്ടിയാണ്. ഓര്‍മ്മകളെ ആട്ടിപായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ട്. അവര്‍ക്ക് വേണ്ടിയാണ് ഇത് പറയുന്നതെന്നും മുമ്പ് പ്രതിപക്ഷ നേതാവ് ഓര്‍മ്മപ്പെടുത്തിയിരുന്നു.
വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ രാഷ്ട്രീയപ്പോര് കനക്കുമ്പോള്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നുണ്ട്ു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോയപ്പോള്‍ 6000 കോടിരൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാട് ആണെന്നായിരുന്നു എല്‍ഡിഎഫ് ആരോപണം. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാരും പദ്ധതിയുമായി മുന്നോട്ടുപോയി. എല്‍ഡിഎഫ് നിയമസഭയില്‍ അഴിമതി ആരോപണം ഉന്നയിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു. 2015 ഡിസംബര്‍ അഞ്ചിനാണ് ഉമ്മന്‍ചാണ്ടി തുറമുഖത്തിന് തറക്കല്ലിട്ടത്. പൂര്‍ത്തീകരിച്ചത് പിണറായി സര്‍ക്കാരും.
ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞത്:
'' ഒരു കാര്യം വ്യക്തമാണ്. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഈ വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കിയിരിക്കും, യാതൊരു സംശയവും വേണ്ട. നിങ്ങള്‍ ഏത് സംശയവും പറഞ്ഞോളൂ. ഏത് നിര്‍ദേശവും വച്ചോളൂ. അതൊക്കെ സ്വീകരിക്കാവുന്നത് മുഴുവന്‍ സ്വീകരിക്കാന്‍ തയാറാണ്. അഴിമതി ആരോപണം ഉന്നയിച്ച് ഇത് ഇല്ലാതാക്കാമെന്ന് വിചാരിച്ചാല്‍ നടക്കില്ല എന്നു പറയാന്‍ ആഗ്രഹിക്കുകയാണ്''.