- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂട്ടാനില്‍ നിന്നുള്ള അനധികൃത വാഹന കടത്തിന് പിന്നില്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച സംഘം; വ്യാജ രേഖകള്‍ ഉപയോഗിച്ചും പരിവാഹന്‍ വെബ്‌സൈറ്റില്‍ തിരിമറി കാട്ടിയും ജി എസ് ടി വെട്ടിച്ചും ഇടപാടുകള്‍; 36 വാഹനങ്ങള്‍ പിടിച്ചെടുത്തു; കേരളത്തില്‍ അനധികൃത വാഹനങ്ങള്‍ 200 എണ്ണം വരെ; വാഹനങ്ങള്‍ പിടിച്ചെടുത്തതോടെ ദുല്‍ഖറും അമിത് ചക്കാലയ്ക്കലും നേരിട്ട് ഹാജരാകണം
ഭൂട്ടാനില്‍ നിന്നുള്ള അനധികൃത വാഹന കടത്തിന് പിന്നില്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച സംഘം
കൊച്ചി: ഓപ്പറേഷന്‍ നുംഖോറില്‍, ഭൂട്ടാനില്‍ നിന്ന് കടത്തിയ 36 വാഹനങ്ങള്‍ പിടിച്ചെടുത്തെന്ന് കസ്റ്റംസ് പ്രീവെന്റീവ് കമ്മിഷണര്‍ ടി ടിജോ. ഇത്തരത്തില്‍ അനധികൃതമായി കൊണ്ടുവന്ന 200 വാഹനം വരെ കേരളത്തില്‍ ഉണ്ടെന്ന് കണ്ടെത്തി. ഭൂട്ടാനില്‍ നിന്ന് നിയമവിരുദ്ധമായാണ് വാഹനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കുന്നത്. കൃത്രിമ രേഖകള്‍ ഉപയോഗിച്ചാണ് വാഹനങ്ങള്‍ കൊണ്ടുവരുന്നത്. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച സംഘമാണ് വാഹന കടത്തിനു പിന്നില്‍. ഭൂട്ടാനില്‍ നിന്നുള്ള വാഹന ഇറക്കുമതിയിലെ ക്രമക്കേടുകളാണ് കമ്മീഷണര്‍ വിശദീകരിച്ചത്.
ട്രാന്‍സ്ഫര്‍ ഓഫ് റെസിഡന്‍സ് വഴി മാത്രമേ വാഹനങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിയുകയുളളു. 160 ശതമാനം ഡ്യൂട്ടി അടയ്ക്കണം. അമേരിക്കന്‍ എംബസിയുടെ വ്യാജ രേഖകള്‍ ഉണ്ടാക്കി വാഹനം കടത്തി. പരിവാഹന്‍ വെബ്‌സൈറ്റില്‍ തിരിമറി കാട്ടിയതായും കണ്ടെത്തി.
സെക്കന്റ് ഹാന്‍ഡ് വാഹനങ്ങള്‍ ഫസ്റ്റ് ഓണര്‍ ആയി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വര്‍ണവും മയക്കുമരുന്നും ഇത്തരം വാഹങ്ങളില്‍ കൊണ്ടുവരുന്നു. അനധികൃത ഇടപാട് വഴിയാണ് വാഹനം വാങ്ങിയിരിക്കുന്നത്. ജിഎസ്ടി തട്ടിപ്പും ഇത്തരം ഡീലര്‍മാര്‍ നടത്തിയിട്ടുണ്ട്
വാഹനങ്ങള്‍ ഒരുമാസത്തിനകം രജിസ്റ്റര്‍ ചെയ്യണം എന്നിരിക്കെ 8 മാസങ്ങളോളം രജിസ്റ്റര്‍ ചെയ്യാതെ ഇന്ത്യയില്‍ ഉപയോഗിക്കുന്നു. രണ്ടുവര്‍ഷമായി ഈ അനധികൃത ഇടപാട് തുടര്‍ന്നുവരികയാണെന്നും കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞു.
നടന്മാരുടെ വാഹനങ്ങള്‍ പിടിച്ചെടുത്തു
സംസ്ഥാനത്തുടനീളം നടക്കുന്ന വാഹനക്കടത്ത് പരിശോധനയില്‍ നേരത്തെ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഡിഫന്‍ഡര്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. തമിഴ്‌നാട് റെജിസ്ട്രേഷന്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡ(TN 01 AS 0155)റാണ് കസ്റ്റഡിയിലെടുത്തത്. കാറിന്റെ മൂന്നാമത്തെ ഓണറാണ് ദുല്‍ഖര്‍ സല്‍മാനെന്നാണ് വിവരം. തമിഴ്‌നാട് രജിസ്‌ട്രേഷനാണ് ദുല്‍ഖറിന്റെ വാഹനം. ഇന്ന് രാവിലെ മുതല്‍ ദുല്‍ഖറിന്റെ വാഹനങ്ങളില്‍ പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് റോവര്‍ ഡിഫെന്‍ഡര്‍ കസ്റ്റഡിയിലെടുത്തത്.
നടന്‍ മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ ഗാരേജിലും കസ്റ്റംസ് പരിശോധന നടന്നു. നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ഉള്‍പ്പെടെയുള്ള മറ്റ് സിനിമാ താരങ്ങളുടെയും വ്യവസായികളുടെയും വീടുകളിലും പരിശോധന നടന്നുവരുന്നുണ്ട്. പൃഥ്വിരാജിന്റെ വാഹനം പിടിച്ചെടുത്തില്ല. നടന്‍ അമിത് ചക്കാലക്കലിന്റെ രണ്ട് ലാന്‍ഡ് ക്രൂസര്‍ കാറുകള്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. മധ്യപ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണ് ഇവ. കേസിന്റെ ഭാഗമായി കസ്റ്റംസ് നടത്തുന്ന പരിശോധനകള്‍ക്കിടെയാണ് നടപടി.പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകള്‍ നേരിട്ട് ഹാജരാകേണ്ടി വരും. ദുല്‍ഖര്‍ സല്‍മാനും, അമിത് ചക്കാലയ്ക്കലും ഹാജരായി രേഖകള്‍ സഹിതം വിശദീകരിക്കണം
സംസ്ഥാനത്തെ ആഡംബര കാറുകളുടെ ഷോറൂമുകളിലും ഇടനിലക്കാരുടെ വീടുകളിലും കസ്റ്റംസ് പരിശോധന നടത്തി. ഇറക്കുമതി തീരുവ വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് വാഹനങ്ങള്‍ കേരളത്തിലെത്തിച്ച് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നതായി കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഒരു ലക്ഷം രൂപയ്ക്ക് വാങ്ങുന്ന വാഹനങ്ങള്‍ കേരളത്തിലെത്തിച്ച് പത്ത് ലക്ഷം രൂപ വരെ ഈടാക്കിയാണ് ഇടനിലക്കാര്‍ വിറ്റഴിച്ചിരുന്നത്. ഷിംല റൂറല്‍ എന്ന ആര്‍ടിഒയ്ക്ക് കീഴിലാണ് ഇത്തരം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നും കണ്ടെത്തി. മൂന്ന് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയില്‍ വില കാണിച്ചാണ് ഇവ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നത്. ഇന്ത്യന്‍ വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്ത ശേഷം കേരളത്തില്‍ വില്‍പന നടത്തുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി
കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് വിധേയരാകുന്നുണ്ട്. വാഹനങ്ങളുടെ രേഖകള്‍ ഉള്‍പ്പെടെയുള്ളവ വിശദമായി പരിശോധിച്ചു വരികയാണ്. അനധികൃത ഇറക്കുമതി തടയുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായാണ് കസ്റ്റംസ് റെയ്ഡ് നടക്കുന്നത്.