ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായ മറുപടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രമാണെന്ന് പ്രതിരോധ സേന. പാക്കിസ്ഥാന്‍ പഞ്ചാബിലെയും പാക്ക് അധീന കശ്മീരിലെയും ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചു. നൂറിലധികം ഭീകരരെ വധിച്ചു. പുല്‍വാമ ഭീകരാക്രമണത്തിലും, കാണ്ഡഹാര്‍ വിമാന റാഞ്ചലിലും ഭാഗമായ കൊടും ഭീകരരെ ഉന്മൂലനം ചെയ്യാനായി. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് പ്രതിരോധ സേന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും രാജ്യം നല്‍കിയ തിരിച്ചടികളെക്കുറിച്ചുമുള്ള ദൃശ്യം കാണിച്ചു കൊണ്ടായിരുന്നു കരനാവികവ്യോമ സേനകളുടെ ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്തവാര്‍ത്താസമ്മേളനം ആരംഭിച്ചത്. ലെഫ്റ്റനന്റ് ജനറല്‍ ഖായ്, എയര്‍മാര്‍ഷല്‍ എ.കെ.ഭാരതി, വൈസ് അഡിമിറല്‍ എ.എന്‍. പ്രമോദ് തുടങ്ങിയവരാണ് പങ്കടുത്തത്.

സേനകളെയും നിരപരാധികളായ വിനോദസഞ്ചാരികളെയും ആക്രമിച്ചപ്പോഴാണ് തിരിച്ചടി നല്‍കേണ്ടതുണ്ട് എന്ന തീരുമാനത്തിലേക്ക് സൈന്യം എത്തിയത്. സൈന്യത്തിന്റേത് ഭീകരരെയും മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമായിരുന്നു. കണിശതയോടെ ഭീകരകേന്ദ്രങ്ങളിലേക്ക് അതിര്‍ത്തി കടന്ന് ആക്രമിക്കാന്‍ തീരുമാനിച്ചു. അതിനായി അതിര്‍ത്തിക്കപ്പുറത്തെ ഭീകരകേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കി പരിശോധിച്ചു. അതില്‍ ചില ഭീകരകേന്ദ്രങ്ങള്‍ തിരിച്ചടിയുണ്ടാകും എന്ന് ഉറപ്പായതോടെ ആളൊഴിഞ്ഞു പോയതായി കണ്ടെത്തി. ഒന്‍പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ഉന്നമിട്ട് ആക്രമിച്ചത്, പാക്ക് അധീന കശ്മീരിലെയും പാകിസ്ഥാന്‍ പഞ്ചാബിലെയും ഭീകരകേന്ദ്രങ്ങളാണ് ആക്രമിച്ചത്. ഭാഗല്പൂരിലെയും മുരിദ്‌കെയിലെയും കൊടും ഭീകരരുടെ താവളങ്ങളടക്കം തകര്‍ക്കാനായി. അജ്മല്‍ കസബിനെയും ഡേവിഡ് ഹെഡ്‌ലിയെയും പരിശീലിപ്പിച്ച മുരിദ്‌കെയിലെ ലഷ്‌കര്‍ ക്യാമ്പ് ആക്രമണം നടത്താന്‍ ഉന്നമിട്ടതില്‍ പ്രധാനപ്പെട്ടതായിരുന്നുവെന്നും പ്രതിരോധ സേന വ്യക്തമാക്കി.

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം തെളിവുകള്‍ നിരത്തിയാണ് കര-വ്യോമ-നാവികസേനാ ഉന്നതോദ്യഗസ്ഥരുടെ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്. മേയ് ഏഴാം തീയതി ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ഒന്‍പത് ഭീകരകേന്ദ്രങ്ങളിലെ നൂറിലധികം ഭീകരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് പറഞ്ഞു. ഭീകരവാദത്തിന്റെ ആസൂത്രകരെയും ഭീകരകേന്ദ്രങ്ങളെയും തകര്‍ക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഈ സൈനിക നടപടി ആസൂത്രണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

മേയ് ഏഴാം തീയതിക്കും പത്താം തീയതിക്കുമിടയില്‍ പാക് സൈന്യത്തിലെ 35-40 സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. പാകിസ്താനിലും പാക് അധീന കശ്മീരിലും ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ ഭീകരവാദികളെ മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും കര-വ്യോമ-നാവികസേനാ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പാകിസ്ഥാനില്‍ കൃത്യമായ ബോംബിങ്ങിലൂടെ തകര്‍ത്ത കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ എയര്‍മാര്‍ഷല്‍ എ.കെ.ഭാരതി പുറത്തുവിട്ടു. ബാവല്‍പുരിലെ ഭീകര ക്യാംപായിരുന്ന കെട്ടിടം പൂര്‍ണമായി തകര്‍ത്തു. മുരിദ്‌കെയിലെ ഭീകരകേന്ദ്രവും തകര്‍ത്തു. പുല്‍വാമ ആക്രമണവും കാണ്ഡഹാര്‍ വിമാനറാഞ്ചലും നടത്തിയ ഭീകരരെയും വധിച്ചു. കൊടുംഭീകരരെ പരിശീലിപ്പിക്കുന്ന മുരിദ്‌കെയിലെ കേന്ദ്രം പ്രധാന ലക്ഷ്യമായിരുന്നു. ജനവാസ കേന്ദ്രങ്ങളില്‍ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നതിന്റെ തെളിവുകളും വ്യോമസേന പുറത്തുവിട്ടു.

ആക്രമണ ശേഷമുള്ള സ്ഥലങ്ങളുടെ ദൃശ്യങ്ങളടക്കം പുറത്തുവിട്ടു. ക്യാമ്പുകളുടെ ദൃശ്യങ്ങള്‍ സഹിതമാണ് വിവരിച്ചത്. രാവിലെ ഏഴുമണിക്ക് ആയിരുന്നു ആക്രമണം. ബാവല്‍ പൂര്‍ ട്രെയിനിങ് ക്യാമ്പ് ഇരു നില കെട്ടിടം പൂര്‍ണമായി തകര്‍ന്നു. ജനവാസ കേന്ദ്രങ്ങളില് ഒരു നാശനഷ്ടവുമുണ്ടായില്ലെന്ന് ദൃശ്യങ്ങളടക്കം തെളിവ് നല്കി. ശേഷം ഓരോ ഭീകരകേന്ദ്രങ്ങളുടെയും ഭൂപ്രകൃതി, നിര്‍മാണ രീതി അടക്കം വിശദമായി പരിശോധിച്ചു. കൃത്യമായി ഉന്നമിട്ട് ആക്രമിക്കാനായി വിമാനങ്ങള്‍ക്ക് ഈ സ്ഥലങ്ങളുടെ വെക്റ്ററുകള്‍ നല്‍കാനായി.

ഏഴാം തീയതി അര്‍ദ്ധരാത്രിയോടെ ആക്രമണം നടത്തിയതിന്റെ ദൃശ്യങ്ങള്‍ അടക്കം നേരത്തേ പുറത്തുവിട്ടതാണ്. 100 ഭീകരരെ വധിക്കാനായി. അതില്‍ ഇന്ത്യയുടെ കൊടുംകുറ്റവാളികളുടെ പട്ടികയില്‍ ഉള്ള ഭീകരരും ഉള്‍പ്പെടുന്നുണ്ട്. യൂസുഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദസ്സിര്‍ അഹമ്മദ് എന്നിവര്‍ ഇന്ത്യ വധിച്ചവരുടെ പട്ടികയില്‍ പ്രധാനപ്പെട്ടവരാണ്. കാണ്ഡഹാറിലും പുല്‍വാമ സ്‌ഫോടനത്തിലും ഉള്‍പ്പെട്ടവരാണ് ഇവര്‍. പാകിസ്ഥാന്‍ പിന്നാലെ പരിഭ്രാന്തരായി ഇന്ത്യയുടെ അതിര്‍ത്തിയിലെ ജനവാസമേഖലകളെ ആക്രമിച്ചു. ആരാധനാലയങ്ങളെ ഉന്നമിട്ട് ആക്രമിച്ചു. പ്രിസിഷന്‍ മ്യൂണിഷന്‍സ് ഉപയോഗിച്ച് വ്യോമസേന ഓരോ ആക്രമണങ്ങളെയും ചെറുത്ത് തകര്‍ത്തുവെന്നും സേന വ്യക്തമാക്കി.