ആലപ്പുഴ: സംസ്ഥാനത്തെ ജൈവ കര്‍ഷകര്‍ ലാഭകരമായ വിലയില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാകാതെ ആശങ്കയില്‍. ജൈവ കൃഷിക്കായി സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കിയിട്ടും വളങ്ങത്തിനും മറ്റ് സാധനങ്ങള്‍ക്കും ചിലവ് കൂടുന്നതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. ജൈവ കൃഷിക്കായി പ്രധാനമായും ഉപയോഗിക്കുന്ന വളങ്ങളാണ് ചാണകവും, കോഴിക്കാഷ്ഠവും. ഒരു ചാക്ക് ചാണകത്തിന് വില 125-130 രൂപയാണ്. കോഴിക്കാഷ്ഠവളത്തിനും ഇതേ വില തന്നെയാണ്.

ജൈവികൃഷിയില്‍ ഉണ്ടാകുന്ന പണിക്കൂലി 1,000-1,200 രൂപ വരെയാണ്. കൂടാതെ സാധരണ പച്ചക്കറികള്‍ക്ക് ഉപയോഗിക്കുന്ന രാസകീടനാശിനികള്‍ അല്ല ജൈവ കൃഷിക്ക് ഉപയോഗിക്കുന്നത്. ജൈവ കീടനാശിനിയാണ് ഉപയോഗിക്കുക. രാസകീടനാശിനിയെക്കാള്‍ ജൈവ നാശിനിക്ക് വില കൂടുതലുളളതും കാര്യമായ സാമ്പത്തി ഭാരമായി മാറുന്നു. ഇങ്ങനെ ഉയര്‍ന്ന് ചിലവിലൂടെ വില്‍പ്പനയ്ക്ക് കൊണ്ടുവരുന്ന പച്ചകറികള്‍ക്ക് കാച്ചവടത്തില്‍ കാര്യമായ ലാഭം ലഭിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. വര്‍ഷങ്ങളായി ഈ സ്ഥിതി തുടരുകയാണ്.

ജൈവമെന്ന പേരില്‍ രാസവളം ഉപയോഗിച്ച പച്ചക്കറികളും വിപണിയിലെത്തുന്നതാണ് യഥാര്‍ഥ ജൈവ കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. യഥാര്‍ഥ ജൈവ ഉത്പന്നം തിരിച്ചറിയാനുള്ള സവിശേഷ സംവിധാനമില്ലാത്തതാണ് ഇതിന് കാരണം. പരിചയമുള്ള കര്‍ഷകരില്‍ നിന്നുമാത്രം പലരും കൂടുതല്‍ വില നല്‍കി ഉത്പന്നങ്ങള്‍ വാങ്ങുന്നു. വിപുലമായി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഈ രീതിയില്‍ പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥയാണ്.

ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ ഇടപെടലുകളും പരാജയങ്ങളാണ്. വിപണി കണ്ടെത്തല്‍, ഉത്പാദന വര്‍ധന, ചെലവ് കുറയ്ക്കല്‍ എന്നിവയിലൂടെയാണ് കൃഷിവകുപ്പിന്റെ ശ്രമങ്ങള്‍. എന്നാല്‍ ഇതും നിലവില്‍ ഫലം കാണുന്നില്ല. ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെല്‍ത്ത് മാനേജ്മെന്റ്, കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ച്, മങ്കൊമ്പ് കീടനിയന്ത്രണ കേന്ദ്രം എന്നിവയുടെ ശാസ്ത്രീയ സഹകരണം ലക്ഷ്യമിട്ടെങ്കിലും കാര്യമായ പുരോഗതിയില്ല.

ജൈവ ഉത്പന്നങ്ങള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ ഉറപ്പാക്കാന്‍ 'കേരള ഗ്രോ-ഓര്‍ഗാനിക്' തുടങ്ങിയ ബ്രാന്‍ഡുകള്‍ വിപണിയില്‍ എത്തിച്ചതും കയറ്റുമതി സാധ്യതകള്‍ പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇതും കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ കാര്യക്ഷമമായില്ല. ജൈവ ഉത്പന്നങ്ങള്‍ പെട്ടെന്നു തിരിച്ചറിയാനുള്ള പ്രത്യേക മാര്‍ക്കിങ് സംവിധാനം സൃഷ്ടിക്കുന്നതിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകും. ഉപഭോക്താക്കള്‍ക്ക് യഥാര്‍ഥ ജൈവ ഉത്പന്നങ്ങള്‍ തിരിച്ചറിയാനും അധികമൂല്യത്തിന് വാങ്ങാനും ഇത്തരമൊരു സാങ്കേതികവിദ്യ സഹായകരമായേക്കും.

'സര്‍ക്കാര്‍ പണം മുടക്കുന്നതു മാത്രം പ്രശ്നം പരിഹരിക്കില്ല, ജൈവ ഉത്പന്നങ്ങള്‍ക്ക് വിപണിയിലെ വിശ്വാസം ഉറപ്പാക്കാന്‍ മിനിമം സംവിധാനം ആവശ്യമാണ്,' എന്ന് ആലപ്പുഴയിലെ ജൈവ കര്‍ഷകന്‍ ജ്യോതിസ് കഞ്ഞിക്കുഴി അഭിപ്രായപ്പെട്ടു.