- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജിന് ജാമ്യം; ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത് കര്‍ശന വ്യവസ്ഥകളോടെ; ആശുപത്രി കിടക്കയില്‍ കഴിയുന്ന ജോര്‍ജ്ജിന് തല്ക്കാലം ആശ്വാസം; തെറ്റ് ചെയ്‌തെന്ന് ജോര്‍ജ്ജിനെ ബോധ്യപ്പെടുത്തുക എന്നതാണ് നിയമ നടപടികളിലൂടെ ഉദ്ദേശിച്ചതെന്ന് പരാതിക്കാരന്‍
വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജിന് ജാമ്യം;
കോട്ടയം: വിദ്വേഷ പരാമര്‍ശ കേസില്‍ ബി.ജെ.പി. നേതാവ് പി.സി. ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജോര്‍ജിന് ജാമ്യം അനുവദിച്ചത്. കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രി കിടക്കയില്‍ കഴിയുന്ന ജോര്‍ജ്ജിന് കോടതി വിധി താല്‍ക്കാലിക ആശ്വാസമായി. തെറ്റ് ചെയ്‌തെന്ന് ജോര്‍ജ്ജിനെ ബോധ്യപ്പെടുത്തുക എന്നതാണ് നിയമ നടപടികളിലൂടെ ഉദ്ദേശിച്ചതെന്ന് പരാതിക്കാരന്‍ ഷിഹാബ് പ്രതികരിച്ചു. ആരോഗ്യാവസ്ഥ പരിഗണിച്ചാകും കോടതി ജാമ്യം അനുവദിച്ചതെന്ന് കരുതുന്നു. കോടതി വിധി അംഗീകരിക്കുന്നതായും പരാതിക്കാരന്‍ പറഞ്ഞു.
വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ കോടതിയില്‍ കീഴടങ്ങിയ പി.സി. ജോര്‍ജ് നിലവില്‍ റിമാന്‍ഡിലായിരുന്നു. നിലവില്‍ അദ്ദേഹം ആശുപത്രിയിലാണ്. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഈരാട്ടുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജോര്‍ജിന് ഇന്ന് ജാമ്യം അനുവദിച്ചത്. നേരത്തെ റിമാന്റിലായതിന് പിന്നാലെ ഇസിജി വേരിയേഷനെ തുടര്‍ന്ന് പി സി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. 48 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.
നിലവില്‍ ജോര്‍ജിന്റെ ആരോഗ്യം തൃപ്തികരമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താനിരിക്കെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജോര്‍ജ്ജിന്റെ ജാമ്യാപേക്ഷയെ പരാതിക്കാരന്‍ എതിര്‍ത്തിരുന്നു. പി.സി. ജോര്‍ജ് ജാമ്യവ്യസ്ഥ സ്ഥിരമായി ലംഘിക്കുന്ന ആളാണെന്നും ജാമ്യത്തില്‍ ഇറങ്ങിയാല്‍ കുറ്റം ആവര്‍ത്തിക്കുമെന്നും പരാതിക്കാരന്‍ കോടതില്‍ വാദിച്ചിരുന്നു. പിസി ജോര്‍ജിന്റെ സംഘടന പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
കേസ് അന്വേഷണം പൂര്‍ത്തിയായെന്നാണ് പോലീസ് റിപ്പോര്‍ട്ട്. തെളിവെടുപ്പ് ഉള്‍പ്പെടെ പൂര്‍ത്തിയായെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പി.സി. ജോര്‍ജിന്റെ മുന്‍ കേസുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ വിവരിച്ചു. പി.സി. ജോര്‍ജ് ജാമ്യവ്യവസ്ഥ സ്ഥിരമായി ലംഘിക്കുന്ന ആളാണ്. ഭരണഘടനയുടെ ആമുഖത്തെ തന്നെ നിഷേധിക്കുന്ന പരാമര്‍ശമാണ് പ്രതി നടത്തിയത്. നാട്ടില്‍ സാഹൂഹിക സ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ളതാണ് പരാമര്‍ശം. 30 വര്‍ഷം എം.എല്‍.എ. ആയിരുന്ന ആളില്‍ നിന്നാണ് ഇങ്ങനെ ഉണ്ടായിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
പൊതുപ്രവര്‍ത്തകന്‍ ആയാല്‍ കേസ് ഉണ്ടാകുമെന്ന് പി.സി ജോര്‍ജിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇന്ത്യയിലെ പല പൊതുപ്രവര്‍ത്തകര്‍ക്കും കേസുകള്‍ ഉണ്ട്. അത്തരം കേസുകളേ പി.സി ജോര്‍ജിനും ഉള്ളൂ. പി.സി. ജോര്‍ജ് കോടതി വിധി തെറ്റിച്ചു എന്നതിന് തെളിവ് ഇല്ല. കേസില്‍ അന്വേഷണം പൂര്‍ത്തിയായി എന്ന് പോലീസ് തന്നെ പറഞ്ഞു. അതിനാല്‍ ജാമ്യം നല്‍കണമെന്ന് ജോര്‍ജിന്റെ അഭിഭാകന്‍ പറഞ്ഞു. ആരോഗ്യ സ്ഥിതി മോശമാണെന്നും ആന്‍ജിയോഗ്രാം ഉള്‍പ്പെടെ ചെയ്യേണ്ടതുണ്ടെന്നും മികച്ച ചികിത്സ ലഭിക്കാന്‍ ജാമ്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എങ്ങനെ വേണമെങ്കിലും ലഭിക്കുമെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ ഇതിന് മറുപടി നല്‍കിയത്. എന്നാല്‍,ഈ വാദം കോടതി തള്ളി.
പിസി ജോര്‍ജിന്റെ ആരോഗ്യ പ്രശ്‌നം കണക്കിലെടുത്താണ് കോടതി ജാമ്യം പരിഗണിച്ചത്. ആഞ്ജിയോ ഗ്രാം ഉള്‍പ്പെടെയുള്ളവ ചെയ്യേണ്ടതുണ്ട് എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് അടക്കം കോടതിയില്‍ എത്തിയിരുന്നു. ഇത് കോടതി പരിഗണിച്ചു. പോലീസ് റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു. കേസ് നടപടിക്രമങ്ങളടക്കം പൂര്‍ത്തിയായതാണ്. മൊഴി രേഖപ്പെടുത്തി, തെളിവുകളടക്കം ശേഖരിച്ചു.. അതുകൊണ്ട് തന്നെ ജാമ്യം നല്‍കേണ്ടത് എതിര്‍ക്കേണ്ടതില്ല എന്നായിരുന്നു കോടതി നിരീക്ഷണം.
അല്‍പ്പസമയത്തിനകം ജാമ്യ ഉത്തരവ് ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് പാല സബ് ജയിലിലേക്ക് കൊണ്ടുപോകും. അതിന് ശേഷം പിസി ജോര്‍ജ് നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. പിസി ജോര്‍ജ് ഉച്ചയോടെ പുറത്തിറങ്ങുമെന്നാണ് വിവരം.