പനജി: ഏതെങ്കിലും പദവിയോ സ്ഥാനമോ ചോദിച്ചു വാങ്ങിയ ആളല്ലെന്നും ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും മടങ്ങുന്നത് പൂര്‍ണ സംതൃപ്തിയോടെയെന്നും പി.എസ് ശ്രീധരന്‍ പിള്ള. ഗോവയിലും മിസോറമിലുമായി ഗവര്‍ണര്‍ പദവിയില്‍ ആറു വര്‍ഷം പൂര്‍ത്തിയാക്കി. ഭാവിയെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാലാവധി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഗോവ ഗവര്‍ണര്‍ സ്ഥാനത്ത് പടിയിറങ്ങുന്ന പശ്ചാത്തലത്തിലാണ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

'കാലാവധി പൂര്‍ത്തിയാക്കിയാണ് ഗവര്‍ണര്‍ സ്ഥാനത്തു നിന്നും പടിയിറങ്ങുന്നത്. മിസോറാമിലും ഗോവയിലും ആയി ഗവര്‍ണര്‍ പദവിയില്‍ ആറുവര്‍ഷം പൂര്‍ത്തിയാക്കി. മിസോറാമില്‍ നാലുവര്‍ഷവും ഗോവയില്‍ രണ്ട് വര്‍ഷവും ഞാന്‍ ഗവര്‍ണര്‍ പദവിയിലിരുന്നു. ഭാവി പരിപാടിയെപ്പറ്റി ആലോചിച്ചിട്ടില്ല' ശ്രീധരന്‍ പിള്ള.

പൊതുപ്രവര്‍ത്തനവും എഴുത്തും അഭിഭാഷക വൃത്തിയും ഒരുപോലെ ഇഷ്ടമാണ്. മൂന്ന് മക്കള്‍ ഉള്ള ഒരാളോട് അതില്‍ ആരോടാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിക്കുന്നതുപോലെയാണ് കാര്യങ്ങള്‍. മുന്നോട്ട് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല നന്നായി ആലോചിച്ചെടുക്കേണ്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

'ഏതെങ്കിലും പദവിയോ സ്ഥാനമോ ചോദിച്ചു വാങ്ങിയ ആളല്ല ഞാന്‍ 50 വര്‍ഷമായി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. പ്രസ്ഥാനം തരാന്‍ കഴിയാവുന്നതെല്ലാം തനിക്ക് തന്നു അതില്‍ പൂര്‍ണ്ണ സംതൃപ്തനാണ്. ഗവര്‍ണര്‍ ആവുന്നതിനു മുമ്പ് 117 പുസ്തകങ്ങളും ഗവര്‍ണര്‍ ആയ ശേഷം 270 പുസ്തകങ്ങളും എഴുതി. ഗവര്‍ണറായ ശേഷം എഴുത്തിന്റെ മേഖലയില്‍ നല്ല മുന്നേറ്റം ഉണ്ടായി. ഏറ്റവും ഒടുവില്‍ അടിയന്തരാവസ്ഥക്കെതിരെ ഇറക്കിയ രണ്ടു പുസ്തകങ്ങളുടെ റോയല്‍റ്റി ഉപയോഗിച്ചാണ് ഗോവയിലെ അന്നദാന പദ്ധതി നടപ്പാക്കിയത്' ശ്രീധരന്‍ പിള്ള പറഞ്ഞു.

ഗോവയ്ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. ഗോവയിലെ എല്ലാ ഗ്രാമങ്ങളിലും സഞ്ചരിച്ചു രാജ് ഭവനെ ലോക് ഭവന്‍ ആക്കി മാറ്റി. തുടര്‍ന്നുവരുന്ന ആളും താന്‍ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും.

കേന്ദ്രസര്‍ക്കാറിന്റെ സോളിസിറ്റര്‍ ജനറല്‍ പദവിയില്‍ വരെ വഹിക്കാന്‍ കഴിഞ്ഞു. മൂന്നു യൂണിവേഴ്സിറ്റികളില്‍ ഡോക്ടറേറ്റ് പദവി കിട്ടി . എല്ലാറ്റിലും സംതൃപ്തി ഉണ്ട്. പുതിയ ഗവര്‍ണര്‍ എത്തി ചുമതലയേറ്റ ശേഷം നാട്ടിലേക്ക് മടങ്ങുമെന്നും മറ്റുകാര്യങ്ങള്‍ ആലോചിച്ചു തീരുമാനിക്കുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

അഭിഭാഷകവൃത്തിയിലേക്കു മടങ്ങുന്നതിന് ഒരു നിയമതടസവുമില്ല. പ്രോട്ടോക്കോള്‍ അനുസരിച്ച് ഗവര്‍ണര്‍ ചീഫ് ജസ്റ്റിസിനും മുകളിലാണ്. പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണര്‍ നാലാമതും ചീഫ് ജസ്റ്റിസ് ആറാമതുമാണ്. ആ ഒരു ഈഗോ ഉണ്ടാവുന്നത് കൊണ്ട് അഭിഭാഷകരായ ആരും ഗവര്‍ണര്‍ പദവി ഒഴിഞ്ഞശേഷം കോടതിയിലേക്കു പോകാറില്ല. എന്നെ സംബന്ധിച്ച് അങ്ങനെയില്ല. ഞാന്‍ കീഴ്ക്കോടതി വരെയും പോകും. അഭിഭാഷകവൃത്തി അത്രത്തോളം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. എന്നുവച്ച് കോടതിയിലേക്കു പോകാനാണു തീരുമാനമെന്നൊന്നും ഇപ്പോള്‍ പറയുന്നില്ല. അതൊക്കെ ആലോചിച്ചു ചെയ്യേണ്ട കാര്യമാണ്. ഇനി ഒരു മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും എന്ന് പറയാനാകില്ല'' ശ്രീധരന്‍ പിള്ള പറഞ്ഞു.