- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു; കൂടെയുള്ളവര്‍ പൊട്ടക്കിണറ്റില്‍ ചാടിക്കുന്നു; നിലപാട് പുനപരിശോധിക്കണം; സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ നിന്ന് ശശി പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയം; പിണറായിയെ തള്ളിപ്പറഞ്ഞ് ആരോപണങ്ങള്‍ അവര്‍ത്തിച്ച് അന്‍വര്‍
മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും ഓഫീസിനുമെതിരെ വീണ്ടും ആരോപണങ്ങളുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. മുഖ്യമന്ത്രിയെ ഓഫീസിലുള്ളവര്‍ തെറ്റിദ്ധരിപ്പിച്ചു എന്ന് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടാണ് അന്‍വര്‍ രംഗത്തുവന്നത്. മുഖ്യമന്ത്രി സൂചിപ്പിച്ച പുഴുക്കുത്തുകള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും അന്‍വര്‍ പറഞ്ഞു.
താന്‍ ഉന്നയിച്ച കാര്യങ്ങളില്‍മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. തെറ്റിദ്ധാരണകള്‍ മാറുമ്പോള്‍ അദ്ദേഹത്തിന്റെ നിലപാടിലും മാറ്റം വരും. അദ്ദേഹം തന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് അഭ്യര്‍ഥിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി ഇന്ന് പറഞ്ഞ കാര്യങ്ങളൊക്കെ പൊലീസ് കൊടുത്ത റിപ്പോര്‍ട്ട് പരിശോധിച്ചാണ്. നാലോ അഞ്ചോ ശതമാനം ഉദ്യോഗസ്ഥര്‍ മാത്രമാണ് പൊലീസിലെ ക്രിമിനലുകളായുള്ളത്. സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഒരുപാട് ഉദ്യോഗസ്ഥരുണ്ട്. പി ശശി സ്വര്‍ണ്ണക്കടത്ത് സംഘങ്ങളില്‍ നിന്ന് ശശി പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്നും അതുകൊണ്ടാണോ മുഖ്യമന്ത്രിയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അന്‍വര്‍ ആരോപിച്ചു.
സത്യം മുഴുവന്‍ മറച്ചുവെച്ച് താന്‍ പൊലീസിന്റെ മനോധൈര്യം തകര്‍ക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. പൊലീസിലെ ക്രിമിനലുകളുടെ മനോവീര്യം തകരേണ്ടത് തന്നെയാണ്. തെറ്റു ചെയ്തിട്ടില്ലെങ്കില്‍ എസ്.പി സുജിത് ദാസ് കാലുപിടിച്ചത് എന്തിനാണെന്നും അന്‍വര്‍ ചോദിച്ചു. മരം മുറിക്കേസില്‍ അന്വേഷണം തുടരട്ടെ എന്നായിരുന്നു തന്റെ മറുപടി. അപ്പോഴും സുജിത് ദാസ് കാലുപിടിക്കുന്നത് തുടര്‍ന്നു.
ഫോണ്‍ ചോര്‍ത്തിയത് തെറ്റു തന്നെയാണെന്നും അന്‍വര്‍ സമ്മതിച്ചു. എന്നാല്‍ ഇങ്ങനെയും ചില കാര്യങ്ങള്‍ നടക്കുന്നുണ്ട് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ആ ഫോണ്‍ ചോര്‍ത്തല്‍ ആണ് സഹായിച്ചതെന്നും അന്‍വര്‍ വ്യക്തമാക്കി. താന്‍ പറയുന്നത് ശരിയാണെന്ന് തെളിയിക്കാനുള്ള ഏക തെളിവാണ് ഈ ഫോണ്‍ ചോര്‍ത്തല്‍. തെറ്റു ചെയ്തിട്ടില്ലെങ്കില്‍ സ്വര്‍ണക്കടത്ത് പ്രതികളെ മഹത്വവല്‍കരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞതും തെറ്റിദ്ധാരണ മൂലമാണ്. മുഖ്യമന്ത്രി ഇക്കാര്യങ്ങളെല്ലാം വ്യക്തിപരമായി പഠിക്കേണ്ടത് അത്യാവശ്യമാണെന്നും അന്‍വര്‍ പറഞ്ഞു.
''തെളിവുണ്ടായിട്ടും എല്ലാം തിരയുകയാണ്. തിരയട്ടെ, നമുക്ക് നോക്കാം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ മഹത്വവല്‍ക്കരിക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞതും അദ്ദേഹത്തിന്റെ തെറ്റിധാരണയാണ്. രാജ്യം അനുശാസിക്കുന്ന നിയമം അനുസരിച്ച് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പൊലീസിനു വിവരം ലഭിച്ചാല്‍ ഉടനടി കസ്റ്റംസിനെ അറിയിക്കണം. സ്വര്‍ണക്കടത്ത് പിടിക്കേണ്ടത് കസ്റ്റംസാണ്. എന്നാല്‍ കസ്റ്റംസിനെ ഒരു കേസും അറിയിച്ചിട്ടില്ല.
'ആ കൊണ്ടോട്ടിയിലെ തട്ടാന്റെ കാര്യം മാത്രം അന്വേഷിച്ചാല്‍ മതി. കൊണ്ടോട്ടി അങ്ങാടിയിലെ എല്ലാവര്‍ക്കും അറിയാം കഴിഞ്ഞ മൂന്നുകൊല്ലമായിട്ട് ഇത് നടക്കുകയാണെന്ന്. കാരിയര്‍മാരായി വന്നവരെ ക്രൂരമായി മര്‍ദിച്ചിട്ടുണ്ട്. ഞാന്‍ തെളിവ് നല്‍കാനുള്ള പരിശ്രമത്തിലാണ്. കുറച്ച് ആളുകള്‍ തയ്യാറായി വരികയും ചെയ്തിരുന്നു. എന്നാല്‍, ഇതുവരെ എ.ഡി.ജി.പിയെ മാറ്റാത്തതു കൊണ്ട് ആരും മുന്നോട്ടുവരുന്നില്ല. സ്വകാര്യമായി മൊഴി കൊടുക്കാമെന്ന് പറഞ്ഞെങ്കിലും അവര്‍ക്ക് പേടിയാണ്.
ഇത് അന്വേഷിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് അറിയേണ്ട കാര്യം. ഇവര്‍ 102 സി.ആര്‍.പി.സി പ്രകാരമാണ് കേസെടുക്കുന്നത്. സംശയാസ്പദമായി തോന്നുമ്പോള്‍ എടുക്കുന്ന കേസാണിത്. യാത്രക്കാരന്‍ കളവായി കൊണ്ടുവന്നതല്ല. അയാള്‍ നികുതി വെട്ടിച്ച് കൊണ്ടുവന്നതാണ്. അപ്പോള്‍ ഇത് കളവുമുതലല്ല. കോടതിയില്‍ ഇത് നില്‍ക്കില്ല. പോലീസ് ഇത് കസ്റ്റംസിനെ അറിയിച്ചില്ല. അവര്‍ ചെയ്യേണ്ട ജോലിയാണ്. അവരാണ് ഈ പണി ചെയ്യേണ്ടതും. കാര്യം അറിയിച്ച് റിവാര്‍ഡ് വാങ്ങുന്നതിന് പകരം ആവശ്യമുള്ള സ്വര്‍ണം എടുത്തതിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കുകയാണ്. ഇതില്‍ നിന്നെന്താണ് മനസ്സിലാക്കേണ്ടത്. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ഇത്രയും കാലം ഞാന്‍ പി. ശശിക്കെതിരേ രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണ് ഉന്നയിച്ചത്. കള്ളക്കടത്ത് സംഘത്തില്‍ നിന്നും ഒരു പങ്കുപോലും ശശി പറ്റുന്നുണ്ടോ എന്ന് പരിശോധിക്കണം. മുഖ്യമന്ത്രി പറയുന്നുണ്ട് തനിക്ക് കിട്ടിയ റിപ്പോര്‍ട്ട് എന്ന്. എന്താണ് ആ റിപ്പോര്‍ട്ട്. എ.ഡി.ജി.പി. എഴുതി നല്‍കിയതാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ മരംമുറി കേസ് നടക്കുകയല്ലേ. വിജിലന്‍സ് അന്വേഷണം സത്യസന്ധമാണെന്ന അഭിപ്രായം എനിക്കില്ല.
എന്തും പിടിക്കാനുള്ള അധികാരം പോലീസിനുണ്ട്. അവര്‍ മണ്ണുപിടിക്കുന്നില്ലേ, മരം പിടിക്കുന്നില്ലേ. എന്നാല്‍, പിടിച്ചാല്‍ പ്രതിയേയും തൊണ്ടിമുതലിനേയും കൈമാറണ്ടേടത്ത് കൈമാറണം. വഴിയില്‍ നിന്ന് സ്വര്‍ണം കിട്ടിയാല്‍ കളവാണെന്ന് സംശയിക്കാം. എന്നാല്‍, വിമാനത്താവളത്തിന്റെ മുറ്റത്ത് നിന്നും പിടിക്കുമ്പോള്‍ അത് കസ്റ്റംസിന് കൈമാറണം', പി.വി. അന്‍വര്‍ പറഞ്ഞു. പി.വി.അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ഇടതു പശ്ചാത്തലമുള്ള ആളല്ല അന്‍വറെന്നും കോണ്‍ഗ്രസില്‍നിന്ന് വന്നയാളാണെന്നും തുറന്നടിച്ച് മുഖ്യമന്ത്രി തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി മാതൃകാപരമായ പ്രവര്‍ത്തനാണ് നടത്തുന്നതെന്നും പറഞ്ഞു.
മുഖ്യമന്ത്രിയെ പൊട്ടകിണറ്റില്‍ ചാടിക്കാന്‍ നില്‍ക്കുന്ന ഒരു വിഭാഗമാണ് അദ്ദേഹത്തിന്റെ കൂടെയുള്ളത്. അത് പി ശശിയും എം.ആര്‍ അജിത് കുമാറും മാത്രമല്ല. താന്‍ പറയുന്ന കാര്യങ്ങളെല്ലാം പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് മനസിലായിട്ടുണ്ട്. പാര്‍ട്ടിയിലെ ഒരു സംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നത് അദ്ദേഹം മനസിലാക്കണം. താന്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിക്ക് ബോധ്യപെട്ടില്ല എന്ന് പറയട്ടെ. സി.പി.എമ്മിന്റെ മറുപടിക്ക് വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറാണെന്നും അന്‍വര്‍ പറഞ്ഞു.
അതേസമയം, പിവി അന്‍വറിനെ തള്ളിയും പൊളിറ്റിക്കല്‍ സെക്രട്ടറി പിശശിയെ സംരക്ഷിച്ചുമാണ് മുഖ്യമന്ത്രി ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ഒരു തരത്തിലുള്ള തെറ്റും അദ്ദേഹത്തിന്റെ പക്കലില്ലെന്നും ആരുപറഞ്ഞാലും അത് അവജ്ഞയോടെ തള്ളിക്കളയുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. ഒരു പരിശോധനയും ശശിയുടെ കാര്യത്തില്‍ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അന്‍വറോ മറ്റുള്ളവരോ കൊടുക്കുന്ന പരാതി അതേപടി സ്വീകരിച്ച് നടപടിയെടുക്കാനല്ല ശശി അവിടെ ഇരിക്കുന്നത്. നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനാണ് അദ്ദേഹം ഇരിക്കുന്നത്. അല്ലാത്ത നടപടി സ്വീകരിച്ചാല്‍ ശശിയല്ല മറ്റാര്‍ക്കും ആ ഓഫീസില്‍ ഇരിക്കാനാകില്ല. നിയമപ്രകാരമല്ലാത്ത എന്തെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ചെയ്തിട്ടുണ്ടാകില്ല. അത് ചെയ്യാത്തതിലുള്ള വിരോധംവെച്ച് എന്തെങ്കിലും വിളിച്ച് പറഞ്ഞാല്‍ അത്തരം ആളുകളെ മാറ്റാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അന്‍വര്‍ തുടര്‍ച്ചയായി പത്രസമ്മേളനം വിളിച്ചതിനെയും ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത് പരസ്യമാക്കിയതിനെയും രൂക്ഷമായഭാഷയിലാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. അന്‍വറിന്റെ പശ്ചാത്തലം ഇടത് പശ്ചാത്തലമല്ലെന്നും അന്‍വര്‍ വന്നവഴി കോണ്‍ഗ്രസിന്റേതാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.