തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. പ്രത്യേക ഉപകരണം ഉപയോഗിച്ചല്ല താന്‍ ഫോണ്‍ ചോര്‍ത്തിയതെന്ന് അന്‍വര്‍ പ്രതികരിച്ചു. താനുമായി സംസാരിച്ചവരുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയാണ് ചെയ്തത്. ഇക്കാര്യം ഐജിക്ക് മൊഴി നല്‍കിയിട്ടുണ്ട്. കേസുകള്‍ ഇനിയുമുണ്ടാകുമെന്നും അറസ്റ്റ് പ്രതീക്ഷിക്കുന്നതായും അന്‍വര്‍ പറഞ്ഞു.

നേരത്തെ അന്‍വര്‍ പാര്‍ട്ടിക്കൊപ്പം നിന്നപ്പോള്‍ പരാതികള്‍ ലഭിച്ചപ്പോള്‍ പോലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് പാര്‍ട്ടി വിട്ടതോടെയാമ് കേസെടുക്കാന്‍ തയ്യാറായത്. അന്‍വര്‍ സിപിഎം നേതൃത്വത്തിന് എതിരെ നിലപാട് സ്വീകരിച്ചതോടെ ശ്കതമായ നിലപാടിലേക്കാണ് പാര്‍ട്ടിയും നീങ്ങുന്നത്. അണികളെ കൂടെ നിര്‍ത്താന്‍ വേണ്ടിയാണ് അന്‍വറിനെതിരെ പാര്‍ട്ടി നിലപാട് കടുപ്പിക്കുന്നത്. സ്വര്‍ണ്ണക്കടത്തുകാരുമായുള്ള ബന്ധത്തിലും അന്‍വര്‍ കുരുക്കിലായേക്കും.

സ്വര്‍ണ്ണക്കടത്തുകാരുമായുള്ള അന്‍വറിന്റെ ബന്ധത്തിന് കൃത്യമായ തെളിവുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ ഭരണകക്ഷിയില്‍ പെട്ട നേതാവെന്ന പരിവേഷത്തിലായിരുന്നു അന്‍വറിനെതിരായ ആരോപണങ്ങളെ പാര്‍ട്ടിയും സര്‍ക്കാറും കണ്ണടച്ചത്. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ മാറിയതോടെ അന്‍വറിനെ പൂട്ടിടാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

പാര്‍ട്ടിയുമായി അന്‍വര്‍ ഇടഞ്ഞതോടെയാണ് അന്‍വറിനെതിരെ സൈബര്‍ കേസും എത്തിയത്. കോട്ടയം കറുകച്ചാല്‍ പൊലീസാണ് കേസെടുത്തത്. ഫോണ്‍ ചോര്‍ത്തി ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചെന്നാണ് പരാതി. കറുകച്ചാല്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് നടപടി. ടെലികമ്മ്യൂണിക്കേഷന്‍ നിയമം, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സ്വകാര്യ വിവരങ്ങളടക്കം ചോര്‍ത്തിയെന്നും എഫ്‌ഐആറിലുണ്ട്. താന്‍ ഫോണ്‍ ചോര്‍ത്തിയെന്ന് സമ്മതിച്ച അന്‍വറിന് ഇക്കാര്യത്തില്‍ നന്നേ പണിപ്പെടേണ്ടി വരും. ജാമ്യമുള്ള വകുപ്പ് ആയതിനാല്‍ തല്‍ക്കാലം അഴിയെണ്ണുമെന്ന പ്രതീക്ഷ വേണ്ട.

ഫോണ്‍ ചോര്‍ത്തലില്‍ പൊലീസ് കേസെടുത്തോട്ടെയെന്ന് പി.വി അന്‍വര്‍ എംഎല്‍എ പ്രതികരിച്ചു. കേസ് വരുമെന്ന് മുന്‍കൂട്ടി കണ്ടതാണ്. നിലമ്പൂരില്‍ നടക്കുന്ന പൊതുയോഗത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം മുന്‍ എസ്പി സുജിത് ദാസുമായുള്ള ഫോണ്‍ സംഭാഷണമടക്കം പി.വി അന്‍വര്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ സുജിത് ദാസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി.

അതേസമയം, മന്ത്രിമാരുടെയടക്കം ഫോണുകള്‍ എഡിജിപിയുടെ നേതൃത്വത്തില്‍ പൊലീസ് ചോര്‍ത്തുന്നുണ്ടെന്ന് പി.വി അന്‍വര്‍ ആരോപിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യം തള്ളിക്കളയുകയാണ് ഉണ്ടായത്. നേരത്തെ അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് ഡിജിപിക്ക് സെപ്റ്റംബര്‍ അഞ്ചിന് തന്നെ പരാതി ലഭിച്ചിരുന്നു. എന്നാല്‍, അന്ന് കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല.

എന്നാല്‍, അന്‍വറിന് എല്‍ഡിഎഫുമായി ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞതിന് പിന്നാലെയാണ് പരാതി കൈമാറിയത്. ഇന്നലെ കൈമാറിയ പരാതിയിലാണ് കറുകച്ചാല്‍ പൊലീസ് കേസെടുത്തത്. പരാതി കിട്ടിയത് ശനിയാഴ്ച 8.20നാണെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

അന്‍വറിനെതിരെ പിണറായി സര്‍ക്കാര്‍ നടപടികള്‍ എടുക്കാന്‍ തുടങ്ങിയെന്നതിന്റെ സൂചനയാണ് ഈ ആദ്യ കേസ്. വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തുന്നത് അടക്കമുള്ള പരാതികള്‍ അന്‍വറിനെതിരെ താമസിയാതെ പോലീസിന് കിട്ടുമെന്നാണ് സൂചന. 28നാണ് അന്‍വറിനെതിരെ പോലീസിന് പരാതി കിട്ടിയത്. തോമസ് കെ പീലിയാനിക്കലാണ് പരാതിക്കാരന്‍. ഉടന്‍ എഫ് ഐ ആറും രജിസ്റ്റര്‍ ചെയ്തു. സെപ്റ്റംബര്‍ ഒന്നിന് ടിവിയില്‍ കണ്ട വീഡിയോ ആണ് ഇതിന് ആധാരം.

പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടേയും മറ്റും ഫോണ്‍ വിവരങ്ങള്‍ ടെലികമ്യൂണിക്കേഷന്‍ സംവിധാനത്തില്‍ നിയമ വിരുദ്ധമായി കടന്നു കറി ചോര്‍ത്തുകയോ ചോര്‍ത്തിപ്പിക്കുകയോ ചെയ്തു. അവ ദൃശ്യമാധ്യമത്തിലൂടെ വെളിപ്പെടുത്തി. ഇത് ജനങ്ങളില്‍ പകയും ഭീതിയും ഉണ്ടാക്കുന്നതിന് വേണ്ടിയാണ്. മനപ്പൂര്‍വ്വം പ്രകോപനപരമായി കലാം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഇതെല്ലാമെന്നും പരാതിയിലുണ്ട്. ഇതു പ്രകാരമാണ് നിലമ്പൂര്‍ എംഎല്‍എയ്ക്കെതിരെ കേസ്.

തോമസ് പീലിയാനിക്കല്‍ കറുകച്ചാല്‍ സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് എഫ് ഐ ആര്‍ ഇട്ടത്. ഈ സാഹചര്യത്തില്‍ അന്‍വറിനെ പോലീസിന് അറസ്റ്റു ചെയ്യാം. വിവരങ്ങള്‍ തിരക്കിയ ശേഷം ജാമ്യമുള്ള വകുപ്പായതു കൊണ്ട് വിട്ടയയ്ക്കുകയും ചെയ്യാം. എന്നാല്‍ ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ കുറ്റസമ്മതം നടത്തും വിധം പത്ര സമ്മേളനത്തില്‍ അവകാശ വാദം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഗൗരവമുള്ള വകുപ്പുകള്‍ ചുമത്താമായിരുന്നു. എന്നാല്‍ പുറത്തു വന്ന എഫ് ഐ ആറില്‍ നിസ്സാര വകുപ്പ് മാത്രമാണുള്ളത്.