- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മൂന്നാറില്‍ പടയപ്പയുടെ 'പടപ്പുറപ്പാട്'; തകര്‍ത്തെറിഞ്ഞത് 40 വാഹനങ്ങള്‍, റേഷന്‍ കടകളും സുരക്ഷിതമല്ല; മദപ്പാടില്‍ കൊലവിളിയുമായി കാട്ടുകൊമ്പന്‍; നെഞ്ചിടിപ്പോടെ ഹൈറേഞ്ച്! പിടികൊടുക്കാതെ 'സഞ്ചാരി കൊമ്പന്‍'

മൂന്നാര്‍: തോട്ടം മേഖലയില്‍ സമാധാനമായി ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ജനങ്ങളെ തള്ളിവിട്ട് കാട്ടുകൊമ്പന്‍ 'പടയപ്പ'യുടെ പരാക്രമം തുടരുന്നു. ശാന്തസ്വഭാവക്കാരനെന്ന് കരുതിയിരുന്ന പടയപ്പ ഇപ്പോള്‍ കലിപ്പിലാണ്. ഞായറാഴ്ച രാത്രി കടലാര്‍ ഫാക്ടറി ഡിവിഷനില്‍ വെച്ച് എം. കറുപ്പുസ്വാമിയുടെ ഓട്ടോറിക്ഷ തകര്‍ത്തെറിഞ്ഞതാണ് ഒടുവിലത്തെ സംഭവം. ഓട്ടോയ്ക്കുള്ളില്‍ കുടുങ്ങിപ്പോയ കറുപ്പുസ്വാമി മരണത്തിന്റെ വക്കില്‍ നിന്നാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
സുഹൃത്തിനെ വീട്ടിലിറക്കി മടങ്ങുകയായിരുന്നു കറുപ്പുസ്വാമി. പാതിരാത്രിയില്‍ റോഡിന് നടുവില്‍ പടയപ്പയെ കണ്ട് ഓട്ടോ നിര്‍ത്തിയെങ്കിലും കൊമ്പന്‍ വിട്ടില്ല. പാഞ്ഞടുത്ത പടയപ്പ ഓട്ടോയുടെ മുന്‍ഭാഗം അടിച്ചുതകര്‍ത്തു. ഓട്ടോയ്ക്കുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ നിലവിളിച്ച കറുപ്പുസ്വാമിയെ, തൊഴിലാളികള്‍ ഓടിയെത്തി ബഹളം വെച്ചാണ് ആനയുടെ പിടിയില്‍ നിന്ന് രക്ഷിച്ചത്. ശനിയാഴ്ച രാത്രി രാജമല എട്ടാംമൈലില്‍ വിനോദസഞ്ചാരികളുടെ കാറും ബസ്സും പടയപ്പ തകര്‍ത്തിരുന്നു. കഴിഞ്ഞ ഒരു മാസമായി മദപ്പാടിലുള്ള പടയപ്പ തികച്ചും അക്രമാസക്തനായാണ് പെരുമാറുന്നത്.
നേരത്തെ ജനവാസ മേഖലയില്‍ എത്തിയിരുന്നെങ്കിലും മനുഷ്യരെ ആക്രമിക്കാത്ത 'സൗമ്യന്‍' എന്നായിരുന്നു പടയപ്പയുടെ പേര്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഈ ചിത്രം മാറിമറിഞ്ഞു. കെഎസ്ആര്‍ടിസി ബസ്സുകള്‍ മുതല്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ വരെ പടയപ്പയുടെ കൊമ്പിനിരയായി. മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, രാജമല എന്നിവിടങ്ങളിലെ അറുപതോളം കടകള്‍ പടയപ്പ ഇതിനോടകം തകര്‍ത്തു. കടകളില്‍ സൂക്ഷിച്ചിരിക്കുന്ന ആഹാരസാധനങ്ങള്‍ കൈക്കലാക്കാനാണ് ഈ ആക്രമണം. റേഷന്‍ കടകള്‍ തകര്‍ത്ത് അരിച്ചാക്കുകള്‍ വലിച്ചുവാരിയിടുന്നത് പടയപ്പയുടെ പുതിയ ശീലമായി മാറിയിരിക്കുകയാണ്.
ഓരോ ദിവസവും മുപ്പത് മുതല്‍ അറുപത് കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന പടയപ്പയെ നിരീക്ഷിക്കാന്‍ വനംവകുപ്പിന്റെ രണ്ട് ആര്‍.ആര്‍.ടി സംഘങ്ങളുണ്ടെങ്കിലും പടയപ്പ അവരെയും കബളിപ്പിക്കുകയാണ്. വനത്തിനുള്ളിലൂടെ ദീര്‍ഘദൂരം സഞ്ചരിക്കുന്നതിനാല്‍ പലപ്പോഴും പടയപ്പ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ വനംവകുപ്പിന് കഴിയുന്നില്ല. മാട്ടുപ്പെട്ടിയില്‍ രാത്രി കാണുന്ന ആന പിറ്റേദിവസം 45 കിലോമീറ്റര്‍ അകലെയുള്ള തലയാറിലായിരിക്കും പ്രത്യക്ഷപ്പെടുക.
പടയപ്പയുടെ ആക്രമണം നിത്യസംഭവമായതോടെ ആനയെ ഉള്‍വനത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ പടയപ്പയെ നാടുകടത്തരുതെന്ന് ആവശ്യപ്പെട്ട് ആനപ്രേമികളും രംഗത്തുണ്ട്. ഏതു നിമിഷവും ആക്രമണം ഉണ്ടായേക്കാവുന്ന സാഹചര്യത്തില്‍ മൂന്നാര്‍-ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കാനാണ് വനംവകുപ്പിന്റെ നീക്കം.


