- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം ടി വാസുദേവന്‍ നായര്‍ക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍; ഹോക്കി താരം പി ആര്‍ ശ്രീജേഷിനും നടി ശോഭനക്കും നടന്‍ അജിത്തിനും ജോസ് ചാക്കോ പെരിയപുരത്തിനും പത്മഭൂഷന്‍; ഐഎം വിജയന്‍, കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും
എം ടി വാസുദേവന്‍ നായര്‍ക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷണന്‍
ന്യൂഡല്‍ഹി: മണ്‍മറഞ്ഞ മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് രാജ്യത്തിന്റെ ആദരം. മരണാനന്തര ബഹുമതിയായി എംടിക്ക് പത്മവിഭൂഷണ്‍ നല്‍കും. പത്മഭൂഷണ്‍ പുരസ്‌കാരവും ജ്ഞാനപീഠവും നല്‍കി രാജ്യം ആദരിച്ചിട്ടുള്ള എം.ടി കഴിഞ്ഞ ഡിസംബര്‍ 25നാണ് വിടവാങ്ങിയത്. മരണത്തിന് ശേഷമാണ് അദ്ദേഹത്തിന് രാജ്യം വീണ്ടും ആദരവൊരുക്കുന്നത്. പുരസ്‌ക്കാര നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് എംടിയുടെ കുടുംബം പ്രതികരിച്ചു.
ഇന്ത്യന്‍ ഹോക്കി താരം ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടന്‍ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷണും ലഭിച്ചു. മലയാളിയായ ഡോക്ടര്‍ ജോസ് ചാക്കോ പെരിയപുരത്തിനും പത്മഭൂഷണ്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐ എം വിജയന്‍, സംഗീതജ്ഞ കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും സമ്മാനിക്കും. 113 പേരാണ് പത്മ പുരസ്‌ക്കാര പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.
എം ടി വാസുദേവന്‍ നായരും മാരുതി സുസുകി മുന്‍ ചെയര്‍മാന്‍ ഒസാമു സുസുകിയും ഉള്‍പ്പെടെ 7പേര്‍ക്കാണ് പത്മവിഭൂഷണ്‍ നല്‍കിയത്. ധ്രുവുര്‍ നാഗേശ്വര്‍ റെഡ്ഡി (മെഡിസിന്‍, തെലങ്കാന), റിട്ട. ജസ്റ്റിസ് ജഗദീഷ് സിങ് ഖേഹര്‍ (പബ്ലിക് അഫയേഴ്‌സ്, ചണ്ഡിഗഢ്), കുമുദിനി രജനികാന്ത് ലാഖിയ (കല, ഗുജറാത്ത്, ലക്ഷ്മിനാരായാണ സുബ്രഹ്‌മണ്യന്‍ (കല, കര്‍ണാടക), ശാര്‍ദ സിന്‍ഹ (കല, ബിഹാര്‍) എന്നിവരാണ് പത്മവിഭൂഷണ്‍ പുരസ്‌കാരം നേടിയ മറ്റുള്ളവര്‍.
തമിഴ് സൂപ്പര്‍താരം അജിത് കുമാര്‍, തെലുങ്ക് നടന്‍ നന്ദമൂരി ബാലകൃഷ്ണ, ഗായകന്‍ പങ്കജ് ഉദാസ്, സംവിധായകന്‍ ശേഖര്‍ കപൂര്‍, ഗായകന്‍ അരിജിത് സിങ് എന്നിവരുള്‍പ്പെടെ 19 പേര്‍ക്കാണ് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന ആര്‍ അശ്വിന്‍ എന്നിവരുള്‍പ്പെടെ 113 പേര്‍ക്ക് പത്മശ്രീ പുരസ്‌കാരങ്ങളും നല്‍കി.
റിപ്പബ്ലിക് ദിനത്തലേന്നാണ് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികളായ പത്മ പുരസ്‌കാര ജേതാക്കളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ബ്രസീലില്‍ നിന്നുള്ള ഹിന്ദു ആത്മീയ നേതാവായ ജോനാസ് മസെത്തി, ഇന്ത്യയുടെ പൈതൃകത്തെക്കുറിച്ച് എഴുതിയതിന് പ്രശസ്തരായ ട്രാവല്‍ ബ്ലോഗര്‍ ദമ്പതികളായ ഹ്യൂ- കോളിന്‍ ഗാന്റ്‌സര്‍ എന്നിവര്‍ പത്മശ്രീ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, പാരാ അത്ലറ്റ് ഹര്‍വീന്ദര്‍ സിങ്ങ്, കുവൈത്തിലെ ആദ്യ യോഗ സ്റ്റുഡിയോ സ്ഥാപക ഷെയ്ഖ എ ജെ അല്‍ സബാഹാ, നടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്ര്യ സമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉള്‍പ്പെടെ 31 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്.
ഭക്തിഗായകന്‍ ഭേരു സിംഗ് ചൗഹാന്‍, പത്രപ്രവര്‍ത്തകന്‍ ഭീം സിംഗ് ഭാവേഷ്, നോവലിസ്റ്റ് ജഗദീഷ് ജോഷില, സെര്‍വിക്കല്‍ കാന്‍സര്‍ ചികിത്സാ രംഗത്തെ ഡോ. നീരജ ഭട്ല എന്നിവരും പത്മശ്രീ അവാര്‍ഡ് നേടിയവരില്‍ ഉള്‍പ്പെടുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതികളായ പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് പത്മ അവാര്‍ഡുകള്‍ നല്‍കുന്നത്. കല, സാമൂഹിക പ്രവര്‍ത്തനം, പൊതുകാര്യങ്ങള്‍, സയന്‍സ്, എഞ്ചിനീയറിംഗ്, വ്യാപാരം, വ്യവസായം, വൈദ്യം, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവില്‍ സര്‍വീസ് തുടങ്ങിയ വിവിധ മേഖലകളിലെ മികവിനാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.
അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ ട്രാവല്‍ ജേണലിസത്തിന് നല്‍കിയ ശ്രദ്ധേയമായ സംഭാവനകളെ അംഗീകരിച്ചുകൊണ്ട് 'OG ട്രാവല്‍ ബ്ലോഗര്‍മാരായ'' ഹ്യൂ, കോളിന്‍ ഗാന്റ്‌സര്‍ എന്നിവര്‍ക്ക് പത്മശ്രീ നല്‍കിയത്. ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളെയും പാരമ്പര്യേതര സ്ഥലങ്ങളെയും ഉയര്‍ത്തിക്കാട്ടുകയും ഇന്ത്യയുടെ സംസ്‌കാരം, ചരിത്രം, ഭൂപ്രകൃതി എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കുകയും ചെയ്ത ദമ്പതികള്‍ ഒരുമിച്ച് 30-ലധികം പുസ്തകങ്ങള്‍ രചിക്കുകയും 3000ത്തിലധികം ലേഖനങ്ങള്‍, കോളങ്ങള്‍, മാഗസിന്‍ ഫീച്ചറുകള്‍ എന്നിവ എഴുതുകയും ചെയ്തു.
ബ്രസീലില്‍ നിന്നുള്ള ഒരു മെക്കാനിക്കല്‍ എഞ്ചിനീയറും ഹിന്ദു ആത്മീയ നേതാവുമായ ജോനാസ് മസെത്തിയും ലോകമെമ്പാടും ഇന്ത്യന്‍ ആത്മീയത, തത്ത്വചിന്ത, സംസ്‌കാരം എന്നിവ പ്രോത്സാഹിപ്പിച്ചതിന് പത്മശ്രീ അവാര്‍ഡ് ജേതാക്കളുടെ പട്ടികയില്‍ ഇടം നേടി. നിരവധി വര്‍ഷങ്ങളായി, വേദാന്ത ജ്ഞാനത്തെക്കുറിച്ചുള്ള വിദ്യാഭ്യാസം ജനങ്ങള്‍ക്ക് പ്രാപ്യമാക്കുന്നതിനായി അദ്ദേഹം പ്രവര്‍ത്തിച്ചു.
പത്മശ്രീ ലഭിച്ചവരില്‍ ബിലാസ്പൂരില്‍ നിന്നുള്ള ആപ്പിള്‍ കര്‍ഷകനായ ഹരിമാന്‍ ശര്‍മയും ഉള്‍പ്പെടുന്നു. സമുദ്രനിരപ്പില്‍ നിന്ന് 1800 അടി ഉയരത്തില്‍ താഴ്ന്ന ഉയരത്തില്‍ വളരുന്ന 'HRMN 99'' എന്ന ആപ്പിള്‍ ഇനം വികസിപ്പിച്ചെടുത്തു. ഇത് ഇത്തരത്തിലുള്ള ആദ്യത്തെ കണ്ടുപിടുത്തമാണ്.
പാരാലിമ്പിക് ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായ ഹര്‍വീന്ദര്‍ സിങ്ങിനും പത്മശ്രീ അവാര്‍ഡ് ലഭിച്ചു. 2024 ലെ പാരീസ് പാരാലിമ്പിക്‌സില്‍ സ്വര്‍ണ്ണവും 2020 ലെ ടോക്കിയോ പാരാലിമ്പിക്‌സില്‍ വെങ്കലവും നേടി. സമൂഹത്തിലെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലൊന്നായ മുസഹര്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി കഴിഞ്ഞ 22 വര്‍ഷമായി തന്റെ ഫൗണ്ടേഷന്‍ 'നയീ ആശ'യിലൂടെ അക്ഷീണം പ്രവര്‍ത്തിച്ച ഭോജ്പൂരില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകനായ ഭീം സിംഗ് ഭാവേഷും പട്ടികയില്‍ ഇടംനേടി.