ശ്രീനഗര്‍: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണത്തിനാണ് ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹല്‍ഗാം സാക്ഷ്യം വഹിച്ചത്. വിനോദ സഞ്ചാരികളെ ലക്ഷ്യംവെച്ചാണ് ഭീകരര്‍ ആക്രമണം നടത്തിയത്. 29 പേരുടെ ജീവനാണ് ആക്രമണത്തില്‍ പൊലിഞ്ഞത്. മരിച്ചവരിലേറെയും പുരുഷന്മാരാണെന്നാണ് ലഭിക്കുന്ന വിവരം. കശ്മീര്‍ജനത സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് വീണ്ടും ഇടിത്തീപോലൊരു ആഘാതം ഉണ്ടാകുന്നത്. ഭീതിയുടെ നിഴല്‍ കശ്മീര്‍ ജനതയെ നിര്‍ത്തുക എന്നതാണ് ഭീകരര്‍ ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നത്. ടൂറിസം സജീവമാകുകയും വിനോദസഞ്ചാരികള്‍ ഒഴുകിയെത്തുകയും ചെയ്യുന്ന സമയത്താണ് ഇത്തരമൊരു ഞെട്ടിക്കുന്ന ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്.

സംഭവസ്ഥലത്ത് വിലപിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം പ്രചരിക്കുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദി റെസിസ്റ്റന്‍സ് ഫ്രണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ തിരയുന്ന ഭീകരന്‍ ഹാഫിസ് സയ്യിദിന്റെ അനുയായി സെയ്ഫുള്ള കസൂരിയാണ് പഹല്‍ഗാം ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കാരെ ശത്രുക്കളായി കാണുന്ന സംഘടനയാണ് ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്). ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇവര്‍ കഴിഞ്ഞ ദിവസം തന്നെ ഏറ്റെടുത്തിരുന്നു.

കശ്മീരികളല്ലാത്തവരെ ലക്ഷ്യം വെക്കുന്നതായാണ് ഭീകരര്‍ പ്രസ്താവനയില്‍ കൂടി വ്യക്തമാക്കുന്നത്. 'കശ്മീരില്‍ 85000-ത്തിലധികം താമസസ്ഥലങ്ങള്‍ കശ്മീരികളല്ലാത്തവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത് ഇന്ത്യന്‍ അധിനിവേശ ജമ്മുകശ്മീരില്‍ ജനസംഖ്യാപരമായ മാറ്റത്തിന് വഴിയൊരുക്കി. തദ്ദേശിയരല്ലാത്തവര്‍ താമസസ്ഥലം കൈയേറി ഭൂമിയുടെ ഉടമസ്ഥരാണെന്ന് നടിക്കുന്നു. ഇവര്‍ക്കെതിരേ അക്രമം അഴിച്ചുവിടും' എന്ന മുന്നറിയിപ്പും ന്യായീകരണവുമാണ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ ടിആര്‍എഫ് പറയുന്നത്.

ലഷ്‌കറെ ത്വയിബയുടെ നിഴല്‍രൂപമാണ് ടിആര്‍എഫ്. 2019-ലാണ് ടിആര്‍എഫ് രൂപീകരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയാണ് ടിആര്‍എഫ് രൂപംകൊള്ളുന്നത്. 2023-ലാണ് കേന്ദ്ര സര്‍ക്കാര്‍ ടിആര്‍എഫിനെ നിരോധിക്കുന്നത്. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കായി ഓണ്‍ലൈന്‍ വഴി യുവാക്കളെ റിക്രൂട്ട് ചെയ്യുക, ഭീകരവാദികളുടെ നുഴഞ്ഞുകയറ്റത്തിന് സൗകര്യമൊരുക്കുക, പാകിസ്ഥാനില്‍ നിന്ന് ജമ്മു കശ്മീരിലേക്ക് ആയുധങ്ങളും മയക്കുമരുന്നുകളും കടത്തുന്നതിനെ ഏകോപിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് കേന്ദ്രം സംഘടനയെ നിരോധിച്ചത്.

ജമ്മു കശ്മീരില്‍ സാധാരണക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ടിആര്‍എഫ് നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. രാജ്യം ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ സജ്ജാദ് ഗുല്‍ ആണ് ടിആര്‍എഫ് തലവന്‍. ലഷ്‌കറെ ത്വയിബ, ഹിസ്ബുള്‍ മുജാഹിദീന്‍ അടക്കമുള്ള ഭീകര സംഘടനകള്‍ക്കുവേണ്ടി പരിശീലനം നടത്തിയിട്ടുള്ള ആളുകള്‍ ടിആര്‍എഫിന്റെ ആളുകള്‍ക്കും വേണ്ടി പരിശീലനം നടത്തിയതായാണ് വിവരം. ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് രീതിയാണ് ടിആര്‍എഫ് സ്വീകരിച്ചിരുന്നത്.

ജമ്മു കാശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ കമാന്‍ഡര്‍ സെയ്ഫുള്ള കസൂരിയെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനിലിരുന്നാണ് ആക്രമണം നിയന്ത്രിച്ചതെന്നാണ് വിവരം. സ്ഥലത്ത് നിന്ന് നമ്പര്‍ പ്ലേറ്റില്ലാത്ത ഒരു ബൈക്ക് കണ്ടെത്തിയിരുന്നു. ഇത് ഭീകരരെത്തിയ വാഹനമെന്നാണ് റിപ്പോര്‍ട്ട്. ഇത് എവിടെ നിന്ന് ലഭിച്ചു എന്നതിലും അന്വേഷണം നടക്കുന്നുണ്ട്.

കാശ്മീരിലുള്ള രണ്ടുപേര്‍ ഉള്‍പ്പടെ ആറ് ഭീകരരാണ് ആക്രമണം നടത്തിയത്. 2017ല്‍ പരിശീലനത്തിനായി ഇവര്‍ പാകിസ്ഥാനിലേക്ക് കടന്ന് വിദേശ ഭീകരരുടെ അവസാന ബാച്ചിനൊപ്പം ചേര്‍ന്നുവെന്നാണ് വിലയിരുത്തല്‍. എന്‍ഐഎ സംഘം പഹല്‍ഗാമിലേക്ക് പോയിട്ടുണ്ട്. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ആറ് തീവ്രവാദികളില്‍ രണ്ടുപേര്‍ പ്രാദേശിക തീവ്രവാദികളാണ്. ഇവരെ സുരക്ഷാസേന തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബിജ് ബഹേര സ്വദേശി ആദില്‍ തോക്കര്‍, ത്രാല്‍ സ്വദേശി ആസിഫ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവര്‍ ലഷ്‌കര്‍-ഇ- ത്വയ്ബയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഭീകരരുടെ സംഘത്തില്‍ അഫ്ഗാന്‍ ഭാഷയായ പഷ്‌തോ സംസാരിക്കുന്നവരുമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു. ടിആര്‍എഫ് അംഗങ്ങള്‍ ജമ്മുവിലെ കിഷ്ത്വാറില്‍ നിന്ന് കടന്ന് ദക്ഷിണ കശ്മീരിലെ കൊക്കര്‍നാഗ് വഴി ബൈസരനില്‍ എത്തിയിരിക്കാനാണ് സാധ്യതയെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) 2023 ലെ വിജ്ഞാപനം അനുസരിച്ച്, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, 2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ എന്നീ നടപടികള്‍ക്ക് ശേഷമാണ് ഈ സംഘടന രൂപം കൊണ്ടത്. എല്‍ഇടി, തെഹ്രീക്-ഇ-മില്ലത്ത് ഇസ്ലാമിയ, ഗസ്നവി ഹിന്ദ് എന്നിവയുള്‍പ്പെടെ നിരവധി ഭീകര സംഘടനകളുടെ സംയോജനമായ ഇതിന്റെ നേതൃത്വത്തില്‍ സാജിദ് ജാട്ട്, സജ്ജാദ് ഗുല്‍, സലിം റഹ്‌മാനി എന്നിവരാണ് പ്രധാനികള്‍. ഇവരെല്ലാം ലഷ്‌കറുമായി ബന്ധമുള്ളവരാണ്.

ജമ്മു കശ്മീരിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കല്‍, നിരോധിത ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നതിനായി ആയുധ വിതരണം, തീവ്രവാദികളെ റിക്രൂട്ട് ചെയ്യുക, തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം, അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ആയുധങ്ങളും മയക്കുമരുന്നുകളും കടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇവരുടെ നേതൃത്വത്തില്‍ നടക്കുന്നത്. ടെലിഗ്രാം, വാട്ട്സ്ആപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക്, ടാംടാം, ചിര്‍പ്വയര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ മേഖലയില്‍ റാഡിക്കലൈസേഷനും റിക്രൂട്ട്മെന്റും നടത്തുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന് (എഫ്എടിഎഫ്) കീഴിലുള്ള പരിശോധന ഒഴിവാക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ച സമയത്താണ് ടിആര്‍എഫിനെ രൂപീകരിച്ചതെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പേര് വെളിപ്പെടുത്താതെ പറഞ്ഞു. അതുകൊണ്ടാണ് പൊതുവെ പാക് ഭീകരസംഘടനകള്‍ സ്വീകരിക്കുന്ന പേരില്‍ നിന്ന് വേറിട്ട പേര് തെരഞ്ഞെടുത്തത്. ലഷ്‌കറിനും ജെയ്ഷെ മുഹമ്മദിനും മതപരമായ അര്‍ത്ഥങ്ങളുണ്ടായിരുന്നു. കശ്മീര്‍ തീവ്രവാദത്തെ തദ്ദേശീയമായി കാണാനാണ് പാകിസ്ഥാന്‍ ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ ആഗോള രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്ന 'പ്രതിരോധം' എന്ന പേര് അവര്‍ തിരഞ്ഞെടുത്തുവെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2020-ല്‍ ഈ സംഘം ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തുടങ്ങി. ഇത് 1967-ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം 2023 ജനുവരിയില്‍ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ടിആര്‍എഫിനെയും അതിന്റെ എല്ലാ ഘടകങ്ങളെയും നിരോധിച്ചു.