- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ ഭര്‍ത്താവിനെ രക്ഷിക്കൂ, ദൈവത്തെയോര്‍ത്ത് അദ്ദേഹത്തെ രക്ഷിക്കൂ'; 'ആരെങ്കിലും അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കൂ, ദയവായി സഹായിക്കൂ'; 'ഞങ്ങള്‍ സ്‌നാക്ക് കഴിക്കുന്നതിടെ ഒരാള്‍ കടന്നുവന്ന് എന്റെ ഭര്‍ത്താവിന് നേരെ വെടിവച്ചു': ഭീകരാക്രമണം ഉണ്ടായ പഹല്‍ഗാമില്‍ എങ്ങും സ്ത്രീകളുടെ നിലവിളി; ചോരക്കളം, കരളലയിക്കുന്ന കാഴ്ചകള്‍
പഹല്‍ഗാമില്‍ എങ്ങും സ്ത്രീകളുടെ നിലവിളി
ശ്രീനഗര്‍: ഉച്ച വരെ എല്ലാം ശാന്തമായിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ തികച്ചും അപ്രതീക്ഷിതമായിരുന്നു ആക്രമണം. സൈനികരുടെ വേഷം ധരിച്ചെത്തിയ ഭീകരരര്‍ തുരുതുരാ നിറയൊഴിക്കുകയായിരുന്നു.24 അഞ്ചുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത തെക്കന്‍ കശ്മീരിലെ പഹല്‍ഗാമില്‍ ആകെ ഭീതിയുടെ അന്തീക്ഷമാണിപ്പോള്‍. മിനി സ്വിറ്റ്‌സര്‍ലണ്ട് എന്നറിയപ്പെടുന്ന ബെയ്‌സരണ്‍ താഴ് വരയിലാണ് തീവ്രവാദികള്‍ വിനോദ സഞ്ചാരികള്‍ക്ക് നേരേ വെടിയുതിര്‍ത്തത്.
സുരക്ഷാ സൈനികരും പൊലീസും സ്ഥലത്ത് എത്തുന്നതിന്റെയും നിരവധി ആളുകള്‍ പരിക്കേറ്റും അനക്കമില്ലാതെയും നിലത്തുകിടക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പല സ്ത്രീകളും ഉറ്റവരെ തിരയുന്നതും ഉറക്കെ കരയുന്നതും കാണാമായിരുന്നു.
' ദയവായി എന്റെ ഭര്‍ത്താവിനെ രക്ഷിക്കൂ,', സ്ത്രീയുടെ നെഞ്ചുലയ്ക്കുന്ന നിലവിളിയാണ് താഴ് വരയിലാകെ പ്രതിധ്വനിച്ചത്. നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റതിനാല്‍ മരണ സംഖ്യ ഉയരാനിടയുണ്ട്. പല സ്ത്രീകളും സഹായത്തിനായി അപേക്ഷിക്കുന്നത് കാണാമായിരുന്നു. ' ഞങ്ങള്‍ സ്‌നാക്ക് കഴിക്കുന്നതിടെ ഒരാള്‍ കടന്നുവന്ന് എന്റെ ഭര്‍ത്താവിന് നേരെ വെടിവക്കുകയായിരുന്നു', മുഖത്താകെ ചോരയുമായി നിസ്സഹായ ആയ സ്ത്രീ പറഞ്ഞു.
പരിക്കേറ്റ നിരവധി പേര്‍ നിലത്തുകിടക്കുന്നത് കാണാം. സംഭവത്തിന്റെ ഞെട്ടലില്‍ ആകെയുലഞ്ഞ ഒരു കുട്ടിയെ രക്ഷപ്പെട്ട വിനോദ സഞ്ചാരികളുടെ കൂട്ടത്തില്‍ കാണാം. 'ആരെങ്കിലും അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കൂ, ദയവായി സഹായിക്കൂ', ഷര്‍ട്ട് മുഴുവന്‍ രക്തത്തില്‍ കുതിര്‍ന്ന പരിക്കേറ്റ ഭര്‍ത്താവിന്റെ അടുത്തിരുന്ന് ഭാര്യ വിലപിച്ചു. ' എന്റെ ഭര്‍ത്താവിനെ രക്ഷിക്കൂ, ദൈവത്തെയോര്‍ത്ത് അദ്ദേഹത്തെ രക്ഷിക്കൂ' എന്നാണ് മറ്റൊരു സ്ത്രീ അലമുറയിട്ടത്.
' എന്റെ ഭര്‍ത്താവിന്റെ തലയ്ക്ക് വെടിയേറ്റു', മറ്റൊരു സ്ത്രീ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് ഫോണില്‍ പറഞ്ഞു. ട്രെക്കിങ്ങിനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവര്‍ താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപമാണ് വെടിവെപ്പുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയവരില്‍ മൂന്നു ഭീകരര്‍ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പരിക്കേറ്റവരില്‍ മൂന്നുപേര്‍ പ്രദേശവാസികളാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ചോപ്പര്‍ ഏര്‍പ്പെടുത്തി. പുല്‍മേടുകളില്‍ നിന്ന് പോണികളുടെ പുറത്ത് കയറ്റിയാണ് പരിക്കേറ്റവരെ നാട്ടുകാര്‍ പുറത്തെത്തിച്ചത്.
കാടുകളും, പുല്‍മേടുകളും, തെളിനീര്‍ തടാകങ്ങളും നിറഞ്ഞ മിനി സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നറിയപ്പെടുന്ന പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് പഹല്‍ഗാം. താഴ് വരയിലെ ടൂറിസ്റ്റ് സീസണ്‍ ഉച്ചസ്ഥായിയില്‍ നില്‍ക്കെയാണ് തീവ്രവാദി ആക്രമണം ഉണ്ടായിരിക്കുന്നത്. അമര്‍നാഥ് യാത്രയ്ക്കായുള്ള രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം. 38 ദിവസം നീളുന്ന തീര്‍ഥാടനം ജൂലൈ 3 നാണ് തുടങ്ങുന്നത്. രണ്ടുറൂട്ടുകളാണുള്ളത്. ഒന്ന് 48 കിലോമീറ്റര്‍ നീളുന്ന അനന്തനാഗ് ജില്ലയിലെ പഹല്‍ഗാം വഴിയും മറ്റൊന്ന് ഗന്ധര്‍ബാല്‍ ജില്ലയിലെ 14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബല്‍ട്ല്‍ റൂട്ടും.
ആക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. സന്ദര്‍ശകര്‍ക്ക് നേരേയുള്ള ആക്രമണം തീര്‍ത്തും നിന്ദ്യവും, മനുഷ്യത്വരഹിതവും, അപലപനീയവുമാണ്, മുഖ്യമന്ത്രി പറഞ്ഞു. സമീപവര്‍ഷങ്ങളില്‍ സാധാരണക്കാര്‍ക്ക് നേരേയുണ്ടായ ഭീകരാക്രമണങ്ങളേക്കാള്‍ വലിയതോതിലുള്ളതാണ് ഇന്നത്തെ ആക്രമണമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
ജമ്മു-കശ്മീരില്‍ നിന്ന് ഭീകരവാദത്തെ പൂര്‍ണമായി തുടച്ചുനീക്കണമെന്ന് അടുത്തിടെ സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നിര്‍ദ്ദേശിച്ചിരുന്നു. നുഴഞ്ഞുകയറ്റം തരിമ്പുപോലും വച്ചുപൊറുപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കശ്മീര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, സൗദി സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത്ഷായെ വിളിച്ച് സ്ഥിതഗതികള്‍ വിലയിരുത്തി. സ്ഥലം സന്ദര്‍ശിക്കാനും അദ്ദേഹം ഷായോട് ആവശ്യപ്പെട്ടു.
വിനോദ സഞ്ചാരികള്‍ക്ക് നേരേ ഈ വര്‍ഷം നടക്കുന്ന ആദ്യത്തെ ഭീകരാക്രമണമാണിത്. ഇതിനുമുമ്പ് കഴിഞ്ഞ വര്‍ഷം മെയിലാണ് ടൂറിസ്റ്റുകള്‍ക്ക് നേരേ ആക്രമണം ഉണ്ടായത്. അതും പഹല്‍ഗാമിലായിരുന്നു.