ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ മുപ്പതോളം പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണം നടന്നത് ഹമാസ് മോഡലില്‍. 2023 ഒക്ടോബര്‍ 7ന് അതിര്‍ത്തിക്കപ്പുറത്തുനിന്ന് ഇസ്രയേലില്‍ എത്തി, 1600 ഓളം പേരെ കൊല്ലുകയും, കൊള്ളയും കൊള്ളിവെപ്പും ബലാത്സംഗവും നടത്തുമ്പോള്‍ ഹമാസിന് കൃത്യമായ ഒരു രാഷ്ട്രീയ ലക്ഷ്യം കൂടിയുണ്ടായിരുന്നു. അത് ആ യഹൂദ രാഷ്ട്രത്തിന്റെ സമാധാനം തകര്‍ക്കുക എന്നതായിരുന്നു. സമാധാനത്തില്‍ നിന്ന് യുദ്ധത്തിലേക്ക് ഇസ്രയേലിനെ വലിച്ചിടുക എന്ന തന്ത്രവും അതിനുണ്ടായിരുന്നു. എബ്രഹാം കരാറുകളിലുടെ ഇസ്രായേല്‍, ഖത്തറും, സൗദിയുമടക്കമുള്ള രാജ്യങ്ങളോട്പോലും നല്ല ബന്ധം ഉണ്ടാക്കുകയും, ലബനനും ഈജിപ്തുമടക്കമുള്ള അയല്‍ക്കാരോട് കൂടുതല്‍ ഊഷ്മളമായ ബന്ധം ഉണ്ടാക്കുന്നതിനും ഇടയിലാണ്, ഒക്ടോബര്‍ 7 ആക്രമണം ഉണ്ടായത്. ഇതോടെ ഗസ്സയില്‍ വീണ്ടും യുദ്ധം തുടങ്ങി. അരലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ മാത്രമല്ല, പശ്ചിമേഷ്യയുടെ മൊത്തത്തില്‍ സമാധാനം തകര്‍ന്നു.

സമാനമായ തന്ത്രം തന്നെയാണ് പാക് കേന്ദ്രീകൃതമായ ലഷ്‌ക്കറെ ത്വയ്യിബയുടെ ബി ടീമായി അറിയപ്പെടുന്ന, ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) എന്ന സംഘടനയുടെയും. പാക്കിസ്ഥാന്‍ സാമ്പത്തികമായി തകരുമ്പോള്‍, ഇന്ത്യ അഭിവൃദ്ധിയിലേക്ക് കുതിക്കയാണ്. കാശ്മീരിലടക്കം സമാധാനം വന്നുകഴിഞ്ഞു. ഇന്ത്യയുടെ ശത്രുക്കള്‍ ആഗോളവ്യാപകമായി കൊല്ലപ്പെടുന്നു. പാക്കിസ്ഥാനില്‍ വെച്ചുപോലും ഇന്ത്യയുടെ ശത്രുക്കള്‍ 'അജ്ഞാതരാല്‍' കൊല്ലപ്പെടുന്നു. ഇങ്ങനെ വിജയിച്ചുനില്‍ക്കുന്ന ഇന്ത്യയുടെ കീര്‍ത്തികളയുകയും, കശ്മീരിനെ അസ്ഥിരമാക്കുകയുമാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

ലക്ഷ്യം കശ്മീര്‍ ടൂറിസം തകര്‍ക്കലും

370-ാം വകുപ്പ് എടുത്തുകഞ്ഞതുമായി ബന്ധപ്പെട്ട് വലിയ കലാപമാണ് പാക്ക് ഭീകരര്‍ ജമ്മു-കശ്മീരില്‍ പ്രതീക്ഷിച്ചത്. എന്നാല്‍ യാതൊന്നും ഉണ്ടായില്ല. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിലും അത്യാവശ്യം നല്ല പങ്കാളിത്തം വന്നു. ഇതോടെ ഭീകരതയെ കശ്മീരിന്റെ മണ്ണില്‍നിന്ന് തുടച്ചുനീക്കാന്‍ കഴിഞ്ഞുവെന്നാണ് പൊതുവേ കരുതിയത്. കശ്മീര്‍ ഏറ്റവും ശാന്തമായ കാലത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നത്. ഒരുകാലത്തൊക്കെ അവിടെനിന്നുള്ള തുടര്‍ച്ചയായ ആക്രമണങ്ങളുടെ വാര്‍ത്തയായിരുന്നു, നമ്മുടെ പത്രത്താളുകളില്‍ നിറഞ്ഞുനിന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് പ്രവാഹത്തിനാണ് കഴിഞ്ഞ കുറച്ച് നാളുകളായി കശ്മീര്‍ സാക്ഷ്യം വഹിക്കുന്നത്. 2024 മെയിലെ കണക്ക് അനുസരിച്ച്, നാല് മാസത്തിനിടയില്‍ മാത്രം പത്ത് ലക്ഷം സഞ്ചാരികളാണ് ഭൂമിയിലെ സ്വര്‍ഗം എന്ന് അറിയപ്പെടുന്ന ഈ നാട് കാണാനെത്തിയത്.

മുന്‍പത്തെ നാല്മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ മാത്രം 61 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കശ്മീര്‍ ടൂറിസം ഡയറക്ടര്‍ രാജാ യക്കൂബ് വ്യക്തമാക്കിയിരുന്നു. കശ്മീര്‍ ടൂറിസം മേഖലയിലേക്ക് കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങള്‍ എത്തിക്കാനും ശ്രമം തുടങ്ങിയിരുന്നു. ഇതിനായി രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമുള്ള നിക്ഷേപകരുടെ സംഗമങ്ങള്‍ നടത്താനും, വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാനായി വിദേശ രാജ്യങ്ങളുടെ ഇന്ത്യന്‍ അംബാസിഡര്‍മാരെ പങ്കെടുപ്പിക്കുന്ന പരിപാടികളും നടത്താനും തീരുമാനമായിരുന്നു. ഗുല്‍മാര്‍ഗ് ഗൊണ്ടോല മാതൃകയില്‍ കൂടുതല്‍ കേബിള്‍ കാര്‍ പദ്ധതികള്‍ ആരംഭിക്കുമെന്നും ഇതിനായുള്ള ഭൂമിയേറ്റടുക്കലുകള്‍ ഉള്‍പ്പടെയുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും രാജാ യക്കൂബ് കൂട്ടിച്ചേര്‍ത്തിരുന്നു.

ഇങ്ങനെ ടൂറിസം രംഗത്ത് കശ്മീര്‍ ഒരു കുതിച്ച്ചാട്ടത്തിന് ഒരുങ്ങുമ്പോഴാണ് ഭീകരാക്രമണം ഉണ്ടാവുന്നത്. ടൂറിസ്റ്റുകളെയാണ് ഭീകരര്‍ ലക്ഷ്യമിട്ടതും. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ കര്‍ണാടകയിലെ ശിവമോഗ സ്വദേശിയായ മഞ്ജുനാഥ് കൊല്ലപ്പെട്ടത് നാടിന്റെ തന്നെ നൊമ്പരമായിരുന്നു. ആക്രമണത്തിന്റെ ഭീകര നിമിഷങ്ങളില്‍ നിന്നും മുക്തയായിട്ടില്ല മഞ്ജുനാഥിന്റെ ഭാര്യ പല്ലവി. മകന്റെയും തന്റെയും കണ്‍മുന്നില്‍വച്ചാണ് മഞ്ജുനാഥിനെ അക്രമികള്‍ കൊലപ്പെടുത്തിയതെന്ന് പല്ലവിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അക്രമികള്‍ ഹിന്ദുക്കളെ ലക്ഷ്യമിടുന്നതായി തോന്നിയതായി പല്ലവി പറഞ്ഞു. 'മൂന്നു നാലു പേര്‍ ഞങ്ങളെ ആക്രമിച്ചു. എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നില്ലേ, എന്നെയും കൊല്ലൂ എന്ന് അവരോട് ഞാന്‍ പറഞ്ഞു. നിന്നെ കൊല്ലില്ല, പോയി മോദിയോട് പറയൂ എന്നാണ് അവരില്‍ ഒരാള്‍ മറുപടി നല്‍കിയത്. ഇതൊരു ദുഃസ്വപ്നം പോലെയാണ് ഇപ്പോഴും തോന്നുന്നത്. പ്രദേശവാസികളായ മൂന്നുപേരാണ് തങ്ങളെ രക്ഷിച്ചത്.' പല്ലവി പറഞ്ഞു.

ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് നിരവധി വിനോദ സഞ്ചാരികള്‍ കുടുങ്ങിയിട്ടുണ്ട്. ഭീകരാക്രമണത്തില്‍ 20 ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

370 റദ്ദാക്കായതിനെ തുടര്‍ന്ന് രൂപപ്പെട്ട സംഘടന

ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകര സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) എറ്റടുത്തിട്ടുണ്ട്. ലഷ്‌ക്കറെ ത്വയ്യിബ അനുകൂല സംഘടനയാണ് ഇത്. ലഷ്‌ക്കറിനെതിരെ ആഗോള അടിസ്ഥാനത്തില്‍ നടപടിയുണ്ടായപ്പോള്‍ തട്ടിക്കൂട്ടിയ സമാന്തര സംഘടനയാണ്, ടിആര്‍എഫ് എന്നും ആരോപണമുണ്ട്. 2023 ജനുവരിയില്‍ ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയം ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഈ സംഘടനക്കു പിന്നിലും പാക്ക് ചാര സംഘടനയായ ഐഎസ്ഐ ആണെന്ന് ആരോപമുണ്ട്.

2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ചെയ്തതിന് ശേഷമാണ് ടിആര്‍എഫ് രൂപീകൃതമായതെന്ന് സൗത്ത് ഏഷ്യ ടെററിസം പോര്‍ട്ടലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍ഇടിയുമായി ബന്ധമുള്ള സാജിദ് ജാട്ട്, സജ്ജാദ് ഗുല്‍, സലിം റഹ്‌മാനി എന്നിവരാണ് ടിആര്‍എഫിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്നത്. കറാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച ടിആര്‍എഫിന് ടെലിഗ്രാം, വാട്‌സാപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക്, ടാംടാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളില്‍ ശക്തമായ സാന്നിധ്യമുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇവര്‍ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും റിക്രൂട്ട്മെന്റ് ഉള്‍പ്പെടെ നടത്തുകയുമാണ് ചെയ്യുന്നത്.

കുപ്വാരയില്‍ ഭീകരബന്ധമുള്ള ചിലരെ ജമ്മു കശ്മീര്‍ പോലീസ് പിടികൂടിയപ്പോഴാണ് ഈ പുതിയ സംഘടനയുടെ ഉദയത്തെക്കുറിച്ചുള്ള ആദ്യസൂചന ലഭിച്ചത്. നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരര്‍ ഉപേക്ഷിച്ച ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ശേഖരവും പോലീസ് കണ്ടെത്തിയിരുന്നു. 2020 മുതലാണ് ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഈ ഗ്രൂപ്പ് ഏറ്റെടുക്കാന്‍ തുടങ്ങിയത്. വിവിധ തീവ്രവാദ ഗ്രൂപ്പുകള്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നെങ്കിലും, ടിആര്‍എഫ് മാത്രമായിരുന്നു അവയുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്. 2024 ഒക്ടോബര്‍ 20-ന് നടന്ന ഗന്തര്‍ബലിലെ സോനാമാര്‍ഗ് ടണല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വവും ടിആര്‍എഫ് ഏറ്റെടുത്തിരുന്നു.

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ടിആര്‍എഫ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ഭീകരവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രചാരണം നടത്തുകയും ചെയ്തതായി ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ഭീകരരുടെ നുഴഞ്ഞുകയറ്റം, പാകിസ്ഥാനില്‍ നിന്ന് ജമ്മു കശ്മീരിലേക്ക് ആയുധങ്ങളും മയക്കുമരുന്നുകളും കടത്തുക എന്നിവയിലും ടിആര്‍എഫിന് ബന്ധമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അന്ന് വ്യക്തമാക്കിയിരുന്നു.

ആളുകളുടെ പേര് ചോദിച്ച് കൃത്യമായി മതം മനസ്സിലാക്കിയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. കൃത്യമായ ഹമാസ് മോഡല്‍ ജിഹാദ് ആക്രമണമാണ് നടന്നത്. ഇതിനെ ഇന്ത്യ എങ്ങനെ പ്രതിരോധിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഹമാസ് ഗസ്സ നിവാസികളുടെ തീരാശാപമാണ് എന്ന് പറയുന്നതുപോലെ, പാക്കിസ്ഥാനും ഭീകരരും കശ്മീരികളുടെയും തീരാശാപമായി മാറിക്കഴിഞ്ഞു. ഒരുരീതിയിലും ഒരു നാടിനെയും ജനതയെയും രക്ഷപ്പെടാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്ന് അവര്‍ പറയാതെ പറയുകയാണ്. ഒരു വിധത്തില്‍ പട്ടാള ബൂട്ടുകള്‍ക്കിടയില്‍നിന്ന് രക്ഷപ്പെട്ടുവരുന്ന, സ്വതന്ത്ര്യത്തിന്റെയും സന്തോഷത്തിന്റെയും വെളിച്ചം വരുന്ന കശ്മീരിനെ ഇരുട്ടിലേക്ക് കൊണ്ടുപോകാനാണ് അവുടെ നീക്കം