ജമ്മു: ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖയില്‍ (എല്‍.ഒ.സി.) ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരേ ബുധനാഴ്ച പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പ്രകോപനമില്ലാതെ വെടിയുതിര്‍ത്തതായി സുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യന്‍സൈന്യം ശക്തമായി തിരിച്ചടിച്ചെന്നും പാകിസ്താന്‍ സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടായാതായും അദ്ദേഹം പറഞ്ഞു.

ജമ്മു ജില്ലയിലെ അഖ്‌നൂര്‍ സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരര്‍ നടത്തിയ സ്ഫോടനത്തില്‍ ഒരു ക്യാപ്റ്റന്‍ ഉള്‍പ്പെടെ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കൃഷ്ണഘാട്ടി സെക്ടറില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. 2021 ഫെബ്രുവരി 25-ന് ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കിയതിനുശേഷം നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ ലംഘനം വളരെ ൂര്‍വമാണ്.

കഴിഞ്ഞ ദിവസം സംശയാസ്പദമായി സാഹചര്യത്തില്‍ ഒരു പാകിസ്താന്‍ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം കണ്ടെത്തിയിരുന്നു. ബോര്‍ഡര്‍ ആക്ഷന്‍ ടീം എന്ന വിഭാഗമാണ് ഇടക്കിടെ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ചിരുന്നത്. പാക്ക് സൈന്യത്തിന്റെ സ്‌പെഷല്‍ ഫോഴ്‌സ് കമാന്‍ഡോകളും അതിര്‍ത്തിയിലെ പൗരന്മാരും ചേര്‍ന്നുള്ള അട്ടിമറിസംഘമാണണ് ബാറ്റ് ടീം. അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ തകര്‍ക്കുക, നുഴഞ്ഞുകയറ്റക്കാരെ കടത്തിവിടുക തുടങ്ങിയവയാണ് ഇവരുടെ ലക്ഷ്യം. വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഈ ടീം കാര്യമായി പ്രകോപനം ഉണ്ടാക്കിയിരുന്നില്ല.

അതിനിടെ അതിര്‍ത്തിയിലെ സേനയെ ശക്തിപ്പെടുത്തിയും നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചും പാകിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് ഒരു നുഴഞ്ഞുകയറ്റ ശ്രമങ്ങളും ഇല്ലെന്ന്ഉറപ്പാക്കാന്‍ ബിഎസ്എഫിന് ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അമിത്ഷാ നിര്‍ദേശം നല്‍കിയിരുന്നു. ദേശീയ തലസ്ഥാനത്ത് നടന്ന ഉന്നതതല ജമ്മു കശ്മീര്‍ സുരക്ഷാ അവലോകന യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

3323 കിലോമീറ്റര്‍ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി കാക്കാന്‍ നിയോഗിക്കപ്പെട്ട അതിര്‍ത്തി കാവല്‍ സേനയായ ബിഎസ്എഫിനോട് ശക്തമായ ജാഗ്രത പാലിക്കാനും അതിര്‍ത്തിയിലെ സൈനികരെ ശക്തിപ്പെടുത്താനും നുഴഞ്ഞുകയറ്റ ഭീഷണി തടയാന്‍ നിരീക്ഷണത്തിനും അതിര്‍ത്തി കാവലിനും നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ജമ്മു കശ്മീര്‍ മേഖലയിലെ ഭീകരത ഇല്ലാതാക്കുന്നതിന് എല്ലാ സുരക്ഷാ ഏജന്‍സികളും ജാഗ്രത പാലിക്കാനും സംയുക്തമായി പ്രവര്‍ത്തിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.

കൂടാതെ കേന്ദ്രഭരണ പ്രദേശത്ത് 'സീറോ ടെറര്‍' പദ്ധതിക്കായി ശക്തമായ നടപടികള്‍ സ്വീകരിക്കാനും മന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ 'ഭീകര രഹിത ജമ്മു കശ്മീര്‍' എന്ന ലക്ഷ്യം കൈവരിക്കുന്നതിന് അര്‍ദ്ധസൈനിക വിഭാഗത്തിന്റെ പങ്ക് ഷാ ഊന്നിപ്പറഞ്ഞു. ഇന്ത്യന്‍ സൈന്യവുമായും ജമ്മു കശ്മീര്‍ പോലീസുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സിആര്‍പിഎഫിന് ആഭ്യന്തര മന്ത്രി നിര്‍ദ്ദേശം നല്‍കി.

സിആര്‍പിഎഫിന്റെ ശൈത്യകാല പ്രവര്‍ത്തന പദ്ധതി അദ്ദേഹം അവലോകനം ചെയ്യുകയും ജമ്മു മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ജമ്മു കശ്മീര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റലിജന്‍സ് സംവിധാനത്തെയും ആഭ്യന്തര മന്ത്രി അവലോകനം ചെയ്തു.