- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മൂന്നു പതിറ്റാണ്ടുകളായി യുഎസിനും ബ്രിട്ടന്‍ ഉള്‍പ്പെടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും വേണ്ടി ഈ വൃത്തികെട്ട ജോലി ചെയ്യുന്നു; അതൊരു തെറ്റായിരുന്നു, അതിന് ഞങ്ങള്‍ അനുഭവിച്ചു'; ഇസ്ലാമിക ഭീകരരെ പിന്തുണയ്ക്കുന്നുവെന്ന് തുറന്ന് സമ്മതിച്ച് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്; ഇന്ത്യയുടെ വാദങ്ങള്‍ ശരിവച്ച് കുറ്റസമ്മതം
ഇസ്ലാമിക ഭീകരരെ പിന്തുണയ്ക്കുന്നുവെന്ന് തുറന്ന് സമ്മതിച്ച് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്
ഇസ്ലാമാബാദ്: ഇസ്ലാമിക ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ പതിറ്റാണ്ടുകളായി നല്‍കിവരുന്ന പിന്തുണ തുറന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. മൂന്ന് പതിറ്റാണ്ടായി ഭീകരസംഘടനകള്‍ക്ക് ധനസഹായവും പിന്തുണയും നല്‍കുന്നുണ്ടെന്ന് ഖ്വാജ ആസിഫ് പറഞ്ഞു. ഇന്ത്യ പൊതുവേദിയില്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ശരിവച്ചാണ് ഖ്വാജ ആസിഫിന്റെ ഏറ്റുപറച്ചില്‍. പഹല്‍ഗാം ഭീകരാക്രണത്തിന് പിന്നാലെ ബ്രിട്ടീഷ് ചാനലായ സ്‌കൈ ന്യൂസിന് നല്‍കി അഭിമുഖത്തിനിടെയാണ് ഖ്വാജ ആസിഫിന്റെ കുറ്റസമ്മതം.
പാക്കിസ്ഥാന്റേത് കുറ്റമറ്റ ട്രാക്ക് റെക്കോര്‍ഡല്ലെന്നും യുഎസ്, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു വേണ്ടി തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണച്ചിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു. ''ഏകദേശം മൂന്നു പതിറ്റാണ്ടുകളായി ഞങ്ങള്‍ യുഎസിനു വേണ്ടിയും ബ്രിട്ടന്‍ ഉള്‍പ്പെടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു വേണ്ടിയും ഈ വൃത്തികെട്ട ജോലി ചെയ്തുവരുന്നു. അതൊരു തെറ്റായിരുന്നു, അതിന് ഞങ്ങള്‍ അനുഭവിച്ചു.'' ഖ്വാജ ആസിഫ് പറഞ്ഞു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പാകിസ്ഥാനാണ് പരോക്ഷമായി ഉത്തരവാദിയെന്ന് ഇന്ത്യ ആരോപിച്ച സാഹചര്യത്തിലാണ്, ഇന്ത്യയുടെ ദീര്‍ഘകാല നിലപാടിനെ ന്യായീകരിക്കുന്ന ഈ പരാമര്‍ശം.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി തീവ്രവാദികളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് സമ്മതിച്ച പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി അതിന്റെ ഉത്തരവാദിത്തം യു എസ്, ബ്രിട്ടന്‍ ഉള്‍പ്പെടെ രാജ്യങ്ങളുടെമേല്‍ കെട്ടിവയ്ക്കാനും ശ്രമിച്ചു. 'മൂന്ന് പതിറ്റാണ്ടുകളായി യുഎസിനും ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്കും വേണ്ടി ഞങ്ങള്‍ ഈ വൃത്തികെട്ട ജോലി ചെയ്തുവരികയാണ്' ഭീകര സംഘടനകളെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ ദീര്‍ഘകാല ചരിത്രത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തക യാല്‍ഡ ഹക്കിം ചോദിച്ചപ്പോള്‍ ഖ്വാജ ആസിഫ് പറഞ്ഞു.
എന്നിരുന്നാലും, അതൊരു തെറ്റായിരുന്നു എന്നും പാകിസ്ഥാന്‍ അതിന് ഇരയായി എന്നും അദ്ദേഹം പെട്ടെന്ന് ചൂണ്ടിക്കാട്ടി. 'സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിലും പിന്നീട് 9/11 ആക്രമണത്തിനുശേഷവും പാക്കിസ്ഥാന്‍ ഉറച്ച നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ പാകിസ്ഥാന് കുറ്റമറ്റ ഒരു ട്രാക്ക് റെക്കോര്‍ഡ് ഉണ്ടാകുമായിരുന്നു,' മന്ത്രി പറഞ്ഞു.
സോവിയറ്റ് യൂണിയനെതിരായ ശീതയുദ്ധകാലത്ത് പാകിസ്ഥാന്‍ യുഎസിനെ പിന്തുണച്ചു, 2001 സെപ്റ്റംബര്‍ 11 ന് ന്യൂയോര്‍ക്കില്‍ അല്‍-ഖ്വയ്ദ നടത്തിയ ഭീകരാക്രമണത്തിനുശേഷം അഫ്ഗാനിസ്ഥാനിലെ അധിനിവേശത്തെയും പിന്തുണച്ചു. അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് യൂണിയനെതിരെ പോരാടാന്‍ യുഎസ് തീവ്രവാദികളെ പ്രതിനിധികളായി ഉപയോഗിച്ചുവെന്ന് പോലും ആസിഫ് വെളിപ്പെടുത്തി.
ഭീകരസംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നെന്ന പേരില്‍ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നതിന് യുഎസിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ''ഇക്കാര്യത്തില്‍ എന്ത് സംഭവിച്ചാലും പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നത് വന്‍ ശക്തികള്‍ക്ക് വളരെ സൗകര്യപ്രദമാണ്. എണ്‍പതുകളില്‍ സോവിയറ്റ് യൂണിയനെതിരെ ഞങ്ങള്‍ അവരുടെ പക്ഷത്തുനിന്നു യുദ്ധം ചെയ്തപ്പോള്‍, ഇന്നു തീവ്രവാദികളായി മുദ്രകുത്തപ്പെട്ടവരെല്ലാം വാഷിങ്ടനില്‍ ഒത്തുകൂടി ഭക്ഷണം കഴിച്ചിരുന്നു. പിന്നീട് മുംബൈ ഭീകരാക്രമണം. വീണ്ടും അതേ സാഹചര്യം ആവര്‍ത്തിച്ചു. ഞങ്ങളുടെ സര്‍ക്കാര്‍ ഒരു തെറ്റ് ചെയ്‌തെന്ന് ഞാന്‍ കരുതുന്നു.'' ഖ്വാജ പറഞ്ഞു. താലിബാന്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളെ യുഎസ് അവരുടെ ആവശ്യത്തിനായി ഉപയോഗിച്ചെന്നും ആസിഫ് പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര യുദ്ധം മുറുകുന്നതിനിടെയാണ് ആസിഫിന്റെ പരാമര്‍ശം. അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ പിന്തുണ നല്‍കുകയും ധനസഹായം നല്‍കുകയും ചെയ്യുന്നെന്ന് ഇന്ത്യ വളരെക്കാലമായി ആരോപിച്ചുവരികയാണ്. ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.
പഹല്‍ഗാം ഭീകരാക്രമണത്തില പങ്ക് പുറത്തുവന്നതിനെ തുടര്‍ന്ന് പാകിസ്താന്‍ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ഒറ്റപ്പെടുകയാണ്. പാക് വിദേശകാര്യമന്ത്രിയുടെ പ്രതികരണം ഇന്ത്യയുടെ വാദത്തിന് കൂടുതല്‍ ശക്തിപകരുകയാണ്.
കഴിഞ്ഞ ദിവസം ഇന്ത്യ വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ വിദേശകാര്യമന്ത്രാലയത്തിലേക്ക് വിളിച്ച് വരുത്തിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിലെ പാകിസ്താന്റെ പങ്ക് പ്രതിനിധികളെ ഇന്ത്യ അറിയിച്ചു. ജര്‍മനി, ജപ്പാന്‍, പോളണ്ട്, യുകെ, റഷ്യ, ചൈന അംബാസിഡര്‍മാരുമായാണ് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ചര്‍ച്ച നടത്തിയത്.
പാകിസ്താനെതിരെ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളില്‍ അന്താരാഷ്ട്ര പിന്തുണ ഉറപ്പാക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. അന്താരാഷ്ട്ര എജന്‍സികളുടെ സഹായത്താല്‍ മാത്രം മുന്നോട്ട് പോകുന്ന രാജ്യമാണ് പാകിസ്താന്‍. പാകിസ്താനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.