ന്യൂഡല്‍ഹി: ജമ്മുവിലും പത്താന്‍കോട്ടും തുടര്‍ച്ചയായി രണ്ടാമത്തെ രാത്രിയിലും ഡ്രോണ്‍ അയച്ച് പ്രകോപനവുമായി പാക്കിസ്ഥാന്‍. അപായ സൈറണ്‍ മുഴങ്ങി. ഇന്ത്യാ - പാകിസ്ഥാന്‍ സംഘര്‍ഷം ശക്തമായിരിക്കെയാണ് സൈറണ്‍ മുഴങ്ങിയത്. 15 മിനിറ്റിനിടെ പല തവണയായി പാകിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ ആക്രമണമുണ്ടായി. ജമ്മു നഗരത്തിന് നേരെയാണ് ആക്രമിക്കാന്‍ ശ്രമമുണ്ടായി. ആകാശത്ത് വച്ച് തന്നെ ഇന്ത്യ പാക് ഡ്രോണുകളെ നിര്‍വീര്യമാക്കി.

ഇന്നലെ രാത്രി 400 ഓളം ഡ്രോണ്‍ ആക്രമണമാണ് പാകിസ്ഥാന്‍ നടത്തിയത്. ഒന്നിലും ആയുധങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന ഡ്രോണുകളില്‍ ആയുധങ്ങളുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പാക് പ്രകോപനത്തെ ഇതുവരെ ഇന്ത്യ ഫലപ്രദമായി നേരിടുന്നുണ്ട്. 15 മിനിറ്റിനിടെ 12 ഡ്രോണുകളാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് വന്നത്. ഇന്നലെ രാത്രി ആക്രമണം ആരംഭിച്ച അതേ സമയത്താണ് ഇന്നും പ്രകോപനം. എന്നാല്‍ എല്ലാ ആക്രമണ ശ്രമത്തേയും ഇന്ത്യ നിലവില്‍ ശക്തമായി നേരിടുകയാണ്. നിലവില്‍ പാകിസ്ഥാന്റെ എല്ലാ ഡ്രോണുകളും ഇന്ത്യ തകര്‍ത്തു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജമ്മു കശ്മീരിലും രാജസ്ഥാനിലെ ജയ്സാല്‍മീരിലും സുരക്ഷാ ജാഗ്രതയുടെ ഭാഗമായി സമ്പൂര്‍ണ 'ബ്ലാക്കൗട്ട്' നടപ്പാക്കുകയാണ്. പൊതുജനങ്ങളുടെ ഉള്‍പ്പടെ സുരക്ഷ മുന്‍നിര്‍ത്തി വൈദ്യുതിബന്ധം ജയ്സാല്‍മീരില്‍ പൂര്‍ണമായും വിച്ഛേദിച്ചിരിക്കുകയാണ് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പുറമെ കര്‍ഫ്യൂവും ജയ്സാല്‍മീരില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പാക് ആക്രമണ ശ്രമം ഇന്ത്യന്‍ സേന വിജയകരമായി ജയ്സാല്‍മീരില്‍ പ്രതിരോധിച്ചിരുന്നു.

ഇന്നലെ പാക്കിസ്ഥാന്‍ ഡ്രോണ്‍- മിസൈല്‍ ആക്രമണത്തിന് ലക്ഷ്യമിട്ട സ്ഥലങ്ങളിലൊന്നാണ് രാജസ്ഥാനിലെ അതിര്‍ത്തി ജില്ലകളിലൊന്നായ ജയ്‌സാല്‍മീര്‍. പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണ ശ്രമത്തിന് ശേഷം ഇന്ന് രാവിലെ ജയ്സാല്‍മീരില്‍ നിന്ന് ബോംബ് എന്ന് തോന്നിക്കുന്ന ഒരു വസ്തു കണ്ടെടുത്തിരുന്നു. ജയ്സാല്‍മീരിലെ കൃഷ്ണഘട്ട് മേഖലയില്‍ നിന്നാണ് ഈ ദുരൂഹ വസ്തു കണ്ടെത്തിയത് എന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശവാസികളാണ് ആദ്യം ഈ വസ്തു കണ്ടത്. ഇവര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വ്യോമസേനാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പ്രദേശത്ത് പരിശോധന നടത്തി. ഈ വസ്തുവിന്റെ ഫോറന്‍സിക് പരിശോധന അടക്കമുള്ള സൂക്ഷ്മ പരിശോധനകള്‍ നടക്കും.

ജയ്‌സാല്‍മീരില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ചന്തകളെല്ലാം അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. വൈകീട്ട് 6 മുതല്‍ നാളെ രാവിലെ 6 മണി വരെയാണ് സ്ഥലത്ത് ബ്ലാക്കൗട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ലൈറ്റുകളും ഓഫായിരിക്കണമെന്നാണ് നിര്‍ദേശം. ഈസമയം വാഹനങ്ങളിലുള്ള യാത്ര കര്‍ശനമായി വിലക്കിയിട്ടുണ്ട്. സൈനിക കേന്ദ്രങ്ങള്‍ക്ക് 5 കി.മീ. ചുറ്റളവിലാണ് കര്‍ശന നിയന്ത്രണങ്ങള്‍. അനുമതി കൂടാതെ മേഖലയിലേക്ക് പ്രവേശിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവും. സുരക്ഷാ ജാഗ്രത വര്‍ധിപ്പിച്ചതിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ ഇന്ന് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രാജസ്ഥാനില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കിയിട്ടുണ്ട്.

അതേ സമയം ഉറി മേഖലയിലെ ഹാജിപൂര്‍ സെക്ടറില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് അതിരൂക്ഷ ഷെല്ലിങ് നടന്നു. ഗ്രാമീണ മേഖലകള്‍ ലക്ഷ്യമിട്ട് പരമാവധി ആള്‍നാശമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാകിസ്ഥാന്‍ ആക്രമണം നടത്തുന്നത്. മേഖലയില്‍ മലമുകളിലാണെന്ന ആനുകൂല്യമാണ് പാകിസ്ഥാനുള്ളത്. എന്നാല്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനെ ശക്തമായി തിരിച്ചടിക്കുന്നതായാണ് വിവരം.

ഇന്ത്യ പാക് സംഘര്‍ഷം മൂര്‍ച്ഛിക്കുമ്പോള്‍ രാജ്യം കനത്ത ജാഗ്രതയിലാണ് മുന്നോട്ട് പോകുന്നത്. ഇന്ത്യയിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളടക്കം ലക്ഷ്യമിട്ട് ഇന്നലെ രാത്രി പാക്കിസ്ഥാന്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഇന്നും വിവിധ സംസ്ഥാനങ്ങളില്‍ ജാഗ്രത കടുപ്പിച്ചത്. ജമ്മു കാശ്മീര്‍ കൂടാതെ ഡ്രോണ്‍ ആക്രമണമുണ്ടായ പഞ്ചാബിലും രാജസ്ഥാനിലും അതിര്‍ത്തി ജില്ലകളില്‍ നിയന്ത്രണമുണ്ട്.

ഡല്‍ഹിയിലും ഹരിയാനയിലും ചണ്ഡീഗഡിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്നലെ പാക്കിസ്ഥാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായ ജയ്‌സാല്‍മീറിലും, പഞ്ചാബിലെ അമൃത്സര്‍, ഗുരുദാസ്പൂര്‍ അടക്കമുള്ള അതിര്‍ത്തി ജില്ലകളിലും ഇന്ന് രാത്രിയും ബ്ലാക്ക് ഔട്ട് തുടരുകയാണ്.

ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണം, അനാവശ്യ യാത്രകള്‍ വിലക്കി, പ്രധാനപ്പെട്ട റോഡുകളടക്കം അടച്ച് രാത്രി ഗതാഗതം നിയന്ത്രിക്കുമെന്നും മുന്നറിയിപ്പുണ്ട്. സൈനിക കേന്ദ്രങ്ങളടക്കം സ്ഥിതി ചെയ്യുന്ന ചണ്ഡീഗഡ്, പഞ്ച്കുല, അംബാല എന്നിവിടങ്ങളിലും കടുത്ത നിയന്ത്രണങ്ങളുണ്ട്. സൈനിക കേന്ദ്രങ്ങളുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ അനാവശ്യമായി പ്രവേശിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ചണ്ഡീഗഡിലും ഫരീദ്‌കോട്ടിലും പടക്കം പൊട്ടിക്കുന്നത് രണ്ട് മാസത്തേക്ക് വിലക്കി. ജനങ്ങള്‍ പരിഭ്രാന്തരാകുന്നത് തടയാനാണിത്.