ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയതോടെ ആശങ്കകള്‍ പങ്കുവച്ച് വിരമിച്ച പാക്ക് സൈനിക ഉദ്യോഗസ്ഥര്‍. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ ചെറുത്ത് ഇന്ത്യ ശക്തമായ തിരിച്ചടി തുടരുമ്പോഴാണ് പാകിസ്ഥാനിലെ വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ പാക്ക് ഭരണകൂടത്തിന്റെ ബുദ്ധിശൂന്യത തുറന്നുകാട്ടി രംഗത്ത് വന്നത്.

പാകിസ്ഥാന്റെ ഡോണ്‍ ടിവിയില്‍ നിന്നുള്ള ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്. വിരമിച്ച ഒരു സൈനിക ഉദ്യോഗസ്ഥന്‍ പാകിസ്ഥാന് ആകെ ആറ് ലക്ഷം സൈനികരുടെ സേന മാത്രമേയുള്ളൂവെന്ന് തുറന്നു സമ്മതിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.

'ഇന്ത്യക്ക് 16 ലക്ഷം സൈനികരുണ്ട്, ഞങ്ങളുടേത് വെറും ആറ് ലക്ഷം മാത്രം. എത്ര യുദ്ധം നടത്തിയാലും നമ്മള്‍ രക്ഷിപെടില്ല' എന്നാണ് പാകിസ്ഥാന്റെ മുന്‍ എയര്‍ മാര്‍ഷല്‍ മസൂദ് അക്തര്‍ വീഡിയോയില്‍ പറയുന്നത്. നമ്മുടെ നേതൃത്വത്തിന്റെ ജോലി ഭാവിയിലേക്ക് നോക്കുക എന്നതാണ്. രംഗങ്ങള്‍ ആശങ്കാജനകമാണ്. അതിന് നമുക്ക് ഉത്തരമില്ല. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുകയാണ്. അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നത് വരെ സംഘര്‍ഷം കുറയില്ല. നാല് തവണ ഇന്ത്യ വലിയ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നു. നമ്മള്‍ എന്ത് ചെയ്യണമെന്ന് ശരിക്കും ചിന്തിക്കണം, അല്ലെങ്കില്‍ നമ്മുടെ സ്ഥിതി കൂടുതല്‍ വഷളാകും.' - മാര്‍ഷല്‍ മസൂദ് കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാന്‍. ലോക സൈനിക ശക്തിയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. പാകിസ്ഥാന്‍ പന്ത്രണ്ടും. സൈനികരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 2025-26 ലെ ഇന്ത്യയുടെ പ്രതിരോധ ബഡ്ജറ്റ് 6.8 ലക്ഷം കോടി രൂപയായി (79 ബില്യണ്‍ ഡോളര്‍) നിശ്ചയിച്ചിട്ടുണ്ട്.

ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് എസ്റ്റിമേറ്റിനേക്കാള്‍ 9.5 ശതമാനം കൂടുതലാണ്. പാകിസ്ഥാനേക്കാള്‍ 8,01,550 സൈനികര്‍ ഇന്ത്യയ്ക്ക് കൂടുതലായുണ്ട്. ഇരുരാജ്യങ്ങള്‍ക്കും ആണവായുധവും ബാലിസ്റ്റിക് മിസൈലുമുണ്ട്. ഇന്ത്യയുടെ അഗ്‌നി- 5 മിസൈലിന് 5,200 കിലോമീറ്ററാണ് പ്രഹരശേഷി. പാകിസ്ഥാന്റെ ദീര്‍ഘറേഞ്ച് മിസൈല്‍ ഷഹീന്‍- 3ന് 2,750 കിലോമീറ്ററാണ് റേഞ്ച്.

ഇന്ത്യന്‍ വ്യോമസേനയുടെ പക്കല്‍ അത്യാധുനിക റഫാല്‍ യുദ്ധവിമാനങ്ങളും സുഖോയ്,? തേജസ് ഫൈറ്റര്‍ വിമാനവുമുണ്ട്. പാക് സേനയ്ക്ക് ചെറിയ യുദ്ധവിമാനങ്ങളായ ജെ.എഫ്- 17 തണ്ടര്‍, എഫ്- 16 തുടങ്ങിയവയാണുള്ളത്.

ഗുജറാത്തിലെ പാക്ക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മുഴുവന്‍ സൈനിക കേന്ദ്രങ്ങള്‍ക്കും അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരുക്കുകയാണ് സൈന്യം. ഇത്തരം കേന്ദ്രങ്ങള്‍ക്ക് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ വാഹനങ്ങളും മാറ്റിയിരിക്കുകയാണ്. പൊതു ജനങ്ങള്‍ ഈ പ്രദേശത്തുകൂടെ യാത്ര ചെയ്യരുതെന്ന പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

പഞ്ചാബിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. ഗുര്‍ദാസ്പൂരില്‍ പാക് സ്‌ഫോടകവസ്തു പതിച്ച് നിലം കുഴിഞ്ഞു പോയി എന്ന വിവരം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ആളപായം സംഭവിക്കുകയോ ആര്‍ക്കും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. തുടര്‍ന്ന് പഞ്ചാബ് ഭരണകൂടം ജനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആളുകള്‍ കൂട്ടം കൂടരുത്, കൂട്ടം കൂടി പുറത്തിറങ്ങരുത്, മാളുകള്‍ പോലുള്ള ഇടങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.