ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ കൈകൊണ്ട നിലപാടിനെതിരെ നടപടികള്‍ പ്രഖ്യാപിച്ച് പാക്കിസ്ഥാനും. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമമേഖല അടയ്ക്കാനും ഷിംല അടക്കമുള്ള കരാറുകള്‍ മരവിപ്പിക്കാനും തീരുമാനിച്ചു. വാഗ അതിര്‍ത്തി അടയ്ക്കുമെന്നും പാകിസ്ഥാന്‍ അറിയിച്ചു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സുരക്ഷാ കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് പാക്കിസ്ഥാന്‍ ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

2019 ല്‍ പുല്‍വാമ ആക്രമണത്തിന് ശേഷവും പാകിസ്താന്‍ സമാന നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമെ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒപ്പുവെച്ചിട്ടുള്ള ഷിംല കരാറില്‍ നിന്ന് പിന്മാറാനും പാകിസ്താന്‍ തീരുമാനിച്ചു. ഇന്ത്യ അട്ടാരി - വാഗ അതിര്‍ത്തി അടച്ചതിന് മറുപടിയുമായി പാകിസ്താനും ഈ അതിര്‍ത്തി അടയ്ക്കും. ഇന്ത്യയുമായുള്ള വ്യാപാര ബന്ധവും നിര്‍ത്താനാണ് തീരുമാനമായതായാണ് വിവരം.

ഇന്ത്യക്കാരോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും പാകിസ്താന്‍ നിര്‍ദേശിച്ചു. സിഖ് തീര്‍ത്ഥാടകര്‍ ഒഴികെയുള്ളവരുടെ സാര്‍ക് പ്രകാരമുള്ള എല്ലാ വിസകളും റദ്ദാക്കി. പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഡിഫന്‍സ് അറ്റാഷമാരോട് രാജ്യം വിടാനും പാകിസ്താന്‍ ആവശ്യപ്പെട്ടു. പാകിസ്താനിലെ ഡിഫന്‍സ് അറ്റാഷമാരെ ഇന്ത്യ ഇന്നലെ തിരികെ വിളിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള സൈനികനടപടി ഭയന്നാണ് പാക് വ്യോമാതിര്‍ത്തി അടയ്ക്കുന്നതെന്നാണ് സൂചന.

പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ ബോംബിട്ടിരുന്നു. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ നയതന്ത്ര തലത്തില്‍ കടുത്ത നടപടികളിലേക്കാണ് ഇന്ത്യ നീങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തില്‍ സിന്ധു നദീജല കരാര്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

സിന്ധുനദീജല കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനത്തിനെ ജലയുദ്ധമെന്നാണ് പാകിസ്താന്‍ വിശേഷിപ്പിച്ചത്. പാകിസ്താനിലെ കാര്‍ഷിക മേഖലയെ സാരമായി ബാധിക്കുന്ന തീരുമാനമാണ് സിന്ധുനദീജല കരാര്‍ മരവിപ്പിക്കല്‍. ഉറിയിലും പുല്‍വാമയിലും ഭീകരാക്രമണം നടന്നപ്പോള്‍ പോലും ഇന്ത്യ നദീജലക്കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനമെടുത്തിരുന്നില്ല. ഇന്ത്യ പരോക്ഷമായ ഉപരോധമാണ് പാകിസ്താന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്താനുമായുള്ള വ്യാപരവും ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. മാത്രമല്ല വാഗ അതിര്‍ത്തി അടയ്ക്കുകയും ചെയ്തു.

അതേസമയം നയതന്ത്രതലത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറില്‍ നിന്ന് പിന്‍മാറലുമല്ലാതെ ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്തിലാണ് പാകിസ്താന്‍. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന്‍ സൈന്യം അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പുറമെ ഇന്ത്യയില്‍ നിന്നുള്ള വ്യോമാക്രമണം പ്രതീക്ഷിച്ച് തയ്യാറെടുപ്പുകളും നടത്തി. എന്നാല്‍ ഇന്ത്യയുടെ പ്രതികരണം ഏത് രീതിയിലാകുമെന്ന കാര്യത്തില്‍ പാകിസ്താന് നിശ്ചയമില്ലാത്തതും അവരെ അനിശ്ചിതത്വത്തിലാക്കുന്നുണ്ട്.

പാകിസ്താന്‍ പൗരന്മാര്‍ക്ക് SVES പ്രകാരമുള്ള വിസ നല്‍കില്ല എന്നാണ് തീരൂമാനം. നിലവില്‍ ഇന്ത്യയിലുള്ള പാക് പൗരന്മാരോട് രാജ്യം വിടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ ഡിഫന്‍സ് അറ്റാഷമാരെ ഇന്ത്യ പുറത്താക്കി. അവര്‍ ഒരാഴ്ചയ്ക്കകം രാജ്യം വിടണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയും പാകിസ്താനിലെ ഡിഫന്‍സ് അറ്റാഷെമാരെ പിന്‍വലിക്കും. ഇതിന് പുറമെ പാക് ഹൈക്കമ്മീഷന് നല്‍കിയിരുന്ന സുരക്ഷ ഡല്‍ഹി പോലീസ് വെട്ടിക്കുറച്ചു.

ചൊവ്വാഴ്ച പഹല്‍ഗാമിലെ വിനോദ സഞ്ചാരികള്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇരുപതിലധികം പേര്‍ക്ക് ഗുരുതമായിപരിക്കേറ്റു. ഇന്ത്യയെ ദ്രോഹിച്ചവര്‍ക്ക് സങ്കല്‍പ്പിക്കാനാവാത്ത ശിക്ഷ നല്‍കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നുമുന്നറിയിപ്പ് നല്‍കിയത്. പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന സൂചനകള്‍ വന്നുതുടങ്ങി. അയല്‍രാജ്യവുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധക്കപ്പല്‍ ഐഎന്‍എസ് സൂററ്റില്‍ നിന്ന് മിസൈല്‍ പരീക്ഷണം നടത്തി.

അറബി കടലില്‍ വച്ച് ഐഎന്‍എസ് സൂററ്റില്‍ നിന്ന് മധ്യദൂര ഭൂതല-വ്യോമ മിസൈല്‍ ഉപയോഗിച്ച് വേഗത്തില്‍ താഴ്ന്ന് പറക്കുന്ന ലക്ഷ്യത്തെ ഭേദിച്ചാണ് പരീക്ഷണം നടന്നത്. യുദ്ധ തയ്യാറെടുപ്പിലും തദ്ദേശീയ രൂപകല്‍പ്പനയിലുമുള്ള മികച്ച പുരോഗതി വെളിപ്പെടുത്തുന്ന നിര്‍ണായക നേട്ടമാണ് ഈ പരീക്ഷണ വിജയം.

മിസൈല്‍ വേധ പടക്കപ്പല്‍ ശ്രേണിയില്‍പ്പെട്ടതാണ് ഐഎന്‍എസ് സൂറത്ത്. ഇസ്രേലുമായി ചേര്‍ന്നാണ് ഈ മിസൈല്‍ സംവിധാനം വികസിപ്പിച്ചെടുത്തത്. 70 കിലോമീറ്ററാണ് ഇടപെടല്‍ പരിധി. സീ സ്‌കിമ്മിങ് ഭീഷണികളെ നേരിടാന്‍ സഹായിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന. ലക്ഷ്യത്തോട് അടുക്കുമ്പോള്‍ വെടിയേല്‍ക്കാനുള്ള സാധ്യത കുറയ്ക്കാനും, റഡാര്‍, ഇന്‍ഫ്രാറെഡ് പരിധിയില്‍ വരാതിരിക്കാനും ചില പോര്‍ വിമാനങ്ങളും കപ്പല്‍ വേധ മിസൈലുകളും പ്രയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് സീ സ്‌കിമ്മിങ്.

ലക്ഷ്യസ്ഥാനത്തേയ്ക്ക് കൃത്യമായി തൊടുത്ത് നടത്തിയ മിസൈല്‍ പരീക്ഷണം നാവികസേനയുടെ കരുത്ത് പ്രകടമാക്കുന്നതാണെന്ന് പ്രതിരോധമന്ത്രാലയ വക്താവ് എക്‌സില്‍ കുറിച്ചു. രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതില്‍ മിസൈല്‍ പരീക്ഷണം മറ്റൊരു നാഴികക്കല്ല് കൂടി അടയാളപ്പെടുത്തിയതായും പ്രതിരോധമന്ത്രാലയ വക്താവ് വ്യക്തമാക്കി. പ്രതിരോധ നിര്‍മ്മാണത്തില്‍ സ്വയം പര്യാപ്തത ആര്‍ജ്ജിക്കാനുള്ള പ്രതിജ്ഞാബദ്ധതയാണ് പുതിയ പരീക്ഷണത്തിലൂടെ തെളിയിക്കുന്നതെന്ന് നാവിക സേന അറിയിച്ചു.