ഡൽഹി: പഹല്‍ഗാം ആക്രമണത്തിന് പിന്നാലെയും, തുടര്‍ന്ന് അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കുകയും ചെയ്യുന്നിതിന് പിന്നാലെ കടുത്ത സൈബറാക്രമണവുമായി പാക്കിസ്ഥാന്‍. ഇന്ത്യന്‍ ആര്‍മി കോളേജ് ഓഫ് നഴ്സിങ്ങിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ടീം ഇന്‍സെന്റ് പി.കെ എന്ന ഹാക്കിങ് ഗ്രൂപ്പ് ആണ് ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്തതിന് പിന്നാലെ പാക് സൈനിക മേധാവി നടത്തിയ വിവാദ ദ്വിരാഷ്ട്ര വാദം വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഓഫീഷ്യല്‍ പേജ് ഹാക്ക് ചെയ്തതായി വിവരം പുറത്തുവരുന്നത്.

പാകിസ്ഥാനെതിരെ ഇന്ത്യ നിരവധി നടപടികള്‍ പ്രഖ്യാപിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഹാക്കര്‍മാരുടെ ആക്രമണം. ആര്‍മി കോളേജ് ഓഫ് നഴ്സിംഗ്, ആര്‍മി വെല്‍ഫെയര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണെന്നും

സൈബറാക്രമണത്തില്‍ ദേശീയ നോഡല്‍ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്റെ സഹായം തേടിയിട്ടുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ടീം ഇന്‍സെയ്ന്‍ പികെ എന്ന ഹാക്കര്‍ സംഘം മുന്‍പും ഇത്തരത്തില്‍ സൈബറാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. 2023-ലെ ജി20 ഉച്ചകോടിക്ക് മുന്നോടിയായി അവര്‍ സര്‍ക്കാര്‍ വെബ്സൈറ്റുകളെ ലക്ഷ്യമിട്ടിരുന്നു.

2024-ല്‍ 'FPak20' എന്ന പ്രൊമോ കോഡ് പുറത്തിറക്കിയതിന് ശേഷം ജനപ്രിയ ബര്‍ഗര്‍ ശ്രംഖലയായബര്‍ഗര്‍ സിംഗിനെതിരെ നടന്ന സൈബര്‍ ആക്രമണത്തിലൂടെയാണ് ഇവര്‍ കൂടുതല്‍ കുപ്രസിദ്ധരായത്. ഹാക്കര്‍മാര്‍ ശൃംഖലയുടെ വെബ്സൈറ്റിന്റെ ചില ഭാഗങ്ങള്‍ മാറ്റുകയും ഒരു ഡിജിറ്റല്‍ ഗ്രാഫിറ്റി വാള്‍ സ്ഥാപിക്കുകയും ചെയ്തു.

ഇത് കൂടാതെ കേരളത്തിൽ 2023 ൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ സ്കൂൾ വിദ്യാർഥികളുടെയും അധ്യാപകർ ഉൾപ്പെടെ ജീവനക്കാരുടെയും വിവരങ്ങളടങ്ങിയ ഓൺലൈൻ ഡേറ്റാബേസ് ഈ സംഘം ചോർത്തിയിരുന്നു. ‘സമ്പൂർണ’ പോർട്ടലിൽ ശേഖരിച്ചിരിക്കുന്ന വിവരങ്ങളിൽ തിരുവനന്തപുരം കാട്ടാക്കടയിലെ ഒരു എയ്ഡഡ് സ്കൂളിലെ വിവരങ്ങളാണു ചോർന്നത്. ടീം ഇൻസെയ്ൻ പികെ എന്ന ഹാക്കർ സംഘം ഈ വിവരങ്ങൾ ട്വിറ്ററിൽ പരസ്യപ്പെടുത്തുകയും ചെയ്തു.

കുട്ടികളുടെ പേര്, ചിത്രം, ഐഡി കാർഡ് നമ്പർ, ക്ലാസ്, ഫോൺ നമ്പർ, രക്ഷിതാവിന്റെ പേര്, ജീവനക്കാരുടെ വിവരങ്ങൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾക്കൊപ്പം എസ്എസ്എൽസി ഐടി പരീക്ഷ നടത്തുന്ന സോഫ്റ്റ്‌വെയറിലെ ലോഗിൻ വിവരങ്ങളും ചോർ‌ത്തിയിട്ടുണ്ട്.

ചോർത്തിയ ഫോൺ നമ്പറുകളിലേക്ക് 10 ദിവസം മുൻപ് ഹാക്കർമാരുടെ സന്ദേശം ലഭിച്ചതോടെ രക്ഷിതാക്കൾ വിവരം സ്കൂളിൽ അറിയിച്ചു. പാക്കിസ്ഥാൻ മൊബൈൽ നമ്പറുകളിൽ നിന്നായിരുന്നു സന്ദേശം.