തിരുവനന്തപുരം: നിലവിലെ സ്ഥിതിയില്‍ പോയാല്‍ സംസ്ഥാനത്ത് വീണ്ടും എല്‍ഡിഎഫ് അധികാരത്തിലേറുമെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ ഫോണ്‍സംഭാഷണം പുറത്തു വന്നത് എങ്ങനെ? വാമനപുരം നിയോജകമണ്ഡലത്തിലെ അതിവിശ്വസ്തനുമായിട്ടായിരുന്നു പാലോട് രവിയുടെ സംഭാഷണം. ഈ അടുത്ത കാലത്ത് സംഭവിച്ചതായിരുന്നില്ല ആ സംഭാഷണം. തലേക്കുന്നില്‍ ബഷീര്‍ അനുസ്മരണ പരിപാടിക്ക് ക്ഷണിക്കാന്‍ ഡിസിസി പ്രസിഡന്റിനെ വിളിച്ചതെന്നാണ് പുറത്തു വരുന്ന സൂചന.

ഈ ഓഡിയോ അന്ന് തന്നെ വിവിധ കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ എത്തി. ജൂലൈയിലാണ് മാധ്യമങ്ങളില്‍ അത് എത്തിയതെന്ന് മാത്രം. നെടുമങ്ങാടും വാമനപുരത്തും എല്ലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാലോട് രവി ആഗ്രഹിക്കുന്നുണ്ട്. ഈ ആഗ്രഹത്തെ തകര്‍ക്കാന്‍ വേണ്ടിയാണ് ചിലര്‍ ഈ ഓഡിയോ പുറത്തു വിട്ടതെന്നാണ് സൂചന. ഏതായാലും ഈ ഓഡിയോ ഗ്രൂപ്പുകളില്‍ എത്തിയതോടെ തന്നെ പുല്ലമ്പാറയില്‍ നിന്നുള്ള ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹിയെ ഡിസിസി പ്രസിഡന്റ് പലോട് രവി ബ്ലാക് ലിസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ എങ്ങനെയാണ് സംഭാഷണം പുറത്തു വന്നതെന്നതിലും അന്വേഷണം നടക്കുന്നുണ്ട്.

ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും പാലോട് രവിയെ മാറ്റണമെന്ന ആവശ്യം ചില കോണുകള്‍ ഉയര്‍ത്തുന്നുണ്ട്. കെപിസിസി പുനസംഘടനയ്ക്കൊപ്പം പാലോട് രവിയും മാറേണ്ടതാണെന്ന പൊതു വികാരം ശക്തമാക്കുന്ന തരത്തിലേക്ക് ഈ ഓഡിയോ സംഭാഷണം മാറിയിട്ടുണ്ട്. പാലോട് രവിയ്ക്കായി ഉറച്ച പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് ഫോണ്‍ സംഭാഷണം പുറത്തു വിട്ടതെന്നതും കെപിസിസിയെ ഞെട്ടിച്ചിട്ടുണ്ട്. എല്ലാ നേതാക്കളോടും അതിവിശ്വസ്തരുമായി സംസാരിക്കുമ്പോള്‍ പോലും കരുതല്‍ എടുക്കണമെന്ന നിര്‍ദ്ദേശം കെപിസിസി നല്‍കിയിട്ടുണ്ട്. ഈ വിവാദത്തില്‍ പാര്‍ട്ടി പരിശോധനകള്‍ നടത്തുന്നുണ്ട്.

കെപിസിസിയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് പാലോട് രവി ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധമുള്ള പ്രതികരണം നടത്തിയത്. അതിനിടെ ഈ വാക്കുകള്‍ സിപിഎം വലിയ തോതില്‍ ചര്‍ച്ചയാക്കുമെന്ന് കെപിസിസി പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 60 മണ്ഡലങ്ങളില്‍ ബിജെപി കടന്നുകയറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനുള്ള തര്‍ക്കങ്ങളിലും പ്രവര്‍ത്തനരീതികളിലും ആശങ്കപ്പെട്ട് പാര്‍ട്ടി പ്രാദേശിക നേതാവുമായുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്.

വാര്‍ഡിലെ സകല വീടുകളുമായും ബന്ധം ഉണ്ടാകണം. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒരു നോട്ടീസും അടിച്ച് വീട്ടില്‍ ചെന്നാല്‍ ഒരുത്തനും വോട്ട് ചെയ്യില്ല. ഇപ്പോഴേ ഒരോ വീട്ടിലും ചെന്ന് പരാതികള്‍ കേട്ട് പരിഹാരവും ചങ്ങാത്തവും ഉണ്ടാക്കണമെന്നും പാലോട് രവി നിര്‍ദേശിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ ചൂണ്ടിക്കാട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് പറഞ്ഞത്. ഇതോടെ കോണ്‍ഗ്രസ് എടുക്കാ ചരക്കാകുമെന്നും അദ്ദേഹം പറയുന്നു.

ഈ വാക്കുകള്‍ സിപിഎം മൂന്നാം തുടര്‍ഭരണ ലക്ഷ്യത്തിലേക്ക് ഉപയോഗിക്കാന്‍ സാധ്യത കെപിസിസി കാണുന്നുണ്ട്. സിപിഎം വഴിയാണോ ഈ സംഭാഷണം പുറത്തു വന്നത് എന്നതടക്കം പരിശോധിക്കുന്നുണ്ട്. അതിനിടെ വാമനപുരത്തും നെടുമങ്ങാടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആഗ്രഹിക്കുന്ന ചിലര്‍ ഇതിന് പിന്നിലുണ്ടെന്നാണ് പാലോട് രവി ക്യാമ്പ് പ്രതീക്ഷിക്കുന്നത്. ഡിസിസി അധ്യക്ഷ സ്ഥാനം തന്നെ കൊണ്ടു രാജിവയ്പ്പിക്കാനാണ് ഇതെല്ലാമെന്നും പാലോട് രവി വിശ്വസിക്കുന്നുണ്ട്.

പാലോട് രവിയുടെ ബിജെപി അനുകൂല പ്രസ്താവനകളും കെപിസിസി ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. 'പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്ത് പോകും. നിയമസഭയില്‍ ഉച്ചികുത്തി താഴെ വീഴും. നീ നോക്കിക്കോ 60 നിയമസഭാ മണ്ഡലത്തില്‍ ബിജെപി എന്ത് ചെയ്യാന്‍ പോകുന്നുവെന്ന്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കാശ് കൊടുത്ത് വോട്ട് വാങ്ങിച്ചതുപോലെ നിയമസഭയിലും അവര്‍ വോട്ട് പിടിക്കും. കോണ്‍ഗ്രസ് മൂന്നാമതാകും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മൂന്നാമതും ഭരണത്തിലേറും. അതോടുകൂടി ഈ പാര്‍ട്ടിയുടെ അധോഗതിയാകും. മുസ്ലിം വിഭാഗത്തിലുള്ളവര്‍ സിപിഎമ്മിലേക്കും മറ്റു പാര്‍ട്ടികളിലേക്കും ചേക്കേറും. മറ്റുചിലര്‍ ബിജെപിയിലേക്ക് പോകും. പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും കഴിയുമ്പോള്‍ കോണ്‍ഗ്രസ് എടുക്കാ ചരക്കാകും. നാട്ടില്‍ ഇറങ്ങി നടന്ന് ജനങ്ങളുമായി സംസാരിക്കാന്‍ പത്ത് ശതമാനം സ്ഥലങ്ങളിലേ ആളുള്ളൂ. ഇത് മനസ്സിലാക്കാതെയാണ് നമ്മളൊക്കെ വീരവാദം പറഞ്ഞുനടക്കുന്നത്.

ഈ പാര്‍ട്ടിയെ ഓരോ ഗ്രൂപ്പും താത്പര്യങ്ങളും പറഞ്ഞ് തകര്‍ക്കുന്നതിന്റെ ഉത്തരവാദിത്തം ഉണ്ടാകണം. ഒറ്റയെണ്ണത്തിന് പരസ്പരം ആത്മാര്‍ത്ഥമായി സ്‌നേഹമോ ബന്ധമോ ഇല്ല. എങ്ങനെ കാലുവാരാമെന്നാണ് നോക്കുന്നത്. ഒരുത്തനും ഒരുത്തനെ അംഗീകരിക്കാന്‍ തയ്യാറല്ല' -ഇതാണ് പാലോട് രവിയുടെ വിവാദ വാക്കുകള്‍.