പത്തനംതിട്ട: ഖാദി ഓണം മേളയുടെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ നിന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ ഇറങ്ങിപ്പോയി. പ്രോട്ടോക്കോളും പരിപാടിയുടെ നടപടി ക്രമങ്ങളുമെല്ലാം അലങ്കോലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇറങ്ങിപ്പോക്ക്. ഇലന്തൂരിലെ ഖാദിഗ്രാമവ്യവസായ ഓഫീസ് അങ്കണത്തിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. മന്ത്രി വീണാ ജോര്‍ജ് ആയിരുന്നു ഉദ്ഘാടക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ അധ്യക്ഷയും ആന്റോ ആന്റണി എം.പി ആദ്യ വില്‍പ്പനയും സമ്മാനകൂപ്പണ്‍ വിതരണം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരനും നിര്‍വഹിക്കുമെന്നായിരുന്നു നോട്ടീസ്.

ആരോഗ്യമന്ത്രി എത്തില്ലെന്ന് അറിയിച്ചതോടെയാണ് പരിപാടി തകിടം മറിഞ്ഞത്. അങ്ങനെയെങ്കില്‍ ആദ്യ വില്‍പ്പന നിശ്ചയിച്ചിരിക്കുന്ന എംപി ഉദ്ഘാടകനാകട്ടെ എന്നായി തീരുമാനം. എന്നാല്‍, തനിക്ക് എത്തിച്ചേരാന്‍ കഴിയുന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് എംപിയും പറഞ്ഞതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ഉദ്ഘാടകയാക്കി നിശ്ചയിച്ചു. ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യുവിനെ അദ്ധ്യക്ഷയാക്കി ചടങ്ങ് ആരംഭിക്കുകയും ചെയ്തു. അതിനിടെ എം പി എത്തിച്ചേരും എന്നറിയിച്ചു.

സ്വാഗതവും അദ്ധ്യക്ഷ പ്രസംഗവും കഴിഞ്ഞ് ഉദ്ഘാടകന്‍ എത്തിച്ചേരുന്നതിനുള്ള ഇടവേളയില്‍ സംഘാടകര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ അവഗണിച്ച് മറ്റ് പ്രാസംഗികരെ ക്ഷണിക്കുകയും ചെയ്തതാണ് രാജി പി. രാജപ്പനെ ചൊടിപ്പിച്ചത്. ഒരു ഗ്രാമ പഞ്ചായത്ത് അംഗത്തിന് നല്‍കേണ്ട പ്രാധാന്യം പോലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് സംഘാടകര്‍ നല്‍കിയില്ലെന്ന് പരാതിയുണ്ട്.

വേദിയില്‍ ഇരുന്നുകൊണ്ട് തന്റെ വാഹനം വിളിച്ചു വരുത്തി അതില്‍ കയറി പോവുകയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയ്തത്. സംഘാടകര്‍ ഫോണില്‍ ബന്ധപ്പെട്ട് തിരികെ വരാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും പ്രസിഡന്റ് തയ്യാറായില്ല. ഉത്ഘാടകനായ ആന്റോ ആന്റണി എത്തിച്ചേരും മുന്‍പ് തന്നെ രാജി പി രാജപ്പന്‍ വേദി വിട്ടു പോയിരുന്നു.

ഖാദി പ്രസ്ഥാനം സ്വാതന്ത്രത്തിന് വേണ്ടിയുള്ള ഒരു മുന്നേറ്റം എന്നതിനും അപ്പുറം അടിമത്വത്തിനും ദാരിദ്ര്യത്തിനുമെതിരായുള്ള പോരാട്ടം കുടി ആയിരുന്നുവെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ആന്റോ ആന്റണി എം.പി. അഭിപ്രായപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഉണ്ടായ കടുത്ത ക്ഷാമത്തേയും ലോകം കണ്ട ഏറ്റവും വലിയ പട്ടിണി മരണത്തെയും അതിജീവിച്ച് രാജ്യം മുന്നേറുന്നതിന് സ്വദേശി പ്രസ്ഥാനങ്ങളും ഖാദി പ്രസ്താനവും വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്നും ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.