- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പയില്‍ കസേരകള്‍ കൊണ്ടിടാന്‍ സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വവും ചെലവാക്കിയത് ഏഴ് കോടി; എന്നിട്ട് വൈറലായത് 'നാണക്കേടിന്റെ ആളില്ലാ കസേരകള്‍'! പന്തളത്ത് ചെലവ് വെറും പത്ത് ലക്ഷവും! കല്ലും മുള്ളും അയ്യപ്പ ഭക്തര്‍ക്ക് എന്നും കാലുക്ക് മെത്ത; പന്തളത്തെ ഭക്ത സംഗമത്തിലെ നിറവ് ആര്‍ക്കുള്ള സന്ദേശം? അവിടെ കേട്ടത് ശരണമന്ത്രം മാത്രം
പന്തളം: ശബരിമല സംരക്ഷണ സംഗമത്തിന്റെ ഭാഗമാകാന്‍ പന്തളത്തേക്ക് ഒഴുകിയെത്തിയത് നിരവധി അയ്യപ്പ ഭക്തര്‍. കേരളത്തിന് അകത്ത് നിന്നും പുറത്തു നിന്നുമുള്ള ഭക്തര്‍ സംഗമം നടക്കുന്ന പന്തളം നാനാക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തി. ശരണ മന്ത്രങ്ങളാല്‍ നിറഞ്ഞ സദസ്സിന്റെ അകമ്പടിയോടെ വാഴൂര്‍ തീര്‍ത്ഥ പാദാശ്രമത്തിലെ പ്രജ്ഞാനാനന്ദതീര്‍ത്ഥ പാദര്‍ സംഗമം ഉദ്ഘാടനം ചെയ്തു. വളരെ ലളിതമായ രീതിയില്‍ ചെലവ് ചുരുക്കിയാണ് ശബരിമല സംരക്ഷണ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. 10 ലക്ഷം രൂപയില്‍ താഴെ മാത്രമാണ് ആകെ ചെലവ്. വളരെ ലളിതമായ ഭക്ഷണമാണ് ഭക്തജനങ്ങള്‍ക്കായി ഒരുക്കിയത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാരിന്റേയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേയും നേതൃത്വത്തില്‍ നടന്ന സംഗമത്തിന് കോടികളാണ് പൊടിച്ചത്.
കല്ലും മുള്ളും കാലക്ക് മെത്ത.. എന്ന അയ്യപ്പ ശരണം വിളിയെ അടിസ്ഥാനപ്പെടുത്തിയാണ് പന്തളത്ത് സംഗമം നടന്നത്. പന്തളം രാജകൊട്ടാരം നേരിട്ട് മുമ്പില്‍ നിന്നില്ലെങ്കിലും അവരുടെ പിന്തുണയും ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ ആഗോള അയപ്പ സംഗമത്തില്‍ പ്രത്യക്ഷത്തില്‍ പങ്കെടുത്ത എന്‍ എസ് എസിന്റെ അനുഭാവികളും പന്തളത്ത് എത്തിയെന്നതാണ് സൂചന. അവരും ഈ സംഗമത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആരേയും വിലക്കിയിരുന്നില്ല. എസ് എന്‍ ഡി പിയും ബിജെപിയും സംഘപരിവാര്‍ സംഘടനകളും ചേര്‍ന്ന് നടത്തിയ ഭക്ത സംഗമത്തെ തള്ളി പറഞ്ഞിരുന്നില്ല. അങ്ങനെ എല്ലാ ഹൈന്ദവ സമുദായ സംഘടനകളുടേയും പിന്തുണ സംഘാടകര്‍ പന്തളത്തെ പരിപാടിക്ക് കിട്ടിയെന്നും പറയുന്നു.
ശബരിമല വികസനത്തിന് 18 അംഗ സമിതി പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന് സമാപനമായത്. അതു പക്ഷേ ആളില്ലായ്മയും മറ്റ് വിവാദങ്ങളും കൊണ്ടാണ് ചര്‍ച്ചയായത്. പിണറായി വിജയന്‍ നല്ല ഭക്തനാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത് അടക്കം വിവാദമായി. മുഖ്യമന്ത്രിയുടെ കാറിലാണ് വെള്ളാപ്പള്ളി വേദിയിലെത്തിയത്. തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ ശേഖര്‍ ബാബുവും പളനിവേല്‍ ത്യാഗരാജനും മാത്രമാണ് സംസ്ഥാനത്തിനു പുറത്തു നിന്ന് സര്‍ക്കാര്‍ പരിപാടിക്കെത്തിയ മന്ത്രിമാര്‍. പ്രസംഗിക്കാന്‍ ക്ഷണിക്കാന്‍ വൈകിയെന്ന കാരണത്താല്‍ പളനിവേല്‍ ത്യാഗരാജന്‍ വേദിയില്‍ നിന്ന് ഇറങ്ങി പോകാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് സന്നിധാനത്തു നിന്ന് മാറ്റി നിര്‍ത്തപ്പെട്ട കണ്ഠരര് മോഹനനും അയ്യപ്പ സംഗമ വേദിയിലെ അയ്യപ്പവിഗ്രഹത്തിന് മുന്നിലെ വിളക്ക് തെളിയിക്കാനുള്ളവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
പമ്പയില്‍ സര്‍ക്കാര്‍ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന് ഏഴുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞിരുന്നു. സ്പോണ്‍സര്‍ഷിപ്പ് വഴിയാണ് ഫണ്ട് സ്വീകരിക്കുന്നതെന്നും ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനോ ബാധ്യത വരില്ലെന്നും മന്ത്രി അറിയിച്ചിരുന്നു. 5,000ല്‍ അധികം രജിസ്ട്രേഷന്‍ വന്നിരുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. മുമ്പ് വന്നിട്ടുള്ള ആളുകള്‍, സംഘടനകള്‍ എന്നിങ്ങനെ മുന്‍ഗണന നല്‍കിയാണ് ക്ഷണിച്ചതെന്നും പറഞ്ഞു. സംഗമത്തില്‍ പരമാവധി 3,500 പേര്‍ പങ്കെടുക്കുമെന്നും അവകാശ വാദമുണ്ടായിരുന്നു. എന്നാല്‍ ഒഴിഞ്ഞ കസേരകളാണ് പമ്പയിലെ വേദിയില്‍ കണ്ടത്. ഈ ചിത്രങ്ങള്‍ വൈറലായി. പിന്നാലെയാണ് നിറഞ്ഞ സദസില്‍ അയ്യപ്പന്റെ വളത്ത് സ്ഥലമായി വിശ്വസിക്കുന്ന പന്തളത്ത് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഭക്ത സംഗമം നടത്തിയത്.
150 ലധികം സാമുദായിക സംഘടനകളുടെ ഭാരവാഹികള്‍, 60 ലധികം സന്യാസി ശ്രേഷ്ഠന്മാര്‍, വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികള്‍, വിവിധ സംസ്ഥാനങ്ങളിലെ ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ പ്രതിനിധികള്‍ , അയ്യപ്പഭക്തസംഘടനകളുടെ പ്രതിനിധികള്‍ ക്ഷേത്ര ഭാരവാഹികള്‍, ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ടവര്‍, തന്ത്രി രാജ പ്രതിനിധി, പേട്ട സംഘങ്ങളുടെ പെരിയോന്മാര്‍, തിരുവാഭരണ സംഘം, മലയരയ സമാജത്തിന്റെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംഗമത്തിന്റെ ഭാഗമായി എന്നാണ് സംഘാടകരുടെ അവകാശ വാദം. വിശാല ഹിന്ദു സംഗമത്തിനാണ് യഥാര്‍ത്ഥത്തില്‍ അയ്യന്റെ പന്തളം സാക്ഷിയായത്.
വിശ്വാസം വികസനം സുരക്ഷ എന്ന വിഷയത്തില്‍ വിവിധ സെമിനാറുകള്‍ വന്‍ ജനപങ്കാളിത്തതോടെ പുരോഗമിച്ചു. മഹാഭക്തജന സംഗമം ബിജെപി തമിഴ്‌നാട് മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ ഉദ്ഘാടനം ചെയ്തു. കുളനടയിലെ പ്രത്യേകം ഒരുക്കിയ മൈതാനത്താണ് ഭക്തജന സംഗമം നടന്നത്. രാവിലെ പത്ത് മണിക്ക് ശരണ മന്ത്രങ്ങളാല്‍ നിറഞ്ഞ സദസിന്റെ അകമ്പടിയില്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
രാവിലെ മൂന്ന് സെഷനുകളിലായി നടന്ന സെമിനാറുകള്‍ വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശബരിമല കര്‍മസമിതി ചെയര്‍പേഴ്‌സണ്‍ കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ ദര്‍ശനരേഖ അവതരിപ്പിച്ചു. 'ശബരിമലയുടെ വിശ്വാസം' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ശബരിമല അയ്യപ്പസേവാസമാജം സ്ഥാപക സെക്രട്ടറി സ്വാമി അയ്യപ്പദാസ് വിഷയാവതരണം നടത്തി. 'ശബരിമലയുടെ വികസനം' എന്നവിഷയത്തിലായിരുന്നു രണ്ടാമത്തെ സെമിനാര്‍.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. ജി. രാമന്‍നായര്‍ വിഷയാവതരണം നടത്തി. 'ശബരിമല സംരക്ഷണം' എന്ന വിഷയത്തില്‍ നടക്കുന്ന മൂന്നാമത്തെ സെമിനാറില്‍ മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ വിഷയാവതരണം നടത്തി.