ന്യൂഡല്‍ഹി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ മുഖ്യപ്രതി രാഹുല്‍ പി.ഗോപാല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. കേസില്‍ ഒന്നാംപ്രതിയായ രാഹുല്‍ ഓഗസ്റ്റ് 14-ന് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് രാഹുല്‍ നാട്ടില്‍ തിരിച്ചെത്തിയത്. രാഹുലിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവച്ച ശേഷം ഡല്‍ഹി പൊലീസ് വിട്ടയച്ചു. ജര്‍മനിയില്‍ ഒളിവിലായിരുന്ന രാഹുല്‍ കോടതിയില്‍ ഹാജരാകാന്‍ വേണ്ടിയാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്.

ഇന്ന് പുലര്‍ച്ചെയാണ് വിദേശത്തുനിന്നും ഡല്‍ഹി വിമാനത്താവളത്തില്‍ രാഹുല്‍ എത്തിയത്. ലുക്കൗട്ട് നോട്ടീസ് ഉള്ളതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ തടഞ്ഞു. പിന്നീട് പന്തീരാങ്കാവ് പൊലീസിനെ ബന്ധപ്പെട്ടപ്പോള്‍ രാഹുലിനെതിരെ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലും കുടുംബാംഗങ്ങളും ഹൈക്കോടതിയെ സമീപിച്ചിരുന്നു. 14ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും അതുവരെ രാഹുലിനെതിരെ നടപടിയെടുക്കരുതെന്നുമാണ് കോടതി നിര്‍ദേശം. ഇതേത്തുടര്‍ന്നാണ് രാഹുലിനെ വിട്ടയച്ചത്.

എറണാകുളം വടക്കേക്കര സ്വദേശിയായ യുവതി നല്‍കിയ കേസില്‍ രാഹുലിനെതിരെ വധശ്രമത്തിനടക്കം പന്തീരാങ്കാവ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് രാഹുല്‍ ഒളിവില്‍ പോയത്. ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. എന്നാല്‍ രാഹുലിനെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ച് പിന്നീട് യുവതി തന്നെ രംഗത്തെത്തുകയായിരുന്നു.

കൊലപാതകശ്രമം, ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ രാഹുല്‍ പി. ഗോപാല്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളാണുള്ളത്. രാഹുലിന്റെ അമ്മയും സഹോദരിയുമാണ് രണ്ടും മൂന്നും പ്രതികള്‍. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും സിവില്‍ പോലീസ് ഓഫീസര്‍ ശരത് ലാല്‍ അഞ്ചാം പ്രതിയുമാണ്.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭാര്യയുമായുള്ള എല്ലാപ്രശ്നങ്ങളും പരിഹരിച്ചെന്നും തെറ്റിദ്ധാരണ നീങ്ങിയെന്നും വ്യക്തമാക്കിയാണ് കേസ് റദ്ദാക്കാന്‍ രാഹുല്‍ ഹര്‍ജി സമര്‍പ്പിച്ചത്. പരാതിക്കാരിയായ രാഹുലിന്റെ ഭാര്യയും ഇതുസംബന്ധിച്ച് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പരാതിക്കാരിയായ യുവതി ഭര്‍ത്താവായ രാഹുലിനെതിരേ ആദ്യം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. രാഹുല്‍ കഴുത്തില്‍ വയര്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചെന്നും ക്രൂരമായി മര്‍ദിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി. 'അടുക്കള കാണല്‍' ചടങ്ങിന് പോയസമയത്താണ് മര്‍ദനമേറ്റ വിവരമറിഞ്ഞതെന്നും തുടര്‍ന്നാണ് പോലീസിനെ സമീപിച്ചതെന്നും യുവതിയുടെ വീട്ടുകാരും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാല്‍, സംഭവം നടന്ന് ഒരുമാസം തികയുംമുന്‍പേ പരാതിക്കാരി താന്‍ നേരത്തെ ഉന്നയിച്ച പരാതിയില്‍നിന്ന് പിന്മാറി. നേരത്തെ പറഞ്ഞതെല്ലാം കള്ളമാണെന്നും പോലീസിനോടും മാധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നെന്നും അതില്‍ കുറ്റബോധം തോന്നുന്നതായും യുവതി പറഞ്ഞു.

സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവ് രാഹുല്‍ തന്നെ മര്‍ദിച്ചതെന്നതടക്കം കള്ളമാണെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞതെന്നും യുവതി സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. രാഹുലിനൊപ്പം ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും കേസ് ഒഴിവാക്കണമെന്നും യുവതി പറഞ്ഞിരുന്നു.

ഭര്‍ത്താവിന്റെ ഭീഷണിയും സമ്മര്‍ദ്ദവും കൊണ്ടാണ് യുവതി മൊഴി മാറ്റിയതെന്ന സത്യവാങ്മൂലം പൊലീസ് ഹൈക്കോടതിക്ക് നേരത്തെ സമര്‍പ്പിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ യുവതി എന്തു പറഞ്ഞു എന്നതല്ല പൊലീസിനും മജിസ്‌ട്രേറ്റിനും നല്‍കിയ മൊഴിയാണ് സുപ്രധാനമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്.