തിരുവനന്തപുരം: പാപ്പനംകോട് പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറന്‍സ് ഓഫിസിലുണ്ടായ തീപിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത സംശയിച്ച് പൊലീസ്. ഓഫീസിലെ ജീവനക്കാരി വൈഷ്ണവിക്കൊപ്പം മരിച്ചത് പുരുഷനാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ദുരൂഹത ഉയര്‍ന്നത്. രാവിലെ ഒരാള്‍ സ്ഥാപനത്തിലെത്തി ബഹളം സൃഷ്ടിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടര്‍ അനു കുമാരി അറിയിച്ചു.

വൈഷ്ണവിക്ക് കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതും മുന്‍പ് ഭര്‍ത്താവ് ബിനു ഓഫീസിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു. പിന്നാലെ ബിനുവിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവം സബ് കളക്ടര്‍ അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പ്രതികരിച്ചു. ഒരു ദിവസത്തില്‍ സബ് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

സ്ഥാപനം നടത്തുന്ന വൈഷ്ണയും മറ്റൊരാളുമാണ് അപകടത്തില്‍ മരിച്ചത്. ഇയാള്‍ ആരാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. പുക ഉയരുന്നതാണ് നാട്ടുകാര്‍ ആദ്യം കണ്ടത്. ഈ സമയത്ത് എന്തുകൊണ്ട് ഇവിടെ എത്തിയയാള്‍ രക്ഷപ്പെട്ടില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്.

കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. രണ്ടുപേര്‍ മാത്രമാണ് സംഭവസമയം ഉണ്ടായിരുന്നത്. സ്ഥാപനം പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. സമീപത്തെ കടകളിലേക്ക് തീ പടരാത്തത് നാശനഷ്ടങ്ങളുടെ തീവ്രത കുറച്ചു. ഓഫിസിലേക്ക് പോകാന്‍ ചെറിയ കോണിപ്പടി മാത്രമാണുള്ളത്. ഓഫിസിലെ എ.സി പൊട്ടിത്തെറിച്ചിട്ടുണ്ട്.

ജീവനക്കാരിയായ വൈഷ്ണവിയാണ് മരിച്ച ഒരാളെന്നും സ്ഥാപനത്തില്‍ ഇന്‍ഷുറന്‍സ് അടയ്ക്കാനെത്തിയ ആളാണ് മരിച്ച രണ്ടാമത്തെയാളെന്നും നേരത്തെ സംശയം ഉയര്‍ന്നിരുന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മരിച്ച രണ്ടാമത്തെയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് വൈഷ്ണവിയുടെ കുടുംബ പ്രശ്‌നങ്ങള്‍ പൊലീസിന്റെ ശ്രദ്ധയിലെത്തിയത്.

ഇന്‍ഷുറന്‍സ് കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്ത് നടത്തുകയായിരുന്നു വൈഷ്ണവി. രണ്ട് കുട്ടികളുടെ മാതാവായ ഇവര്‍ക്ക് കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ സൂചന നല്‍കുന്നുണ്ട്. ഇവര്‍ ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണ്.

ഏഴ് വര്‍ഷമായി വൈഷ്ണവി ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. നരുവാമൂട് സ്വദേശി ബിനുവാണ് വൈഷ്ണവിയുടെ ഭര്‍ത്താവ്. ബിനുവാണോ തീപിടിത്തത്തില്‍ മരിച്ച രണ്ടാമത്തെയാളെന്നാണ് അന്വേഷിക്കുന്നത്. സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ പെട്ടെന്ന് പൊട്ടിത്തെറി ഉണ്ടായെന്നും പിന്നാലെ തീ ആളിപ്പടര്‍ന്നു എന്നുമാണ് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയത്.

മരിച്ച രണ്ടാമത്തെ ആള്‍ പുറത്തുനിന്ന് ഓഫീസിലെത്തിയതാണ്. ഇവര്‍ ഓഫീസിലെത്തിയതിന് ശേഷം ഉച്ചത്തില്‍ വഴക്ക് കേട്ടുവെന്ന് കെട്ടിടത്തിന് സമീപത്ത് നിന്നിരുന്ന ഒരാള്‍ മാധ്യമങ്ങളോട് പറയുന്നു. ഓഫീസ് പ്രവര്‍ത്തിക്കുന്ന മുറിക്കുള്ളില്‍ നിന്ന് പെട്ടെന്നാണ് തീ ആളിപ്പടര്‍ന്നത്.

അതിവേഗം തീ പടര്‍ന്നു. പിന്നാലെ നാട്ടുകാര്‍ ഇടപെട്ട് തീയണക്കാന്‍ ശ്രമിച്ചു. ശേഷം ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ പൂര്‍ണമായി അണച്ചു. ഈ സമയത്താണ് കത്തിക്കരിഞ്ഞ നിലയില്‍ രണ്ട് പേരെ ഓഫീസില്‍ നിന്ന് കണ്ടെത്തിയത്. പിന്നാലെ ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ആദ്യം ഗ്ലാസ് പൊട്ടിത്തെറിച്ചു. ഇതിന് ശേഷം പുകയും തീയും പുറത്തുവന്നു. അപ്പോഴും ആരും പുറത്തേക്ക് വന്നില്ല. നാട്ടുകാര്‍ തീ അണയ്ക്കാന്‍ ഓടിക്കൂടി. വൈഷ്ണ മാത്രമാണ് ഓഫീസില്‍ ജോലി ചെയ്യുന്നത്. ഓഫീസ് മുറിക്കുള്ളിലെ എ.സി. കത്തിനശിച്ചിട്ടുണ്ട്. ഇത് പൊട്ടിത്തെറിച്ചതാണോ, അതോ ആരെങ്കിലും തീയിട്ടതാണോ എന്നതിനേപ്പറ്റി പരിശോധന നടക്കുന്നുണ്ട്.

15 വര്‍ഷത്തോളമായി സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഫയര്‍ഫോഴ്‌സെത്തിയാണ് തീ അണച്ചത്. നേമം പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. മന്ത്രി കെ. രാജന്‍, വി. ശിവന്‍കുട്ടി, ജില്ലാ കലക്ടര്‍ അനു കുമാരി തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. തിരുവനന്തപുരം സബ് കലക്ടര്‍ അശ്വതി ശ്രീനിവാസ് സംഭവം അന്വേഷിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.