- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറവൂരില്‍ വിഡി സതീശനെതിരെ റിനിയെ മത്സരിപ്പിക്കുന്നതും സിപിഎം പരിഗണനയില്‍; നടി സഹകരണത്തിന് സമ്മതം മൂളിയാല്‍ പാലക്കാട്ടും സീറ്റ് നല്‍കിയേക്കും; ശൈലജയേയും ഷൈനിനേയും വേദിയില്‍ നിറച്ച് പറവൂരില്‍ സിപിഎം 'സര്‍ജിക്കല്‍ സ്ട്രൈക്കിന്'; 'പെണ്‍ പ്രതിരോധം' ചര്‍ച്ചകളില്‍
കൊച്ചി: പറവൂരില്‍ നടി റിനി ആന്‍ ജോര്‍ജിനെ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സിപിഎം പരിഗണിക്കുന്നു. റിനിയെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് പാര്‍ട്ടി നേതാവ് കെ ജെ ഷൈന്‍ രംഗത്തു വന്നത് ഈ സാഹചര്യത്തിലാണ്. പറവൂരില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ റിനിയെ മത്സരിപ്പിക്കാനാണ് ആലോചന. ഇതിനൊപ്പം പാലക്കാട്ടേക്കും പരിഗണിച്ചേക്കും. എന്നാല്‍ റിനി മത്സരിക്കാന്‍ തയ്യാറാകുമോ എന്ന് ഉറപ്പില്ല. ഇക്കാര്യത്തില്‍ നടിയുടെ നിലപാട് നിര്‍ണ്ണായകമാകും. ഏതായാലും സിപിഎമ്മിനോട് റിനിയെ ചേര്‍ത്ത് നിര്‍ത്താനാണ് തീരുമാനം.
സ്ത്രീകളെ സ്മാര്‍ത്ത വിചാരം ചെയ്യുന്നവരുടെ കൂട്ടമാണ് റിനി വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലുള്ളതെന്നും കെ ജെ ഷൈന്‍ വിമര്‍ശിച്ചിരുന്നു. ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് പറവൂരില്‍ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് ഷൈന്‍ റിനിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ച് പോലും വടകര തെരഞ്ഞെടുപ്പ് കാലത്തു തനിക്കെതിരെ പ്രചാരണം നടന്നെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സിപിഎം നേതാവ് കെ കെ ശൈലജയും പറഞ്ഞു. വടകരയില്‍ കെകെ ശൈലജയെ തോല്‍പ്പിച്ചത് ഷാഫി പറമ്പിലാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ഗോഡ് ഫാദറായാണ് ഷാഫിയെ വിശദീകരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി വളരെ അടുപ്പമുള്ള കുടുംബ പശ്ചാത്തലമാണ് റിനിയുടേത്. എന്നാല്‍, കോണ്‍ഗ്രസിന്റെ ഒരു ഭാരവാഹിത്വവും വഹിക്കുന്നില്ല. നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് റിനി പ്രതിഷേധ കൂട്ടായ്മയുടെ വേദിയിലും ആവര്‍ത്തിച്ചത്. ഏതെങ്കിലും സംഘടനയുടെയോ വ്യക്തികളുടെയോ പേരെടുത്ത് പറഞ്ഞുകൊണ്ട് ഇന്നലെയും ആരെയും വിമര്‍ശിക്കാന്‍ റിനി തയാറായിട്ടില്ല. അപ്പോഴും സിപിഎം വേദിയില്‍ റിനി എത്തിയത് ശ്രദ്ധേയമാണ്. പെണ്‍കരുത്ത് എന്ന പേരില്‍ സിപിഐഎം പറവൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു പരിപാടി. വേദിയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രസ്ഥാനത്തിന്റെ ഭാഗമാകണമെന്ന് കെ.ജെ. ഷൈന്‍ റിനിയോട് അഭ്യര്‍ഥിച്ചു.
'പെണ്‍ പ്രതിരോധം' എന്ന പേരിലാലായിരുന്നു സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും എതിരെ സിപിഎം പരിപാടി സംഘടിപ്പിച്ചത്. വടകര മണ്ഡലം സ്ഥാനാര്‍ഥിയായിരിക്കെ വലിയ തോതില്‍ സൈബര്‍ ആക്രമണത്തിന് ഇരയായ കെ.കെ. ശൈലജ ടീച്ചറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. 'ഇപ്പോഴും ഞാന്‍ ഇവിടെ ഭയത്തോട് കൂടിയാണ് നില്‍ക്കുന്നത്. ഇത് വച്ച് അവര്‍ ഇനി എന്തെല്ലാം കഥകള്‍ പ്രചരിപ്പിക്കുമെന്ന ഭയമുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടി ഒരക്ഷരം എങ്കിലും സംസാരിക്കേണ്ടതിന്റെ ദൗത്യം എനിക്കുകൂടി ഉണ്ടെന്ന് തോന്നിയത് കൊണ്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്,' റിനി വേദിയില്‍ പറഞ്ഞു.
അടുത്തിടെ കെ.ജെ. ഷൈനിന് നേരെ വലിയ തോതില്‍ സൈബര്‍ ആക്രമണത്തിനും അപകീര്‍ത്തി പ്രചരണവും നടന്നിരുന്നു. പ്രസംഗത്തിനിടെ ഷൈന്‍, റിനിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. റിനിയെ പോലുള്ള സ്ത്രീകള്‍ ഈ പ്രസ്ഥാനത്തോടൊപ്പം ചേരണമെന്ന് താന്‍ ആഗ്രഹിക്കുന്നെന്നായിരുന്നു ഷൈനിന്റെ പ്രസ്താവന.