- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയില്‍ അവര്‍ക്ക് തറവാട്; ജയിലില്‍ നിന്ന് ക്വട്ടേഷന്‍ എടുക്കലും കള്ളക്കടത്ത് ആസൂത്രണവും മൊബൈല്‍ ഫോണ്‍ ഉപയോഗവും ആയി വിഐപി പരിഗണനയോടെ അര്‍മാദിച്ച് ജീവിതം; ടിപി വധക്കേസ് പ്രതികളോട് സര്‍ക്കാരിന് എപ്പോഴും സോഫ്റ്റ് കോണര്‍; കൊടി സുനിക്ക് 30 ദിവസത്തെ പരോള്‍ നല്‍കിയത് അസാധാരണ സംഭവം; തീരുമാനം കോടതി കയറിയേക്കും
കൊടി സുനിക്ക് 30 ദിവസത്തെ പരോള്‍ നല്‍കിയത് അസാധാരണ സംഭവം
മലപ്പുറം: ടി പി വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചത് പൊലീസിന്റെ പ്രതികൂല പ്രബേഷന്‍ റിപ്പോര്‍ട്ടിനെ മറികടന്ന്. റിപ്പോര്‍ട്ടിലെ ഉള്ളടക്കം കണക്കിലെടുക്കാതെ ജയില്‍ ഡിജിപി അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു.
ആഭ്യന്തര വകുപ്പ് അറിയാതെ ജയില്‍ ഡിജിപിക്ക് മാത്രമായി പരോള്‍ അനുവദിക്കാനാവില്ല. അഞ്ചു വര്‍ഷത്തിനു ശേഷമാണ് കൊടി സുനി പുറത്തിറങ്ങുന്നത്. പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും പരോള്‍ അനുവദിക്കുകയായിരുന്നു. ജയിലില്‍ നിന്ന് പരോള്‍ ലഭിച്ച ഘട്ടങ്ങളില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് സുനിക്ക് പരോള്‍ നല്‍കരുതെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സുനിക്ക് പരോള്‍ നല്‍കിയത് അസാധാരണ സംഭവമാണെന്ന് ടിപിയുടെ ഭാര്യ കെ.കെ.രമ എംഎല്‍എ പറഞ്ഞു. സുനിയുടെ അമ്മയ്ക്ക് മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാന്‍ അവകാശമുണ്ട്. പക്ഷേ 30 ദിവസം പരോള്‍ കൊടുക്കുന്നത് എന്തിനാണെന്നു അറിയില്ലെന്നും കെ.കെ.രമ പ്രതികരിച്ചു. അമ്മക്ക് കാണാനാണെങ്കില്‍ പത്ത് ദിവസം ദിവസം പോരെ. ഇത്തരമൊരു ക്രിമിനല്‍ ഒരു മാസം നാട്ടില്‍ നിന്നാല്‍ എന്ത് സംഭവിക്കും.
എന്ത് മനുഷ്യാവകാശത്തിന്റെ പേരിലാണ് ജാമ്യം അനുവദിച്ചതെന്ന് ജയില്‍ വകുപ്പ് അധികൃതര്‍ മറുപടി പറയണമെന്ന് കെ.കെ. രമ ആവശ്യപ്പെട്ടു. നേരത്തെ തന്നെ ടി.പി വധക്കേസ് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ നീക്കം നടന്നിരുന്നു. എന്നാല്‍, നടപടി പുറത്തായ സാഹചര്യത്തിലാണ് മരവിപ്പിച്ചത്. നേരത്തെ പരോളിലിറങ്ങിയ സുനിക്കെതിരെ 12ഓളം കേസുകള്‍ നിലവിലുണ്ട്. ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചത് മാത്രമല്ല, ജയിലിനകത്ത് വെച്ച് ക്വട്ടേഷന്‍ ഏര്‍പ്പാടുകള്‍ നടത്തിയതും നാടിനറിയാം. ജയില്‍ വകുപ്പിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ.കെ. രമ പറഞ്ഞു.
കൊടി സുനി അടക്കം പ്രതികള്‍ ജയിലില്‍ ലഹരി ഉപയോഗിച്ചതിനും ജയില്‍ വാര്‍ഡന്മാരെ ആക്രമിച്ചതിനും ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനും സ്വര്‍ണക്കടത്തും ക്വട്ടേഷന്‍ പ്രവര്‍ത്തനവും ആസൂത്രണം ചെയ്തതിനും പല ഘട്ടങ്ങളിലായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവയിലൊന്നും അന്വേഷണം മുന്നോട്ടുപോയിട്ടില്ലെന്നു മാത്രമല്ല പ്രതികളെ നിലവിലെ ജയിലില്‍നിന്ന് മാറ്റി കേസന്വേഷണം അവസാനിപ്പിക്കുന്നതാണ് പതിവുരീതി. പ്രതികളെ ജയിലുകളില്‍നിന്ന് വിവിധ ആവശ്യങ്ങള്‍ക്ക് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ 'വി.ഐ.പി പരിഗണന' നല്‍കുന്നതും വലിയ ചര്‍ച്ചയാണ്.
പരോള്‍ ലഭിച്ചതിനെ തുടര്‍ന്ന് സുനി തവനൂര്‍ ജയിലില്‍ നിന്നുമാണ് പുറത്തിറങ്ങിയത്. കൊടി സുനിയുടെ അമ്മ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് മുപ്പത് ദിവസത്തെ പരോള്‍ അനുവദിച്ചത്. പരോള്‍ ആവശ്യപ്പെട്ട് അമ്മ മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നല്‍കിയത്. കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡിജിപി പരോള്‍ അനുവദിക്കുകയായിരുന്നു.
ജയിലില്‍ അര്‍മാദിച്ച് ജീവിതം
ടി പി വധക്കേസില്‍ പാര്‍ട്ടിക്ക് പങ്കൊന്നുമില്ലെന്ന് സിപിഎം ആവര്‍ത്തിക്കുമ്പോഴും കൊടി സുനി അടക്കമുള്ളവര്‍ക്ക്, ജയിലില്‍ അടക്കം എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്ത് പാര്‍ട്ടിയാണ്. ജയിലില്‍ ശരിക്കും 'വി.ഐ.പി'യായിരുന്നു സുനി സംഘം. യഥേഷ്ടം ഫോണ്‍ വിളിക്കാം, പ്രത്യേക ഭക്ഷണം, വാര്‍ഡന്മാരെ എടാ പോടാ എടാ പോടാ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യം. ഒരിക്കല്‍ ജയിലിനകത്തുനിന്ന് സുനി ഫോണ്‍ വിളിക്കുന്നതു മൊബൈലില്‍ പകര്‍ത്തിയ വാര്‍ഡനു ലഭിച്ചത് മെമോയായിരുന്നു. 2017 ജനുവരിയിലാണു കൊടി സുനി ജയില്‍ ഉദ്യോഗസ്ഥനു മെമോ 'കൊടുപ്പിച്ചത്'.ഉദ്യോഗസ്ഥന്‍ ഫോണ്‍ വിളി പകര്‍ത്തുന്നതു കണ്ട സുനി ഫോണ്‍ പിടിച്ചെടുത്ത് സിംകാര്‍ഡ് നശിപ്പിച്ചു. ജയിലിനകത്തു ക്യാമറ കടത്തിയെന്നു പറഞ്ഞ് വാര്‍ഡനു ജെയിലര്‍ മെമോ നല്‍കി. തടവുകാരുടെ ചിത്രം അനുമതിയില്ലാതെ എടുക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണു വിശദീകരണം തേടിയത്. എന്നാല്‍ സുനി ആരോടാണു സംസാരിച്ചത് എന്നതിനെപ്പറ്റി അന്വേഷണം നടന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇതെല്ലാം വലിയ വിവാദമായിരുന്നു.
ടി പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫേസ്ബുക്ക് ഉപയോഗിച്ച് ചിത്രങ്ങള്‍ ഇട്ടതും വാര്‍ത്തയായി. സെല്ലില്‍ മീന്‍ പൊരിക്കാനുള്ള അനുമതിയൊക്കെ സുനിക്ക് ഉണ്ടായിരുന്നു. പേടി കാരണം പല വാര്‍ഡന്മാരും ട്രാന്‍സ്ഫറിനുള്ള അപേക്ഷ പോലും സുനിയോട് പറയുമായിരുന്നു. ഒരിക്കല്‍ വിയ്യൂര്‍ ജയിലില്‍വെച്ച് സുനിയെയും കൂട്ടരെയും തല്ലിച്ചതച്ചപ്പോള്‍, ജയിലിനുമുന്നില്‍ അന്നത്തെ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ അടക്കമുള്ള വലിയ നിരയാണ് തിടിച്ചുകൂടിയത്. ജയിലിലും കാര്യമായ പണിയൊന്നും ഇവര്‍ക്ക് എടുക്കേണ്ടി വന്നില്ല. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ടി.പി വധക്കേസിലെ പ്രതികള്‍ക്ക് കൈയയച്ചു പരോള്‍ നല്‍കിയത് ഏറെ വിവാദങ്ങളും ഉണ്ടാക്കിയിരുന്നു.
മലബാര്‍ കിണ്ണത്തപ്പ നിര്‍മ്മാണം
ടിപി കൊലപാതക കേസിലെ പ്രതികള്‍ക്ക് ജയിലില്‍ സുഖവാസമൊരുക്കാന്‍ പലവഴികളാണ് അധികൃതര്‍ ചെത്തുകൊടുത്തത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു, 2019ല്‍ വിയ്യൂരില്‍ നടന്ന മലബാര്‍ കിണ്ണത്തപ്പ നിര്‍മ്മാണം. നിയമം ലംഘിച്ച് രാത്രികാലങ്ങളില്‍ ടിപി വധ കേസ് കുറ്റവാളികളെ സെല്ലിനു പുറത്തിറക്കിയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 'കിണ്ണത്തപ്പം' നിര്‍മ്മാണം പൊടിപെടിച്ചത്.
തലശേരി കിണ്ണത്തപ്പം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടാക്കി ജയില്‍ ഔട്ലെറ്റിലൂടെ വില്‍ക്കാമെന്ന ആശയം അവതരിപ്പിച്ചത് കിര്‍മാണി മനോജും സംഘവുമായിരുന്നത്രേ. കിണ്ണത്തപ്പം ഉണ്ടാക്കാനുള്ള ചുമതലയും ഇവര്‍ ഏറ്റെടുത്തു. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന കിര്‍മാണി മനോജ്, എസ്. സിജിത്ത് (അണ്ണന്‍ സിജിത്ത്), എംസി അനൂപ് എന്നിവരെയാണ് ഇതിനായി വൈകിട്ട് 6.30 മുതല്‍ 9.30 വരെ സെല്ലിനു പുറത്തിറക്കി.. ടിപി കേസ് തടവുകാരെ ഒരേ സെല്ലില്‍ പാര്‍പ്പിക്കാനോ ഒന്നിച്ചു പുറത്തിറക്കാനോ പാടില്ലെന്നു നിര്‍ദ്ദേശമുണ്ടെങ്കിലും നിയമലംഘനം മാസങ്ങളോളം തുടര്‍ന്നു. പ്രത്യുപകാരമെന്ന നിലയ്ക്ക് ജയില്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് ജോലിക്കയറ്റത്തിനടക്കമുള്ള ശുപാര്‍ശകള്‍ ടിപി കേസ് സംഘം ചെയ്തുകൊടുക്കുത്തായും മാധ്യമങ്ങള്‍ എഴുതിയിരുന്നു. ഒടുവില്‍ വാര്‍ത്തയായതോടെയാണ് ഈ പരിപാടി അവസാനിച്ചത്.
ജയിലില്‍ കിടന്നും കോടീശ്വരന്‍
ജയിലില്‍ കിടന്നും, കൊള്ളയും കൊലയും, കള്ളക്കടത്തുമൊക്കെ ആസുത്രണം ചെയ്യുന്ന 'പ്രതിഭാശാലികളെ' കുറിച്ച് മുംബൈ അധോലോകത്തിന്റെ കഥകളിലാണ് നാം കേട്ടത്. പക്ഷേ അത് കേരളത്തിലും യാഥാത്ഥ്യമായി. കൊടി സുനി തടവറയില്‍നിന്ന് നിര്‍ബാധം ചെയ്തത് ആ പണിയാണ്. മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍, ക്വട്ടേഷന്‍ ജോലികള്‍ തുടങ്ങിയവ ജയിലില്‍ വെച്ച് ആസൂത്രണം ചെയ്യുകയും പരോളിലെത്തി ഇക്കാര്യങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നതാണ് സുനിയുടെ രീതി. ജയിലില്‍ നിന്നു ഇതിനായി വിളിച്ചത് ആയിരത്തിലേറെ കോളുകളാണ് എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
നിരവധി പിടിച്ചുപറി, മോഷണ കേസുകളില്‍ പ്രതിയായ കോഴിക്കോട് പൊക്കുന്ന് സ്വദേശി രഞ്ജിത്ത് എന്ന കാക്ക രഞ്ജിത്ത്, കൊല്ലത്തെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ രാജേഷ് ഖന്ന എന്നിവരുമായി ചേര്‍ന്നാണ് കൊടി സുനി പദ്ധതി നടപ്പാക്കിയത്.കോഴിക്കോട്ട് കാര്‍ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നതാണ് കേസ്. ഈ കേസില്‍ സുനിയെ സെന്‍ട്രല്‍ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസിന് അനുമതി നല്‍കുകയും ചെയ്തു. 2016 ജൂലായ് 16ന് രാവിലെ ആറോടെ ദേശീയപാതയില്‍ നല്ലളം മോഡേണ്‍ സ്റ്റോപ്പിന് സമീപം കാര്‍ യാത്രക്കാരനെ ആക്രമിച്ചാണ് സ്വര്‍ണം കവര്‍ന്നത്. കവര്‍ച്ച നടത്താനും സ്വര്‍ണം മറിച്ചുവില്‍ക്കാനും സുനി ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. ഇങ്ങനെ നിരവധി കേസുകള്‍. പരോളിലിറങ്ങിയപ്പോഴും സുനി തല്ല് കേസില്‍ പ്രതിയായി.
സ്വര്‍ണക്കടത്തിന്റെ പേരിലുണ്ടായ അര്‍ജുന്‍ ആയങ്കി വിവാദത്തിലും കൊടി സുനി പെട്ടു. ഈ സംഘാംഗങ്ങളുമായി സിപിഎമ്മിലെ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന ആക്ഷേപം നേരത്തേ ഉയര്‍ന്നിരുന്നു. കള്ളക്കടത്തു സ്വര്‍ണത്തിന്റെ മൂന്നിലൊന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ക്കടക്കം നല്‍കുന്നു എന്നാണ് പിടിക്കപ്പെട്ടവര്‍ പറയുന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനി, ഷാഫി എന്നിവര്‍ക്കും സ്വര്‍ണക്കടത്തു സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. ഇതിന് പിന്നാലെയാണ് കൊടി സുനിയുടെ സ്വത്തിലെ വളര്‍ച്ചയുടെ വിവരവും പുറത്തു വരുന്നത്. ആയങ്കി ഉള്‍പ്പെട്ട ക്വട്ടേഷന്‍ സംഘത്തിന് ജയിലില്‍നിന്നു നിര്‍ദ്ദേശം നല്‍കുന്നതുകൊടി സുനിയും സംഘവുമാണെന്നാണ് പൊലീസ് പറയുന്നത്. ഇങ്ങനെ ജയിലില്‍ കിടന്നും കൊടി സുനി കോടീശ്വരനായി.