ചെന്നൈ: തമിഴക രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയമാണ് വിജയവും തൃഷയും. ടിവികെ നേതാവിന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നതോടെ ഇത് തമിഴകത്തില്‍ കൂടുതല്‍ ചര്‍ച്ചയാകുന്നുണ്ട്. സിനിമാ ലോകത്തും ഈ വിഷയം ച്ചായിയി. നടനും സംവിധായകനുമായ ആര്‍. പാര്‍ത്ഥിപന്‍, വിജയ്, തൃഷ എന്നിവരെ ലക്ഷ്യമിട്ട് നടത്തിയ പരാമര്‍ശങ്ങളും വിവാദമായി. ചെന്നൈയില്‍ നടന്ന ഒരു വിവാഹ റിസപ്ഷനില്‍ വിജയിയും തൃഷയും ഒരുമിച്ച് പങ്കെടുത്തതിന് പിന്നാലെയാണ് വിവാദങ്ങള്‍ പുകയുന്നത്.

ഗലാട്ട അവാര്‍ഡ്സ് ചടങ്ങില്‍ വെച്ച് 'പൊന്നിയിന്‍ സെല്‍വന്‍' എന്ന ചിത്രത്തിലെ സഹതാരമായ തൃഷയെക്കുറിച്ച് ചോദിച്ചപ്പോള്‍, പാര്‍ത്ഥിപന്റെ മറുപടി ഇങ്ങനെയായിരുന്നു. 'ഈ കുന്ദവൈയെ (തൃഷയുടെ കഥാപാത്രം) കുറച്ചു ദിവസത്തേക്ക് വീട്ടില്‍ തന്നെ ഇരുത്തണം. അതാണ് നല്ലത്. അവളെ പുറത്തിറങ്ങാന്‍ അനുവദിക്കരുത്.' ഈ പ്രസ്താവന തൃഷയോടുള്ള കരുതലാണോ അതോ അവരുടെ വ്യക്തിജീവിതത്തിന് നേരെയുള്ള പരിഹാസമാണോ എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

സംരംഭകനും ചലച്ചിത്ര നിര്‍മാതാവുമായ കല്‍പ്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷി സുരേഷിന്റെയും മകന്റെ വിവാഹ സല്‍ക്കാരത്തിലാണ് വിജയ് യും തൃഷയും ഒന്നിച്ച് പങ്കെടുത്തത്. വിജയ്യുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം. വിജയ്ക്ക് ബന്ധമുള്ള നടി തൃഷ കൃഷ്ണനാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാണ്. ഇരുവര്‍ക്കും കടുത്ത സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വരുന്നത്. ഒരു കാറില്‍ ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും എത്തിയതെന്നതും സമൂഹമാധ്യമ ചര്‍ച്ച വര്‍ധിപ്പിച്ചിട്ടുണ്ട്.

വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാലെ, വിജയ്യുടെ മകന്‍ ജേസണ്‍ സഞ്ജയ് ഇന്‍സ്റ്റഗ്രാമില്‍ അച്ഛനെ അണ്‍ഫോളോ ചെയ്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അമ്മക്കുള്ള നിശബ്ദ പിന്തുണയാണ് സഞ്ജയിന്റെ ഈ നീക്കമെന്ന് ഒരു വിഭാഗം കരുതുമ്പോള്‍, സഞ്ജയ് നേരത്തെ തന്നെ അച്ഛനെ ഫോളോ ചെയ്തിരുന്നില്ലെന്നും ചിലര്‍ വാദിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിരന്തരമായി വരുന്ന തനിക്കെതിരെയുള്ള വിവാദ പരാമര്‍ശങ്ങളില്‍ സങ്കടപ്പെടുകയോ സമ്മര്‍ദ്ദത്തിലാകുകയോ ചെയ്യരുതെന്ന് വിജയ് ആരാധകരോട് പറഞ്ഞു. 'ദയവായി എന്നെ ചുറ്റിപ്പറ്റിയുള്ള സമീപകാല പ്രശ്നങ്ങളെക്കുറിച്ച് വിഷമിക്കരുത്. ആ പ്രശ്നങ്ങള്‍ നിങ്ങളുടെ സമയത്തിന് വിലപ്പെട്ടതല്ല. ഞാന്‍ അവ സ്വയം കൈകാര്യം ചെയ്യും. എന്റെ പ്രശ്നങ്ങള്‍ കാരണം നിങ്ങള്‍ സങ്കടപ്പെടുകയോ സമ്മര്‍ദ്ദത്തിലാകുകയോ ചെയ്യുന്നത് കാണുന്നതാണ് എന്നെ ഏറ്റവും വേദനിപ്പിക്കുന്നത്. ദയവായി എനിക്ക് വേണ്ടി ആ ഭാരം ചുമക്കരുത്. പകരം, നമുക്ക് ജനങ്ങളുടെ ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം' വിജയ് പറഞ്ഞു.

പാര്‍ത്ഥിപനെ പിന്തുണച്ചും, തൃഷയെ വിമര്‍ശിച്ചും സോഷ്യല്‍ മീഡിയയില്‍ ഒരുപാട് കമന്റുകള്‍ വന്നിരുന്നു. അതുവരെ അത്രയേറെ മോശമായ കമന്റുകളും പ്രസ്താവനകളും വന്നിട്ടും പ്രതികരിക്കാതിരുന്ന തൃഷ പാര്‍ത്ഥിപന്റെ വീഡിയോ വൈറലായതിന് പിന്നാലെ സോഷ്യല്‍ മീഡിയ പോസ്റ്റുമായി എത്തി.

പരിപാടിയുടെ പേരോ, ആളുടെ പേരോ ഒന്നും പറയാതെയാണ് വിഷയത്തെ സംബന്ധിച്ച് തൃഷ പ്രതികരിച്ചത്.- പരിപാടിയുടെ അവസാന നിമിഷത്തില്‍ എന്റെ പേരും ചിത്രവും ഉപയോഗിക്കുന്നു എന്ന് എന്നെ അറിയിച്ചത് സംഘാടകരുടെ അസിസ്റ്റന്റ്സില്‍ ഒരാളാണ്. ഒരു മൈക്രോഫോണ്‍ ഒരിക്കലും ഒരു കമന്റിനെ ബുദ്ധിപരമായതോ തമാശയുള്ളതോ ആക്കി തീര്‍ക്കില്ല. അത് വിഡ്ഡിത്തം കൂടുതല്‍ ഉച്ചത്തില്‍ പറയാനേ ഉപകരിക്കൂ. ഒരു കാര്യത്തെ കുറിച്ച് അറിവില്ലാതെ അസഭ്യവാക്കുകള്‍ ഉപയോഗിച്ചുകൊണ്ട് പറയുന്നത് മോശമാക്കുന്നത് ആ വ്യക്തിയെ അല്ല ആ പറയുന്ന ആളുടെ സ്വഭാവത്തെയാണ് കാണിച്ചു തരുന്നത്- എന്നാണ് തൃഷ പറഞ്ഞത്.

തൃഷയുടെ മറുപടി കൂടെ വന്നതോടെ പ്രശ്നം കൂടുതല്‍ വഷളായിത്തുടങ്ങി. ഒടുവില്‍ ഇപ്പോള്‍ പാര്‍ത്ഥിപന്റെ വിശദീകരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഒരു ഓഡിയോ റെക്കോഡ് ആണ് പുറത്തുവന്നിരിക്കുന്നത്. ചില നേരങ്ങളില്‍ ചില തെറ്റുകള്‍ സാഹചര്യമറിയാതെ അരങ്ങേറുന്നു. റാപ്പിഡ് ഫയര്‍ പോലെ ചോദിച്ച 20 ചോദ്യങ്ങള്‍ക്കും ഒരു നിമിഷം പോലും ആലോചിക്കാതെ മറുപടി നല്‍കിക്കൊണ്ടിരിക്കുമ്പോഴാണ് തൃഷയുടെ ഫോട്ടോ സ്‌ക്രീനില്‍ വന്നത്. എന്ത് പറയണം എന്ന് ആലോചിക്കുന്നതിനിടയില്‍ ആണ് കുന്ദവൈ കുന്ദവൈ എന്ന് വിളിച്ചുകൂവുന്നത് കേട്ടത്. ഉടനെ പ്രാസത്തില്‍ പറയുന്ന തരത്തില്‍, പ്രശ്നങ്ങള്‍ വരാതിരിക്കാന്‍ കുന്ദവൈയെ വീട്ടില്‍ തന്നെ കുന്തവിക്കവേണ്ടും എന്ന് പറഞ്ഞതും സദസ്സ് ഒന്നാകെ കൈ തട്ടി.

വേദിയില്‍ നിന്ന് ഇറങ്ങി വന്നപ്പോള്‍ രംഗരാജ് പാണ്ഡി, അത് വേണ്ടിയിരുന്നില്ല എന്ന് പറഞ്ഞു. ഉടനെ തന്നെ ഗലാട്ട തമിഴിന്റെ അരുണയോട് ആ ഭാഗം കട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ആരോ എടുത്ത വീഡിയോ പുറത്ത് വരികയും, ചിലര്‍ക്ക് അത് വേദനയുണ്ടാക്കി എന്നും അറിയുന്നതില്‍ എനിക്കും ഖേദമുണ്ട്. പ്രശ്നങ്ങള്‍ ഇത്രവലുതാവും എന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. കോളേജുകളില്‍ പോകുമ്പോള്‍ പോലും പെണ്‍ സ്വാതന്ത്ര്യത്തെ കുറിച്ചാണ് ഞാന്‍ സംസാരിക്കാറുള്ളത്. ആണ്‍ - പെണ്‍ ബന്ധത്തില്‍ അനാവശ്യമായ കെട്ടുപാടുകള്‍ക്ക് നടുവില്‍ നിന്ന് വിവാഹമോചനം നേടി സ്വതന്ത്ര്യത്തോടെ സന്തോഷത്തോടെ ജീവിക്കണം എന്ന് ചിന്തിക്കുന്ന ആളാണ് ഞാന്‍- പാര്‍ത്ഥിപന്‍ പറഞ്ഞു.