കൊച്ചി: മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭരണസമിതി രാജിവെച്ചപ്പോള്‍ ആദ്യം ചിന്തിച്ചത് അവരുടെ ഭീരുത്വത്തെ കുറിച്ചായിരുന്നുവെന്ന് നടി പാര്‍വതി തിരുവോത്ത്. മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ പ്രതികരണം.

അമ്മ അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്നു വന്ന ലൈംഗികാരോപണങ്ങളില്‍ പ്രതികരിക്കേണ്ട സമയത്ത് അത് ചെയ്യാതെ അവര്‍ ഒഴിഞ്ഞു മാറിയെന്ന് പാര്‍വതി പറഞ്ഞു. സര്‍ക്കാറുമായി ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ എന്തെങ്കിലുമൊരു ശ്രമം അവര്‍ നടത്തിയിരുന്നെങ്കില്‍ അത് നന്നായേനെയെന്നും പാര്‍വതി പറഞ്ഞു.

ഇപ്പോള്‍ രാജിവെച്ച എക്‌സിക്യൂട്ടീവ് കമിറ്റിയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയെ വീണ്ടും സംഘടനയിലേക്ക് സ്വാഗതം ചെയ്തത്. ലൈംഗികാരോപണങ്ങള്‍ പുറത്ത് വരുന്നത് വരെ ഇവിടെയൊരു പ്രശ്‌നവുമില്ലെന്നാണ് അവരുടെ നിലപാടെന്നും പാര്‍വതി വിമര്‍ശിച്ചു. സ്ത്രീകള്‍ക്ക് പരാതിയുണ്ടെങ്കില്‍ മുന്നോട്ട് വരട്ടെയെന്ന സര്‍ക്കാര്‍ നിലപാടിനെതിരെയും പാര്‍വതി രംഗത്തെത്തി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നേരത്തെ നടപ്പാക്കിയിരുന്നുവെങ്കില്‍ അതിജീവിതര്‍ക്ക് നീതിക്ക് വേണ്ടി അലയേണ്ടി വരില്ലായിരുന്നുവെന്നും പാര്‍വതി പറഞ്ഞു. താനും അമ്മയുടെ ഭാഗമായിരുന്നു. ആ സംഘടന എങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്ന് തനിക്കറിയാം. ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി സര്‍വാധികാരിയായിരിക്കുകയാണ് അമ്മയുടെ പ്രവര്‍ത്തനരീതി. അവര്‍ക്ക് മുന്നില്‍ പരാതികള്‍ ഉന്നയിക്കാന്‍ പോലും സാധിക്കില്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമയിലുണ്ടായ വെളിപ്പെടുത്തലിലാണ് താരസംഘടന അമ്മയില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജിവെച്ചത്. നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടറിനെ തുടര്‍ന്ന് സിനിമ രംഗത്തെ അതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍പ്പേര്‍ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിന്‍ സെക്രട്ടറി ബാബുരാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങള്‍ ഉന്നയിച്ചതോടെയാണ് കൂട്ട രാജിയിലേക്കെത്തിയത്.

കഴിഞ്ഞ ദിവസം അമ്മയ്ക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി പറഞ്ഞ് നടന്‍ പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു. അമ്മയുടെ നിലപാട് ദുര്‍ബലമാണ്. പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ അത് ഇല്ലാതാകണം, ഞാന്‍ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്ന് പറയാന്‍ കഴിയില്ല. ഒരു പദവിയില്‍ ഇരിക്കുന്നവര്‍ ആരോപണം നേരിടുമ്പോള്‍ പദവി ഒഴിയുക തന്നെ വേണം. അമ്മ ശക്തമായ നിലപാട് എടുക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. എല്ലാവരും ഒത്തു ചേര്‍ന്നുള്ള സംഘടന സംവിധാനം ആണ് വേണ്ടത്, അതുടനെ വരുമെന്നു പ്രതീക്ഷിക്കുന്നുവെന്നും സിനിമയില്‍ ബഹിഷ്‌കരണവും വിലക്കും പാടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തിരുന്നു. അമ്മയിലെ പുതിയ ഭാരവാഹികളെ ഉടന്‍ തിരഞ്ഞെടുക്കണമെന്ന ആവശ്യവും ശക്തമാണ്.