- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എഞ്ചിൻ തകരാറായെന്ന് കരുതി നിർത്താനൊരുങ്ങുമ്പോൾ കാർ ശക്തമായി കുലുങ്ങി; പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ഭീകരാവസ്ഥ മനസ്സിലായിട്ടും മനസ്സ് കൈവിടാതെ ഇറങ്ങിയോടി ഡോ. രശ്മി; സ്കൂൾ ബസിലുണ്ടായിരുന്ന പത്ത് കുട്ടികളെയും രക്ഷപ്പെടുത്തി ഡ്രൈവറും ആയയും; ദേശീയപാത ഇടിഞ്ഞ സംഭവം വിവരിച്ച് യാത്രക്കാർ
കൊട്ടിയം: കൊല്ലം കൊട്ടിയത്ത് ദേശീയപാത 66-ന്‍റെ നിർമാണത്തിലിരുന്ന മൺമതിൽ ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ ഞെട്ടൽ മാറാതെ യാത്രക്കാർ. തകർന്ന റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കൊട്ടിയം മൃഗാശുപത്രിയിലെ ഡോക്ടർ രശ്മി, കൊട്ടിയം കിങ്സ് സ്കൂളിലെ മിനി ബസ് ഡ്രൈവർ ഷാജിയുമാണ് നടന്ന സംഭവങ്ങൾ വിവരിച്ചത്.
അപകടത്തിൽപ്പെട്ട ആൾട്ടോ കാർ ഓടിച്ചിരുന്ന ഡോ. രശ്മിക്ക് റോഡ് തകർന്നതിന്‍റെ ആഘാതത്തിൽനിന്ന് ഇതുവരെ മുക്തി നേടാനായിട്ടില്ല. കാർ ഓടിച്ചുവരുമ്പോൾ ഒരു കിലുക്കം കേട്ട് എഞ്ചിന് തകരാറാണെന്ന് കരുതി വണ്ടി നിർത്താൻ ഒരുങ്ങുമ്പോഴാണ് വാഹനം അതിശക്തമായി കുലുങ്ങിയത്. വണ്ടി നിർത്തി നോക്കിയപ്പോൾ റോഡിന്‍റെ ഭീകരാവസ്ഥ മനസ്സിലായി. മനസ്സാനിധ്യം കൈവിടാതെ ഡോക്ടർ കാറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ഓടുന്നതിനനുസരിച്ച് റോഡ് വിണ്ടുകീറിക്കൊണ്ടിരുന്നുവെന്നും അവർ പറഞ്ഞു. ബാഗും മൊബൈൽ ഫോണും കാറിൽ വെച്ചതിനാൽ ആരെയും വിവരമറിയിക്കാൻ കഴിഞ്ഞില്ല.
പിന്നാലെ നിലവിളിച്ചുകൊണ്ട് ആളുകൾ ഓടിവന്നതാണ് തനിക്ക് അൽപ്പം ആശ്വാസം നൽകിയതെന്നും പരിക്കേൽക്കാതെ രക്ഷപ്പെടാനായതിൽ ആശ്വാസമുണ്ടെന്നും ഡോ. രശ്മി കൂട്ടിച്ചേർത്തു. സ്കൂളിൽ നിന്ന് കുട്ടികളെ വീടുകളിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ഡ്രൈവർ ഷാജിക്ക് മുന്നിൽ അപകടമെത്തിയത്. കൊട്ടിയത്ത് നിന്നുള്ള ഇറക്കം ഇറങ്ങുമ്പോൾ പെട്ടെന്നാണ് റോഡ് ഇടിഞ്ഞുതാഴുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ താനും ആയയും ചേർന്ന് മിനി ബസിലുണ്ടായിരുന്ന പത്ത് കുട്ടികളെയും പുറത്തിറക്കി സുരക്ഷിതരാക്കുകയായിരുന്നുവെന്ന് കൊട്ടിയം കിങ്സ് സ്കൂളിലെ ഡ്രൈവർ ഷാജി വ്യക്തമാക്കി.
ഇന്നലെ കൊട്ടിയം മൈലക്കാട് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകർന്ന അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള വാഹനയാത്രക്കാർ രക്ഷപ്പെട്ടത്. ദേശീയപാത നിർമ്മാണത്തിലെ അനാസ്ഥയാണ്അ പകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചെങ്കിലും വീഴ്ചയില്ലെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ മറുപടി. സംഭവത്തിൽ ജില്ലാ കളക്ടർ എൻ ദേവീദാസിന്‍റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും.
ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. എൻഎച്ച്എഐ അധികൃതരിൽ നിന്നും കളക്ടർ വിശദീകരണം തേടും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. അപകടത്തിന്‍റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനോട് എൻഎച്ച്എഐ റിപ്പോർട്ട് തേടിയിരുന്നു.




