- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലോക്കോപൈലറ്റ് ട്രെയിനിന്‍റെ ബ്രേക്ക് പിടിച്ച് 'സ്ലോ' ഡൗൺ ചെയ്യുന്നതേ..ഉള്ളൂ; പ്ലേറ്റ് ഫോമിൽ നിറച്ച് ഒരു ഈച്ചയെ പൊതിയെ നിൽക്കുന്നത് പോലെ ജനക്കൂട്ടം; എല്ലാവരുടെയും ലക്ഷ്യം ഒന്ന് മാത്രം എങ്ങനേലും 'സീറ്റ്' പിടിക്കുക; നിർത്തിയതും എല്ലാം മറന്ന് ഇടിച്ചുകയറുന്ന ഒരുകൂട്ടം സ്ത്രീകൾ; ജീവന് തന്നെ ഭീഷണിയാകുന്ന കാഴ്ച; ഇത് ഇന്ത്യൻ റയിൽവെയുടെ മറ്റൊരു മുഖം; ചർച്ചയായി ദൃശ്യങ്ങൾ

മുംബൈ: മുംബൈ ലോക്കൽ ട്രെയിനുകളിലെ യാത്രാദുരിതം അതീവ ഗുരുതരമായി തുടരുന്നു. ജീവൻ പണയം വെച്ച് ട്രെയിനിൽ കയറാൻ ശ്രമിക്കുന്ന യാത്രക്കാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിനിടെ, ട്രെയിനിൽ നിന്ന് വീണ് മൂന്ന് യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രീമിയർ ട്രെയിനുകൾക്ക് മുൻഗണന നൽകുന്നതും ലോക്കൽ ബോഗികളുടെ എണ്ണം കുറഞ്ഞതുമാണ് ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണം.
യാത്രക്കാരുടെ ദുരിതം വ്യക്തമാക്കുന്ന നിരവധി വീഡിയോകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടത്. 'റോസി' എന്ന എക്സ് ഹാൻഡിലിൽ നിന്ന് പങ്കുവെച്ച ഒരു വീഡിയോയിൽ, ട്രെയിൻ സ്റ്റേഷനിൽ പൂർണ്ണമായി നിർത്തുന്നതിന് മുമ്പ് തന്നെ സ്ത്രീകൾ ബോഗികളിലേക്ക് സാഹസികമായി ചാടിക്കയറാൻ ശ്രമിക്കുന്നത് കാണാം. ശരീരത്തിന്‍റെ മുൻഭാഗത്ത് ബാഗുകളിട്ട്, ഓടുന്ന ട്രെയിനിന്‍റെ കമ്പിയിൽ തൂങ്ങിക്കിടന്ന് സ്ത്രീകൾ കയറാൻ ശ്രമിക്കുന്നതിനിടെ ഒരാൾക്ക് ബാലൻസ് തെറ്റി താഴേക്ക് വീഴാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സമാനമായ നിരവധി ദൃശ്യങ്ങളും പുറത്തുവന്നു. ഈ മാസം ആദ്യം സിയോണിനും മാതുംഗയ്ക്കും ഇടയിൽ വെച്ച് സിഎസ്എംടി ബൗണ്ട് സബർബൻ ട്രെയിനിലെ തിരക്കിനിടെ ട്രാക്കിലേക്ക് തെറിച്ച് വീണ് മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെയാണ് മുംബൈ ട്രെയിനുകളിലെ തിരക്കിന്‍റെ വീഡിയോകൾ കൂടുതൽ വൈറലായത്.
വർഷങ്ങളായി ഇന്ത്യൻ റെയിൽവേ യാത്രക്കാർ സമാനമായ ദുരിതം അനുഭവിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. പ്രീമിയർ ട്രെയിനുകൾ റെയിൽവേ ട്രാക്കുകൾ കീഴടക്കിയതോടെ ലോക്കൽ ട്രെയിനുകളിലെ യാത്രാ ദുരിതം ഇരട്ടിയായി. നേരത്തെ ലോക്കൽ ബോഗികൾ കൂടുതലുണ്ടായിരുന്ന പല ട്രെയിനുകളിലും ഇന്ന് ലോക്കൽ ബോഗികൾ വളരെ കുറവാണ്. പകരം റിസർവേഷൻ ബോഗികളുടെ എണ്ണം പതിന്മടങ്ങ് വർധിച്ചു. ഇതോടെ സീസൺ ടിക്കറ്റ് യാത്രക്കാരുടെയും ലോക്കൽ ടിക്കറ്റ് യാത്രക്കാരുടെയും ദുരിതം വർദ്ധിച്ചു. കേരളം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലെ ട്രെയിൻ യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന്‍റെ എത്രയോ മടങ്ങ് കടുത്ത യാത്രാ ക്ലേശമാണ് മുംബൈ പോലുള്ള വ്യാവസായിക നഗരത്തിലെ യാത്രക്കാർ അനുഭവിക്കുന്നത്.
ലോക്കൽ ട്രെയിനുകളിലെ ഈ ദുരവസ്ഥയ്ക്ക് പിന്നിൽ റെയിൽവേയുടെ നയമാറ്റമാണെന്ന ആരോപണം ശക്തമാണ്. വന്ദേ ഭാരത് ഉൾപ്പെടെയുള്ള പ്രീമിയർ ട്രെയിനുകൾക്ക് ട്രാക്കുകളിൽ മുൻഗണന നൽകുന്നതോടെ ലോക്കൽ ട്രെയിനുകൾ പലപ്പോഴും വൈകിയോടുകയോ റദ്ദാക്കുകയോ ചെയ്യുന്നു. ഇത് സ്റ്റേഷനുകളിൽ അനിയന്ത്രിതമായ തിരക്ക് സൃഷ്ടിക്കുന്നു.
കൂടാതെ, സാധാരണ യാത്രക്കാർക്ക് ആശ്രയിക്കാവുന്ന ലോക്കൽ/ജനറൽ ബോഗികളുടെ എണ്ണം കുറച്ച് പകരം എസി റിസർവേഷൻ ബോഗികൾ വർദ്ധിപ്പിക്കുന്നത് സാധാരണക്കാരായ സീസൺ ടിക്കറ്റ് ഉടമകളെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നേരത്തെ പത്തും പന്ത്രണ്ടും ലോക്കൽ ബോഗികളുണ്ടായിരുന്ന ട്രെയിനുകളിൽ ഇന്ന് ഇത് വെറും രണ്ടോ മൂന്നോ ആയി ചുരുങ്ങിയിരിക്കുന്നു. മുംബൈയിലെ ലക്ഷക്കണക്കിന് സാധാരണ തൊഴിലാളികൾക്കും ഓഫീസിൽ പോകുന്നവർക്കും ഇത് താങ്ങാവുന്നതിലും അപ്പുറമാണ്.
ഓരോ സെക്കൻഡിലും ആയിരക്കണക്കിന് ആളുകൾ പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തുന്ന മുംബൈയിൽ, ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കാതെ ബോഗികൾ കുറയ്ക്കുന്നത് റെയിൽവേയുടെ ഭാഗത്തുനിന്നുള്ള ക്രൂരതയാണെന്ന് യാത്രക്കാർ പറയുന്നു.
മുംബൈയിലെ ലോക്കൽ ട്രെയിനുകളുടെ ആധുനികവൽക്കരണത്തെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉയരുമ്പോഴും, അടിസ്ഥാനപരമായ യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ അധികൃതർ തയ്യാറാകുന്നില്ല. റിസർവേഷൻ ഇല്ലാത്ത യാത്രക്കാർക്ക് മാന്യമായി സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കാത്ത പക്ഷം, മുംബൈയിലെ റെയിൽവേ ട്രാക്കുകളിൽ ഇനിയും ചോര വീണുകൊണ്ടേയിരിക്കുമെന്ന് ഈ മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.


