പത്തനംതിട്ട: ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കാത്ത സാഹചര്യത്തില്‍ പത്തനംതിട്ട സര്‍ക്കാര്‍ നഴ്സിങ് കോളേജിലെ കുട്ടികളെ ഇതര നഴ്സിങ് കോളജുകളിലേക്ക് മാറ്റാന്‍ നീക്കം തുടങ്ങി. സമരം ചെയ്ത കുട്ടികളോട് പക പോക്കാന്‍ വേണ്ടി ദൂരെയുള്ള സ്ഥലങ്ങളിലേക്ക് മാറ്റാനാണ് ശ്രമം. പത്തനംതിട്ട നഴ്സിങ് കോളജ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായി നടന്ന ഉന്നതതല യോഗത്തില്‍ ഇതു സംബന്ധിച്ച ചില നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവെങ്കിലും രക്ഷാകര്‍തൃ പ്രതിനിധികളെ ഇക്കാര്യം അറിയിച്ചിട്ടില്ല. വടക്കന്‍ ജില്ലകളിലെ ഏതെങ്കിലും നഴ്സിംഗ് കോളജുകളിലേക്ക് കുട്ടികളെ മാറ്റുന്നതാണ് പരിഗണിച്ചത്.

മുമ്പ് ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നിഷേധിച്ചപ്പോള്‍ കുട്ടികളെ മറ്റു മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റിയിരുന്നു. ഇതേപോലെ പത്തനംതിട്ട നഴ്സിങ് കോളജിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ കുട്ടികളുടെ ഭാവിക്കു ദോഷകരമാകാത്ത തരത്തിലുള്ള നിര്‍ദേശങ്ങളാണ് പരിഗണനയിലെത്തിയത്. കോന്നി മെഡിക്കല്‍ കോളജില്‍ പത്തനംതിട്ടയിലെ സര്‍ക്കാര്‍ നഴ്സിങ് കോളജ് കുട്ടികള്‍ക്കു കൂടി പഠന സൗകര്യം നല്‍കണമെന്ന നിര്‍ദേശമുണ്ടായെങ്കിലും നിലവില്‍ അവിടെ എല്‍ബിഎസിന്റെ നഴ്സിങ് കോളജ് ആരംഭിച്ച സാഹചര്യത്തില്‍ ഇതിനുള്ള ബുദ്ധിമുട്ടുകള്‍ ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.

കോളജുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തി നഴ്സിങ് കോളജ് പത്തനംതിട്ടയില്‍ തന്നെ തുടരുമെന്ന് പ്രിന്‍സിപ്പല്‍ എസ്. ഗീതാകുമാരി പറഞ്ഞു. കഴിഞ്ഞവര്‍ഷം സംസ്ഥാന സര്‍ക്കാര്‍ പുതുതായി അനുവദിച്ച നഴ്സിങ് കോളജുകളില്‍ ഒരെണ്ണം ആരോഗ്യമന്ത്രി സ്വന്തം മണ്ഡലത്തില്‍ കൊണ്ടു വരികയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ നഴ്സിങ് പ്രവേശന നടപടികള്‍ അവസാന ഘട്ടത്തിലെത്തി നില്‍്ക്കവേയാണ് 60 കുട്ടികള്‍ക്ക് ബിഎസ് സി നഴ്സിങ് കോഴ്സിനു പ്രവേശനം നല്‍കി കോളജ് പ്രവര്‍ത്തനം തുടങ്ങിയത്. പ്രാഥമികമായ സൗകര്യങ്ങള്‍ ഒന്നും ഒരുക്കാതെ ആരോഗ്യ സര്‍വകലാശാലയുടെ പ്രാഥമിക അംഗീകാരത്തോടെയാണ് കോളജ് തുടങ്ങിയത്.

നഗരത്തില്‍ വാടകക്കെട്ടിടത്തിലാണ് കോളജ് തുടങ്ങിയത്. കോളജിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും ലഭ്യമായിരുന്നില്ല. ക്ലാസ് മുറികളും ഓഫീസ് സംവിധാനവുമെല്ലാം ഇടുങ്ങിയ മുറിക്കുള്ളിലായി. കുട്ടികളുടെ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യവും ലഭ്യമായിരുന്നില്ല. ലൈബ്രറി, ലാബോറട്ടറി സൗകര്യങ്ങളുമുണ്ടായില്ല. ഇതിനിടെ ഒന്നാം സെമസ്റ്റര്‍ പൂര്‍ത്തിയായി. പരീക്ഷയും നടന്നു. ഫലം വന്നതോടെയാണ് അംഗീകാര വിഷയം വിവാദമായത്. ഐഎന്‍സി അംഗീകാരമില്ലെന്ന പേരില്‍ സര്‍വകലാശാല ഫലം തടഞ്ഞു വച്ചു. കുട്ടികളും രക്ഷിതാക്കളും പരസ്യ പ്രതിഷേധം അറിയിച്ചതോടെ മന്ത്രി ഇടപെട്ടാണ് ഫലം പുറത്തുവിട്ടത്.

ഇതിനിടെ പുതിയ ഒരു ബാച്ചിനു കൂടി പ്രവേശനം നല്‍കണം. നിലവിലെ കുട്ടികളുടെ അടുത്ത സെമസ്റ്റര്‍ പഠനവും ആരംഭിച്ചു. കോളജിന് കുറെക്കൂടി സൗകര്യങ്ങളുള്ള ഒരു കെട്ടിടം കണ്ടെത്തി ക്ലാസുകള്‍ അവിടേക്കു മാറ്റാമെന്ന തീരുമാനം കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തിലുണ്ടായി. എന്നാല്‍ ഇതിന് തുടര്‍ നടപടികള്‍ ആരംഭിക്കാനായിട്ടില്ല. എംഎല്‍എ ഫണ്ടില്‍ നിന്ന് കോളജ് ബസിനുള്ള സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വീണാ ജോര്‍ജ് അനുവദിച്ചു. കുട്ടികളുടെ ഇ ഗ്രാന്റ്, ഹോസ്റ്റല്‍ ഫീസ് തുടങ്ങിയ വിഷയങ്ങളിലെല്ലാം അനിശ്ചിതത്വമുണ്ട്. ഇവയെല്ലാം പരിഹരിക്കപ്പെടണമെങ്കില്‍ ഉന്നതതല ചര്‍ച്ചകള്‍ വേണം. കോളജിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ആരോഗ്യമന്ത്രി ഇടപെട്ട് പ്രാദേശിക യോഗം വിളിക്കാന്‍ ധാരണയുണ്ടായിരുന്നു. എന്നാല്‍ വയനാട് ഉരുള്‍പൊട്ടലിനേ തുടര്‍ന്ന് മന്ത്രി തിരക്കിലായതോടെ നിലവില്‍ നടന്നുവന്ന നീക്കങ്ങളും തടസപ്പെട്ടു.

പുതിയ വര്‍ഷത്തെ ക്ലാസുകള്‍ ആരംഭിക്കുന്നതിനോടനുബന്ധിച്ച് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ പരിശോധന കോളജില്‍ ഉണ്ടാകും. അപ്പോഴേക്കും അടിസ്ഥാന സൗകര്യങ്ങളുള്ള കെട്ടിടം കോളജിന് ഉണ്ടാകണം. ഐഎന്‍സി മാനദണ്ഡപ്രകാരം കെട്ടിടവും സൗകര്യങ്ങളും ക്ലാസ് മുറികളും ഇല്ലെങ്കില്‍ അംഗീകാരം ലഭിക്കില്ല. 60 കുട്ടികളുടെ ബാച്ചാണ് ആദ്യവര്‍ഷം ആരംഭിച്ചത്. വീണ്ടും ഒരു 60 കുട്ടികളെ പുതിയ വര്‍ഷം പ്രവേശിപ്പിക്കേണ്ടിവരും. സംസ്ഥാന മെറിറ്റ് ലിസ്റ്റില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് ഗവണ്‍മെന്റ് നഴ്സിങ് കോളജില്‍ അലോട്ട്മെന്റ് ലഭിക്കുക. അപ്പോഴേക്കും കുട്ടികളുടെ അംഗസംഖ്യ 120 ലെത്തും. ഇതിനാവശ്യമായ അധ്യാപകരെയും നിയമിക്കണം. ഇത്തരത്തിലുള്ള അടിസ്ഥാന വിഷയങ്ങള്‍ ഐഎന്‍സി പരിശോധനയ്ക്കു മുമ്പായി പൂര്‍ത്തീകരിക്കപ്പെടേണ്ടതുണ്ട്.