- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറുപതു വിദ്യാര്‍ഥികളെ വഞ്ചിച്ച് സര്‍ക്കാരും ആരോഗ്യമന്ത്രിയും; അംഗീകാരമില്ലാത്ത കോഴ്സിനെതിരേ നാളെ ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് കുട്ടികളുടെ മാര്‍ച്ച്
പത്തനംതിട്ട: അംഗീകാരമില്ലാത്ത സര്‍ക്കാര്‍ നഴ്സിങ് കോളജിനെതിരേ വിദ്യാര്‍ഥികള്‍ സമരത്തിന് നോട്ടീസ് നല്കി. ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് നാളെ സമരം നടത്താനാണ് കുട്ടികള്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. സമരം പിന്‍വലിക്കണമെന്ന് കോളജ് പ്രിന്‍സിപ്പാള്‍ കുട്ടികളോടും രക്ഷിതാക്കളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. കാതോലിക്കറ്റ് കോളജ് ജങ്ഷനിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അംഗീകാരം ലഭിച്ചിട്ടില്ല. ഇതു കാരണം കുട്ടികളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷാ ഫലം കേരള ആരോഗ്യ സര്‍വകലാശാല തടഞ്ഞു വച്ചിരുന്നു.
ഈ വിവരം മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും കെ.എസ്.യു ഇന്നലെ കോളജിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങുന്നുവെന്ന് മനസിലാക്കുകയും ചെയ്തതോടെ വെള്ളിയാഴ്ച രാത്രി കുട്ടികളുടെ തടഞ്ഞു വച്ച് പരീക്ഷാ ഫലം ആരോഗ്യ സര്‍വകലാശാല പുറത്തു വിട്ടിട്ടുണ്ട്. അക്ഷരാര്‍ഥത്തില്‍ സര്‍ക്കാര്‍ തലത്തിലുള്ള തട്ടിപ്പാണ് നഴ്സിങ് കോളജിന്റെ കാര്യത്തിലുണ്ടായിട്ടുള്ളതെനന് രക്ഷിതാക്കള്‍ പറഞ്ഞു. ഇന്നലെ പി.ടി.എ മീറ്റിങ് കഴിഞ്ഞ് പുറത്തു വന്ന രക്ഷിതാക്കള്‍ ഞെട്ടിക്കുന്ന കഥകളാണ് മാധ്യമങ്ങളോട് പറഞ്ഞത്.
രണ്ടു കുട്ടികള്‍ പഠനം അവസാനിപ്പിച്ചു
വയനാട്ടിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്‍പ്പെടെയുള്ള രണ്ടു കുട്ടികള്‍ പഠനം അവസാനിപ്പിച്ചുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ആദിവാസി വിഭാഗത്തില്‍ നിന്നുളള കുട്ടിക്ക് പുറത്ത് 6500 രൂപ മുടക്കി ഹോസ്റ്റലില്‍ താമസിക്കാന്‍ കഴിയാത്തതു കൊണ്ടാണ് പഠനം നിര്‍ത്തിയത്. ആ കുട്ടി ഇഗ്രാന്റ് ലഭിക്കേണ്ടതാണ്. പക്ഷേ, കോഴ്സിനും കോളജിനും അംഗീകാരമില്ലാത്തതിനാല്‍ ഇഗ്രാന്റ് അനുവദിക്കാന്‍ കഴിയില്ല. മെറിറ്റില്‍ അഡ്മിഷന് കിട്ടിയ കുട്ടിക്കാണ് ഈ ഗതികേട്. അത് പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. ഹോസ്റ്റല്‍ ഫീസ് ഒറ്റയടിക്ക് 1500 രൂപ വര്‍ധിപ്പിച്ചതോടെയാണ് രണ്ടാമത്തെ കുട്ടി പഠനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. കണ്ണൂരുകാരിയായ ഈ കുട്ടിക്ക് വര്‍ധിപ്പിച്ച ഹോസ്റ്റല്‍ ഫീസ് കൊടുക്കാനില്ല. കുട്ടിയുടെ മാതാവ് ബീഡി തെറുത്ത് കിട്ടുന്ന കാശു കൊണ്ടാണ് പഠിക്കാന്‍ അയച്ചിരുന്നത്.
കോളജിന് അംഗീകാരമില്ലാത്തതിനാല്‍ വിദ്യാഭ്യാസ വായ്പയും ലഭിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. മന്ത്രിയെ ബന്ധപ്പെടാന്‍ പല തവണ ശ്രമിച്ചിട്ടും നടന്നില്ല. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത സ്ഥലത്ത് കോളജ് തുടങ്ങിയത് മന്ത്രിയുടെ പ്രസ്റ്റീജ് വിഷയമായിരുന്നു. തന്റെ മണ്ഡലത്തില്‍ തന്നെ നഴ്സിങ് കോളജ് വരണമെന്ന് മന്ത്രിക്ക് വാശിയുണ്ട്. അഡ്മിഷന് എടുക്കാന്‍ വന്നപ്പോള്‍ തന്നെ ഈ കെട്ടിടം സംബന്ധിച്ച് സംശയം ഉന്നയിച്ചിരുന്നുവെന്നും ആറു മാസത്തിനകം പുതിയ കെട്ടിടത്തില്‍ ക്ലാസ് തുടങ്ങുമെന്നുമാണ് പ്രിന്‍സിപ്പാള്‍ മറുപടി നല്‍കിയിരുന്നത്. വേറെ എങ്ങോട്ടും കോളജ് മാറ്റാന്‍ മന്ത്രിക്ക് താല്പര്യമില്ലത്രേ.
മന്ത്രിയുടെ പി.എസ് തട്ടിക്കയറിയെന്ന് രക്ഷിതാക്കള്‍
കോളജിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട് മന്ത്രിയെ ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. മന്ത്രിയുടെ പി.എസുമായിട്ടാണ് സംസാരിക്കാന്‍ കഴിഞ്ഞതെന്ന് രക്ഷിതാക്കള്‍ പറയുന്നു. കോളജിന്റെ ഭാവിയെ കുറിച്ച് ചോദിച്ചപ്പോള്‍ പി.എസ്. തട്ടിക്കയറുകയാണ് ചെയ്തത്. എന്തു ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയാമെന്ന ഭീഷണിയാണുണ്ടായതെന്നും രക്ഷിതാക്കള്‍ പറയുന്നു. 60 കുട്ടികള്‍ പഠിക്കുന്ന കോളജില്‍ രണ്ട് ടോയ്ലറ്റ് മാത്രമാണുള്ളത്. പി.ടി.എ മീറ്റിങ് വിളിച്ചപ്പോള്‍ പ്രിന്‍സിപ്പലിന്റെ ഏക ആവശ്യം മന്ത്രിയുടെ ഓഫീസിലേക്ക് കുട്ടികള്‍ നടത്തുന്ന മാര്‍ച്ച് ഒഴിവാക്കണമെന്നത് ആയിരുന്നുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
നഴ്സിങ് വിദ്യാര്‍ഥികളുടെ മന്ത്രി ഓഫീസ് മാര്‍ച്ച് നാളെ
സര്‍ക്കാര്‍ നഴ്സിങ് കോളജിന് ഇന്ത്യന്‍ നേഴ്സിങ് കൗണ്‍സില്‍ അംഗീകാരം ഇല്ലാത്തതില്‍ പ്രതിഷേധിച്ച് നഴ്സിങ് വിദ്യാര്‍ഥികള്‍ നാളെ മന്ത്രി വീണാ ജോര്‍ജിന്റെ പത്തനംതിട്ടയിലെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് രക്ഷിതാക്കളുടെ തീരുമാനം. എന്നാല്‍ നാളെതിരുവനന്തപുരത്ത് വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ പി. ടി. എ ഭാരവാഹികള്‍, പത്തനംതിട്ട നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഗീതാകുമാരി എന്നിവരോട് എത്തണമെന്ന് നിര്‍ദ്ദശം നല്‍കിയിട്ടുണ്ട്.