പത്തനംതിട്ട: പെണ്‍കുട്ടി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചും ഒരു റബ്ബര്‍തോട്ടത്തില്‍വെച്ചും കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് വെളിപ്പെടുത്തല്‍ വരുമ്പോള്‍ കേസിന്റെ വ്യാപ്തി പുതിയ തലത്തിലേക്ക്. കേസില്‍ മൂന്നുദിവസത്തിനിടെ 28 പേരാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പുതിയ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. അറസ്റ്റിലാകുന്നവര്‍ കുറ്റസമ്മതം നടത്തുന്നുണ്ട്. കൂടുതല്‍ കേസുകളും അറസ്റ്റുകളും ഉണ്ടാകും. പിടിയിലായവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

പെണ്‍കുട്ടിയുടെ പിതാവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭൂരിഭാഗം പ്രതികളേയും കണ്ടെത്തിയത്. ഈ സ്മാര്‍ട്ട്‌ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫോണിലേക്ക് വന്നതും ഫോണില്‍നിന്നും അയച്ചതുമായ ദൃശ്യങ്ങളുടെ വിവരങ്ങളും കണ്ടെത്തും. ഫോണിലേക്ക് വന്നതും പോയതുമായ കോളുകളുടെ വിവരങ്ങളും സൈബര്‍ സെല്‍ പോലീസിന് നല്‍കി. രാത്രി എട്ടിനും പുലര്‍ച്ചെ രണ്ടിനും ഇടയില്‍ വിളിച്ചവര്‍ പോലീസ് നിരീക്ഷണത്തിലാണ്. നിരവധി പ്രതികളുള്ള പോക്‌സോ കേസ് എന്ന പരിഗണനയിലാണ് അന്വേഷണ ചുമതല ഡി.ഐ.ജി. അജിതാ ബീഗത്തിന് കൈമാറുകയും അന്വേഷണസംഘം വിപുലപ്പെടുത്തുകയും ചെയ്തത്. പീഡനവിവരം പുറത്തായതോടെ പ്രതികളാകാന്‍ സാധ്യതയുള്ള ചിലര്‍ ജില്ല വിട്ടു. ഇവരെ കണ്ടെത്തുന്നതിന് മറ്റ് ജില്ലകളിലെ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. വിദേശത്തേക്ക് പോയവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കും. വിദേശത്തേക്ക് പോയത് അരെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയിലാണ് പെണ്‍കുട്ടി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത്. റാന്നി മന്ദിരംപടിയിലെ റബ്ബര്‍തോട്ടത്തിവെച്ചും കൂട്ടബലാത്സംഗം നടന്നു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് കുട്ടിയെ റബ്ബര്‍ തോട്ടത്തിലേക്ക് കൊണ്ടുപോയത്. ആറോളം പേരാണ് കുട്ടിയെ ഇവിടെവെച്ച് പീഡിപ്പിച്ചത്. പ്രതികളില്‍ പലരും കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയത് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ്. ഇവിടെനിന്ന് ചിലര്‍ പെണ്‍കുട്ടിയെ സ്വകാര്യ വാഹനങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി. സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനുള്ളിലും പീഡനം നടന്നു. കാറില്‍ വെച്ച് രണ്ടുപേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ജൂലൈ മാസത്തിലായിരുന്നു ഇത്. പലരും ഇന്‍സ്റ്റാഗ്രാം വഴിയും കൂടാതെ പത്തനംതിട്ട പ്രൈവറ്റ് ബസ്റ്റാന്റിലും വെച്ചാണ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.

അറസ്റ്റിലായവരില്‍ 30 വയസിന് താഴെയുള്ളവരാണ് ഏറെയും. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പല സ്ഥാപനങ്ങളിലും പഠിക്കുന്നവര്‍, ഓട്ടോഡ്രൈവര്‍ എന്നിവരുമുണ്ട്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. പലരും മറ്റ് ക്രിമിനല്‍ കേസുകളിലും പ്രതികളാണ്. പെണ്‍കുട്ടി ഉപയോഗിച്ച ഫോണിലേക്ക് പ്രതികളില്‍ പലരും അശ്ലീല ദൃശ്യങ്ങള്‍ അയച്ചുവെന്ന് പോലീസ് കണ്ടെത്തി. വാട്‌സ്ആപ്പില്‍ കിട്ടിയ ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോയും ഉള്‍പ്പെടും. ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് കൂടുതല്‍ പേര്‍ പീഡിപ്പിച്ചത്. അച്ഛന്റെ മൊബൈല്‍ ഫോണിലൂടെയായിരുന്നു പെണ്‍കുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം. കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ അറിയില്ല. പെണ്‍കുട്ടിക്ക് 13 വയസുള്ളപ്പോള്‍ കാമുകനായ സുബിന്‍ മൊബൈല്‍ ഫോണിലൂടെ അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുക്കുകയും കുട്ടിയുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിക്കുകയും ചെയ്തു. തുടര്‍ന്ന് 16 വയസായപ്പോള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി.

പിന്നീട് കൂട്ടുകാരായ മറ്റു പ്രതികള്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ഇവര്‍ സംഘം ചേര്‍ന്ന് റബ്ബര്‍ തോട്ടത്തില്‍വച്ച് കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയതായും മൊഴിയില്‍ പറയുന്നു. ജില്ലയ്ക്കകത്തും പിന്നീട് തിരുവനന്തപുരത്തും എത്തിച്ച് പീഡിപ്പിച്ചെന്നാണ് മൊഴി. വാഹനത്തിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും പിടിയിലായവരുടെ വീട്ടിലും പത്തനംതിട്ടയിലെ ചുട്ടിപ്പാറയിലുമെല്ലാം എത്തിച്ച് ലൈംഗികാതിക്രമം നടത്തി. പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ആളില്ലാത്ത ബസിലും പീഡനത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി മൊഴി നല്കിയിട്ടുണ്ട്. ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പലരും പെണ്‍കുട്ടിയെ മറ്റു വാഹനങ്ങളില്‍ കൂട്ടിക്കൊണ്ടു പോയത്. ഒരു ദിവസംതന്നെ നാലുപേര്‍ മാറിമാറി ബലാത്സംഗം ചെയ്തെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

നഗ്‌ന ദൃശ്യങ്ങളും ഫോണ്‍നമ്പറും പ്രചരിപ്പിച്ചതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികള്‍ക്ക് സഹായം നല്‍കിയവരും പീഡനത്തിന് കൂട്ടുനിന്നു സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാരും പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പ്രായപൂര്‍ത്തിയാകാത്തവരും പ്രതി പട്ടികയിലുണ്ട്.