പത്തനംതിട്ട: സിപിഎം ഭരിക്കുന്ന പത്തനംതിട്ട നഗരസഭയുടെ പരിപാടിയില്‍ അവതാരകനായി വിളിച്ചുവരുത്തിയ കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍പെട്ട സ്‌കൂള്‍ അധ്യാപകന് നേതാക്കളുടെ 'അടി' സമ്മാനം. നഗരസഭ പുതുതായി നിര്‍മിച്ച ടൗണ്‍ സ്‌ക്വയര്‍ ഉദ്ഘാടന സമ്മേളനത്തിലെ അവതാരകനായിരുന്ന പത്തനംതിട്ട നഗരത്തിലെ സ്‌കൂള്‍ അധ്യാപകന്‍ ബിനു കെ.സാമിനാണു പരിപാടിക്കുശേഷം സ്റ്റേജില്‍നിന്നിറങ്ങിയ ഉടന്‍ തലയ്ക്കു മര്‍ദനമേറ്റത്. സിപിഎം ഏരിയ നേതാവ് ഉള്‍പ്പെടെയുള്ളവരാണു മര്‍ദിച്ചതെന്ന് ഇദ്ദേഹം പറയുന്നുണ്ടെങ്കിലും പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല.

ഏരിയാ സെക്രട്ടറിയും സംഘവുമാണ് മര്‍ദ്ദിച്ചതെന്നും അധ്യാപകനായ താന്‍ വര്‍ഷങ്ങളായി അവതാരകന്‍ കൂടിയാണെന്നും പത്തനംതിട്ട ടൗണ്‍ സ്‌ക്വയര്‍ ഉദ്ഘാടന ചടങ്ങിനുശേഷം മര്‍ദനമേറ്റ ബിനു കെ സാം പറഞ്ഞു. ബിനു കെ സാമിനെ സിപിഎം പ്രാദേശിക നേതാക്കള്‍ മര്‍ദിച്ചെന്നാണ് ആരോപണം.

ഇന്നലത്തെ സംഭവം ഏറെ മനോവിഷമം ഉണ്ടാക്കിയെന്ന് ബിനു കെ സാം പറഞ്ഞു. നഗരസഭ ചെയര്‍മാനും മന്ത്രി വീണ ജോര്‍ജ്ജും തമിലുള്ള തര്‍ക്കത്തില്‍ തന്നെ ഇരയാക്കുകയായിരുന്നു. രാത്രിയില്‍ വിളിച്ച സിപിഎം നേതാക്കളാണ് ഇക്കാര്യം പറഞ്ഞത്. സിപിഎം ഭരിക്കുമ്പോള്‍ ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ നേതാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി കൊടുത്തിട്ട് ഒരു കാര്യവുമില്ല. തല്‍ക്കാലം പരാതി കൊടുക്കുന്നില്ല. പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ വരെ അവതാരകനായിട്ടുണ്ടെന്നും ഇങ്ങനെയൊരു അനുഭവം ആദ്യമാണെന്നും ബിനു കെ സാം പറഞ്ഞു.

കോണ്‍ഗ്രസ് അധ്യാപക സംഘടനാ നേതാവ് കൂടിയായ തന്നെ സൗഹൃദത്തിന്റെ പുറത്താണ് നഗരസഭ ചെയര്‍മാന്‍ വിളിച്ചത്. ഇന്നലത്തെ സംഭവത്തില്‍ ചെയര്‍മാന്‍ നേരിട്ട് വിളിച്ചു മാപ്പ് പറഞ്ഞു എന്നും ബിനു കെ സാം പറഞ്ഞു. ടൗണ്‍ സ്‌ക്വയര്‍ ഉദ്ഘാടന ചടങ്ങിനിടെ ആരോഗ്യമന്ത്രി, സ്പീക്കര്‍ എന്നിവരെ സ്വാഗതം ചെയ്ത രീതി ശരിയായില്ലെന്ന് ചൂണ്ടികാട്ടിയാണ് അധ്യാപകന്‍ കൂടിയായ ബിനു കെ. സാമിനെ മര്‍ദിച്ചത്.

പരിപാടിയുടെ ഉദ്ഘാടകനായിരുന്ന സ്പീക്കറെ പ്രസംഗിക്കാനായി വിളിച്ചതിനു പിന്നാലെ വേദിയിലുണ്ടായിരുന്ന മന്ത്രി വീണാ ജോര്‍ജിനെപറ്റി പരാമര്‍ശിച്ചപ്പോള്‍ ഇദ്ദേഹം കൂടുതല്‍ സംസാരിച്ചതാണു മര്‍ദിച്ചവര്‍ക്കു പ്രകോപനമായതെന്നു പറയുന്നു. ഇതിനിടെ സ്പീക്കര്‍ക്കു പ്രസംഗത്തിനായി രണ്ടു മിനിറ്റോളം കാത്തുനില്‍ക്കേണ്ടി വന്നിരുന്നു.

സ്പീക്കര്‍ക്ക് സ്വാഗതം പറഞ്ഞപ്പോള്‍ തലശ്ശേരി ദം ബിരിയാണി പത്തനംതിട്ടയില്‍ സുലഭമായി കിട്ടും എന്നായിരുന്നു ബിനു കെ സാം പറഞ്ഞത്. ആരോഗ്യമന്ത്രി , സ്പീക്കര്‍ എന്നിവരെ ക്ഷണിച്ചത് ശരിയായില്ല എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. സ്പീക്കര്‍ എ.എന്‍. ഷംസീറിനെയും മന്ത്രി വീണ ജോര്‍ജിനെയും പരിഹസിച്ചു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. സിപിഎമ്മിന്റെ ചില പ്രദേശിക നേതാക്കള്‍ ബിനു കെ സാമിനെ പരിപാടിക്ക് ശേഷം മാറ്റി നിര്‍ത്തി തല്ലുകയായിരുന്നു.

എന്നാല്‍ മര്‍ദിച്ചിട്ടില്ലെന്നും തെറ്റു ചൂണ്ടിക്കാട്ടുകയും ഇനിയും ഇങ്ങനെ ചെയ്യരുതെന്നു പറയുക മാത്രമാണുണ്ടായതെന്നുമാണ് സിപിഎം നേതാക്കളുടെ വിശദീകരണം. നഗരസഭാധ്യക്ഷനും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ടി.സക്കീര്‍ ഹുസൈനാണ് അധ്യാപകനെ അവതാരകനായി ക്ഷണിച്ചത്. മര്‍ദ്ദനമേറ്റ വിവരം ചെയര്‍മാനെ അറിയിച്ചെന്നും അധ്യാപകന്‍ പറഞ്ഞു. പൊലീസിലേക്ക് പരാതി പോകാതിരിക്കാന്‍ നഗരസഭ ചെയര്‍മാന്‍ ഉള്‍പ്പെടെ സിപിഎം നേതാക്കള്‍ അനുനയനീക്കം നടത്തുന്നുണ്ട്.