- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഗണേശാ, രാഹുലിന്റെ അച്ഛന് ബാലകൃഷ്ണപിള്ളയല്ല, രാജീവ് ഗാന്ധിയാണ്!'; മന്ത്രിയുടെ അധിക്ഷേപത്തിന് പഞ്ഞിക്കിട്ട് പഴകുളം മധു! കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരോട് യജമാനഭാവം വേണ്ട; സമനില തെറ്റിയ മന്ത്രിക്ക് മരുന്ന് വേണമെന്ന് കോണ്‍ഗ്രസ്
ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് പഴകുളം മധു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തെ പരിഹസിച്ച മന്ത്രി കെ.ബി ഗണേഷ് കുമാറിന് രൂക്ഷമറുപടിയുമായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു. രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കാന്‍ ഗണേഷ് കുമാര്‍ ആളല്ലെന്നും, അധികാരത്തില്‍ വന്നാല്‍ യു.ഡി.എഫ് ഈ വാഗ്ദാനം തീര്‍ച്ചയായും നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാഹുല്‍ ഗാന്ധിയുടെ അച്ഛന്റെ പേര് രാജീവ് ഗാന്ധി എന്നാണ്, അല്ലാതെ ബാലകൃഷ്ണപിള്ളയെന്നല്ല എന്ന് മന്ത്രി ഗണേഷ് കുമാര്‍ മനസ്സിലാക്കണമെന്ന് പഴകുളം മധു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. രാഹുല്‍ ഗാന്ധിയെ വഴിയില്‍ കൂടി നടക്കുന്ന ഏതോ ഒരാള്‍ എന്ന തരത്തില്‍ ഗണേഷ് കുമാര്‍ അധിക്ഷേപിച്ചത് മര്യാദകേടും അധികപ്രസംഗവുമാണ്. രാജ്യത്തെ വലിയൊരു ജനവിഭാഗത്തിന്റെ റോള്‍ മോഡലായ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത് കല്ലില്‍ കടിച്ച് പല്ല് കളയുന്നതിന് തുല്യമാണെന്നും അത് ഗണേഷ് കുമാറിന് നഷ്ടമേ ഉണ്ടാക്കൂവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
രാഹുല്‍ ഗാന്ധി പറയുന്നത് നടപ്പാക്കാനുള്ളതാണെന്നും, നടപ്പാക്കാന്‍ കഴിയുന്നതേ അദ്ദേഹം പറയൂ എന്നതാണ് ചരിത്രമെന്നും പഴകുളം മധു പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തില്‍ വരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കും. അതുമാത്രമല്ല, രാഹുല്‍ ഗാന്ധി നല്‍കിയ അഞ്ച് ഗ്യാരണ്ടികളും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ വഴി കണ്ടെത്തും. അന്ന് പ്രതിപക്ഷത്താകാന്‍ പോകുന്ന മുന്നണി അതില്‍ ബേജാറാവേണ്ടതില്ലെന്നും അദ്ദേഹം പരിഹസിച്ചു. കര്‍ണാടക, തെലങ്കാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഈ ഗ്യാരണ്ടികള്‍ നടപ്പാക്കിയ രീതി മന്ത്രി മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടതുമുന്നണി സര്‍ക്കാരിലെ മിക്ക നേതാക്കള്‍ക്കും സമനില തെറ്റിയതിന്റെ തെളിവാണ് ഇത്തരം പ്രസ്താവനകളെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആരോപിച്ചു. തുച്ഛമായ ശമ്പളം മാത്രം ലഭിക്കുന്ന, അതും യഥാസമയം കിട്ടാത്ത പാവം കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരോടും കണ്ടക്ടര്‍മാരോടും യജമാന ഭാവത്തിലാണ് മന്ത്രി പെരുമാറുന്നത്. ആളുകളുടെ മെക്കിട്ട് കയറാനോ അവരുടെ മുന്നില്‍ ആളുകളിക്കാനോ അല്ല മന്ത്രി ശ്രമിക്കേണ്ടത്. സ്വയം നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയിലാണ് മന്ത്രിയെന്നും അതിന് മരുന്ന് കണ്ടെത്തുകയാണ് അഭികാമ്യമെന്നും പഴകുളം മധു പോസ്റ്റില്‍ വിമര്‍ശിച്ചു.
പഴകുളം മധുവിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
രാഹുല്‍ ഗാന്ധിയുടെ അച്ഛന്റെ പേര് രാജീവ് ഗാന്ധി എന്നാണ്. ബാലകൃഷ്ണപിള്ള എന്നല്ല. അത് മന്ത്രി കെ ബി ഗണേഷ് കുമാര്‍ സാര്‍ മനസ്സിലാക്കണം.അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തു കേറീട്ട് എന്ത് കാര്യം ഗണേശാ.
അതുകൊണ്ട് ശ്രീ രാഹുല്‍ ഗാന്ധി പറയുന്നത് നടപ്പാകും. നടപ്പാക്കാന്‍ കഴിയുന്നതേ രാഹുല്‍ ഗാന്ധി പറയു.അതാണ് ചരിത്രം.നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു അധികാരത്തില്‍ വരുന്ന യു ഡി എഫ് സര്‍ക്കാര്‍ കെ എസ് ആര്‍ ടി സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കും.അത് വാക്കാണ്.മാറ്റിവെക്കാന്‍ കഴിയാത്ത ഞങ്ങടെ ആദരണീയനായ ദേശീയ നേതാവിന്റെ വാക്ക്.അത് മാത്രമല്ല രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്ക് നല്‍കിയ 5 ഗ്യാരണ്ടികളും നടപ്പാക്കും.അതിനുള്ള വഴി സര്‍ക്കാര്‍ കണ്ടെത്തും.അന്ന് പ്രതിപക്ഷത്താകാന്‍ സാധ്യതയുള്ള മുന്നണി അതില്‍ ബേജാറാവണ്ട.
ഗണേശന്‍ നാക്കിനു എല്ലില്ലാത്തതു കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വഴിയില്‍ കിടക്കുന്നവന്‍ എന്ന് പറഞ്ഞത്. രാഹുല്‍ ഗാന്ധി വഴിയില്‍ കൂടി നടക്കുന്ന ഏതോ ഒരാള്‍ എന്ന തരത്തിലാണ് ഗണേശന്റെ അധിക്ഷേപം. ഇതെല്ലാം കാണിക്കുന്നത് ഇടതു മുന്നണി സര്‍ക്കാരിലെ ഏതാണ്ടെല്ലാ നേതാക്കള്‍ക്കും സമനില തെറ്റിയെന്നാണ്.
ഗണേശന്റെ പരാമര്‍ശം മര്യാദ കെട്ടതും അധിക പ്രസംഗവുമാണ്. ഗണേശന്‍ കര്‍ണാടക, തെലുങ്കാനാ രാജസ്ഥാന്‍ സംസ്ഥാനങ്ങളെ നോക്കണം. അവിടൊക്കെ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ നല്‍കിയ ഗ്യാരണ്ടികള്‍ നടപ്പാക്കിയ രീതി മനസ്സിലാക്കണം. എന്നിട്ട് വേണം രാജ്യത്തെ വലിയൊരു ജനവിഭാഗത്തിന്റെ റോള്‍ മോഡലായ രാഹുല്‍ ഗാന്ധിയെ കടന്നു പിടിക്കാന്‍. അത് കല്ലില്‍ കടിച്ചു പല്ല് കളയുന്നപോലെ ഗണേശന് നഷ്ടമേ ഉണ്ടാക്കൂ.മന്ത്രി എന്നാ നിലയില്‍ആള്‍ക്കാരുടെ മെക്കിട്ട് കേറാനല്ല, അവരുടെ മുന്നില്‍ ആള് കളിക്കാനല്ല, ശ്രമിക്കേണ്ടത് എന്നും ഒരു പാഠമായി ഗണേശന്‍ മനസ്സിലാക്കണം. തുച്ഛമായ ശമ്പളം പറ്റുന്ന, അതും യഥാസമയത്ത് കിട്ടാത്ത പാവം ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരോട് യജമാന ഭാവത്തില്‍ പെരുമാറുന്ന ഈ മന്ത്രി സ്വയം നിയന്ത്രണം നഷ്ടമായ അവസ്ഥയിലാണ്. ഇനിയുള്ള ദിവസങ്ങളില്‍ അത് കൂടി കൂടി വരുകയേ ഉള്ളു. അതിനുള്ള മരുന്ന് കണ്ടെത്തുകയാണ് അഭികാമ്യം.
ഗണേഷ് കുമാര്‍ പരിഹസിച്ചത് ഇങ്ങനെ
തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചാല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തെ പരിഹസിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ രംഗത്തു വന്നിരുന്നു. വാഗ്ദാനം നടപ്പാക്കുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ രണ്ടുമാസം കൊണ്ട് കെഎസ്ആര്‍ടിസിയും നാട്ടുകാരും വഴിയാധാരമാകുമെന്ന് മന്ത്രി പരിഹസിച്ചു. ഇപ്പോള്‍ കെഎസ്ആര്‍ടിസി ഒരുവിധം പച്ചപിടിച്ചു വരികയാണ്. വകുപ്പിനെ നശിപ്പിക്കാന്‍ യുഡിഎഫ് മുന്‍പും ഗവേഷണം നടത്തിയിട്ടുണ്ട്. സൗജന്യ യാത്ര എന്നത് വനിതാദിനത്തില്‍ മാത്രമാണെന്ന് പിന്നീട് മാറ്റിപ്പറയാന്‍ നാണമില്ലാത്തവരാണ് കോണ്‍ഗ്രസുകാരെന്നും മന്ത്രി പറഞ്ഞു. 'കര്‍ണാടകയിലെ സ്ത്രീകള്‍ക്ക് എല്ലാവര്‍ക്കും യാത്ര സൗജന്യമാണെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി പോയി. ഇപ്പോള്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ കടുത്ത നഷ്ടത്തിലും പ്രതിസന്ധിയിലുമാണെന്നാണ് റിപ്പോര്‍ട്ട്. അത്രപോലും ഇതിന് സമയം ഉണ്ടാകില്ല. കെഎസ്ആര്‍ടിസി ലാഭത്തിലായിട്ടില്ല, മറിച്ച് ദൈനംദിനമുള്ള നഷ്ടം കുറയ്ക്കുകയും ചെലവിനേക്കാള്‍ കൂടുതല്‍ വരവുണ്ടാക്കാന്‍ തുടങ്ങിയിട്ടുമുണ്ട്.
തിരഞ്ഞെടുപ്പ് വരുന്നുവെന്ന് പറഞ്ഞ് പൊതുഖജനാവിലെ പണം ധൂര്‍ത്തടിച്ച് വോട്ട് വാങ്ങാന്‍ ശ്രമിക്കുന്നത് ശരിയല്ല. കെഎസ്ആര്‍ടിസിക്ക് ഇത് താങ്ങാനാവില്ല. സൗജന്യ യാത്ര അനുവദിക്കുമ്പോള്‍ അത് പാവപ്പെട്ടവര്‍ക്കോ ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്കോ ആയിരിക്കണം. സ്വന്തമായി കാറുള്ള സമ്പന്നരായ സ്ത്രീകള്‍ക്കോ, 40,000 രൂപയ്ക്ക് മുകളില്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകള്‍ക്കോ സൗജന്യ യാത്ര നല്‍കേണ്ട ആവശ്യമുണ്ടോ? നിലവില്‍ പിണറായി സര്‍ക്കാര്‍ മാസം 50 കോടി രൂപ ശമ്പളത്തിനായും, 74 കോടി രൂപ പെന്‍ഷനായും കെഎസ്ആര്‍ടിസിക്ക് നല്‍കുന്നുണ്ട്. കെഎസ്ആര്‍ടിസി നിലവില്‍ അര്‍ഹരായവര്‍ക്ക് സഹായം നല്‍കുന്നുണ്ട്. കീമോതെറാപ്പി, റേഡിയേഷന്‍ ചികിത്സയ്ക്ക് പോകുന്നവര്‍ക്കായി 'ഹാപ്പി ലോങ് ലൈഫ്' എന്ന പേരില്‍ കാര്‍ഡുകള്‍ നല്‍കി സൂപ്പര്‍ ഫാസ്റ്റ് വരെയുള്ള ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്നുണ്ട്. ഇത് വാരിക്കോരി നല്‍കുന്ന സൗജന്യമല്ല, മറിച്ച് അര്‍ഹരായ രോഗികള്‍ക്ക് വേണ്ടിയുള്ളതാണ്.
ക്ഷേമപെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് 2000 രൂപയാക്കിയപ്പോള്‍ അത് വോട്ട് കിട്ടാനുള്ള കൈക്കൂലിയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് കാലത്ത് പെന്‍ഷന്‍ 600 രൂപയായി വര്‍ദ്ധിപ്പിച്ചപ്പോള്‍ അത് 18 മാസം നല്‍കാതെ കുടിശിക വരുത്തുകയായിരുന്നു. ഇപ്പോള്‍ പെന്‍ഷന്‍ 3000 രൂപയാക്കുമെന്ന് പറയുന്നത് ജനങ്ങളെ പറ്റിക്കാനാണ്'' - ഗണേഷ് കുമാര്‍ പറഞ്ഞു.


