- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15 വര്‍ഷം കഴിഞ്ഞ സ്വകാര്യവാഹനങ്ങള്‍ക്ക് പിഴ; കെഎസ്ആര്‍ടിസി അടക്കം സര്‍ക്കാര്‍ വാഹനങ്ങളെ തൊടില്ല; എംവിഡിയുടെ ഇരട്ടനീതിയില്‍ പ്രതിഷേധം ശക്തം
കണ്ണൂര്‍: സര്‍വീസ് കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ റോഡിലിറങ്ങിയാല്‍ കനത്ത പിഴ ഈടാക്കുന്ന കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് ഇരട്ടത്താപ്പെന്ന പരാതി വാഹന ഉടമകളില്‍ നിന്നും ശക്തമാവുന്നു. പതിനഞ്ച് വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിലാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ ഇരട്ടനീതി സ്വീകരിക്കുന്നത്. 15 വര്‍ഷമോ അതിലധികമോ പഴക്കമുള്ള സ്വകാര്യവാഹനങ്ങള്‍ നിരത്തിലോടാന്‍ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഇരട്ടപ്പിഴ ഈടാക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് പേരിനുപോലും പിഴയില്ലെന്നാണ് ആരോപണം. സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി കഴിഞ്ഞാല്‍ പല നിരക്കിലാണ് […]
കണ്ണൂര്‍: സര്‍വീസ് കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ റോഡിലിറങ്ങിയാല്‍ കനത്ത പിഴ ഈടാക്കുന്ന കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് ഇരട്ടത്താപ്പെന്ന പരാതി വാഹന ഉടമകളില്‍ നിന്നും ശക്തമാവുന്നു. പതിനഞ്ച് വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിലാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ ഇരട്ടനീതി സ്വീകരിക്കുന്നത്.
15 വര്‍ഷമോ അതിലധികമോ പഴക്കമുള്ള സ്വകാര്യവാഹനങ്ങള്‍ നിരത്തിലോടാന്‍ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഇരട്ടപ്പിഴ ഈടാക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് പേരിനുപോലും പിഴയില്ലെന്നാണ് ആരോപണം. സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി കഴിഞ്ഞാല്‍ പല നിരക്കിലാണ് പിഴയീടാക്കുന്നത്.
കേരള മോട്ടോര്‍വാഹന ചട്ടപ്രകാരം 15 വര്‍ഷത്തിനുശേഷമുള്ള ആദ്യ മൂന്നുമാസത്തേക്ക് 100 രൂപയും ആറു മാസംവരെ 200 രൂപയും ആറുമാസം കഴിഞ്ഞാല്‍ 300 രൂപയുമാണ് പിഴയീടാക്കേണ്ടത്. 2022 ഏപ്രിലില്‍ കേന്ദ്ര മോട്ടോര്‍വാഹന ചട്ടം ഭേദഗതി ചെയ്ത് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഓരോ മാസവും 300 രൂപയും സ്വകാര്യ വാഹനങ്ങള്‍ക്ക് 500 രൂപയുമായി കേന്ദ്രം പിഴ വര്‍ധിപ്പിച്ചിരുന്നു. ഇത് സുപ്രിംകോടതി സ്റ്റേ ചെയ്തെങ്കിലും കോടതിയുടെ തീര്‍പ്പിന് വിധേയമായി പിഴ അടച്ചുകൊള്ളാമെന്ന സമ്മതപത്രം ഉടമയില്‍ നിന്ന് വാങ്ങിയാണ് മോട്ടാര്‍വാഹനവകുപ്പ് നിലവില്‍ വാഹനങ്ങള്‍ റീ രജിസ്റ്റര്‍ ചെയ്തുകൊടുക്കുന്നത്.
സുപ്രിം കോടതി സ്റ്റേ ഒഴിവാക്കിയാല്‍ കേന്ദ്രം നിശ്ചയിച്ച പിഴ അടയ്ക്കാം എന്ന പ്രസ്താവന കൂടി കൊടുത്താലേ വാഹനങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്തുകിട്ടൂ. കേന്ദ്ര പിഴ അടയ്ക്കാത്തതുകൊണ്ടുതന്നെ ഇത്തരം വാഹനങ്ങളെ കരിമ്പട്ടികയിലും പെടുത്തും. കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയാല്‍ മാത്രമേ ഉടമയ്ക്ക് വാഹനം വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ കഴിയൂ. അതിന് കേന്ദ്രം നിശ്ചയിച്ച വലിയ പിഴ അടയ്ക്കുകയും വേണം.
എന്നാല്‍ ട്രാന്‍സ്പോര്‍ട്ട് ബസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍, ഓട്ടോറിക്ഷ, ടാക്സി, ഗുഡ്സ് എന്നിവയ്ക്ക് കേന്ദ്ര ഫൈന്‍ അടയ്ക്കാമെന്ന സമ്മതപത്രം വേണ്ടെന്നതാണ് വിചിത്രമായ സംഗതി. ട്രാന്‍സ്പോര്‍ട്ട് ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ നിലവില്‍ ജി.പി.എസ് സംവിധാനമുണ്ട്. കാലാവധി കഴിഞ്ഞ് ടെസ്റ്റിന് വരുന്ന സര്‍ക്കാര്‍ വാഹനത്തിന്റെ ജി.പി.എസ് പരിശോധിച്ചാല്‍ കാലാവധിക്കുശേഷവും വാഹനം ഓടിയോയെന്ന് അറിയാന്‍ കഴിയും.
തെളിവുസഹിതം പിഴ അടിപ്പാക്കാമെങ്കിലും മോട്ടോര്‍വാഹന വകുപ്പ് കണ്ണടയ്ക്കുകയാണ് പതിവ്. 2009നുമുമ്പ് രജിസ്റ്റര്‍ചെയ്ത സര്‍ക്കാര്‍ വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പൊളിക്കല്‍നയം(സ്‌ക്രാപ്പ് പോളിസി) പറയുന്നത്. കെ.എസ്.ആര്‍.ടി.സിയില്‍ മാത്രം കാലാവധി പൂര്‍ത്തിയായ 1600ഓളം വാഹനങ്ങളുണ്ട്. മോട്ടോര്‍വാഹന വകുപ്പിലാകട്ടെ അമ്പതിലേറെ വാഹനങ്ങളും.
15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങളുടെ നമ്പര്‍ പരിശോധിച്ചാല്‍ ആര്‍.സി. റദ്ദാക്കിയെന്നാണ് വാഹന്‍ സോഫ്റ്റ് വെയറില്‍ കാണുക. നിരത്തിലിറക്കാന്‍ പാടില്ലെന്നു മാത്രമല്ല ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പെട്ട് ആള്‍ക്കാര്‍ മരിക്കുകയോ പരുക്കേല്‍ക്കുകയോ ചെയ്താല്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കില്ലെന്നതിനാല്‍ സര്‍ക്കാര്‍ ഭാരിച്ച തുക നഷ്ടപരിഹാരം നല്‍കേണ്ടിയും വരും. ഇത്തരം വാഹനങ്ങള്‍ ലേലത്തിലൂടെ സ്വകാര്യവ്യക്തികള്‍ക്ക് വാങ്ങാനും രജിസ്ട്രേഷന്‍ പുതുക്കാനും സാധിക്കുമെങ്കിലും അത്തരം നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. നിലവില്‍ ഇരുമ്പുവില മാത്രമാണ് 15 വര്‍ഷംകഴിഞ്ഞ വാഹനങ്ങളില്‍നിന്ന് ലഭിക്കുക. കാലവധിക്കുമുമ്പ് ലേലംചെയ്താല്‍ വന്‍നഷ്ടം ഒഴിവാക്കാനാകുമെങ്കിലും അതിനും സര്‍ക്കാരിന് താല്‍പര്യമില്ലെന്നാണ് വാഹന ഉടമകളുടെ പരാതി.