തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 62 ലക്ഷംപേര്‍ക്ക് മൂന്നു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യും. ഒരു മാസത്തെ പെന്‍ഷനായി 900 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. മൂന്നു മാസത്തെ പെന്‍ഷന്‍ നല്‍കാന്‍ 2700 കോടി രൂപ വേണ്ടിവരും. ഇതിന് വേണ്ടിയാണ് 3000 കോടി കടമെടുത്തത്. ഓണക്കാലത്ത് ക്ഷേമ പെന്‍ഷന്‍ നല്‍കി സര്‍ക്കാരിന്റെ പ്രതിച്ഛായ ഉയര്‍ത്താനാണ് നീക്കം. പെന്‍ഷനില്‍ വീഴ്ചയുണ്ടാകരുതെന്ന് സിപിഎമ്മും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഈയാഴ്ച ഒരു മാസത്തെ പെന്‍ഷനും അടുത്തമാസം രണ്ടു മാസത്തെ പെന്‍ഷനും നല്‍കാനാണ് ആലോചന. ഈ മാസത്തെ ക്ഷേമപെന്‍ഷന്‍ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഈയാഴ്ചതന്നെ വിതരണം ആരംഭിക്കും. അടുത്ത മാസം രണ്ടു ഗഡു പെന്‍ഷനായ 3200 രൂപയും നല്‍കാനാണ് ആലോചന. ഇതോടെ ഓണത്തോടനുബന്ധിച്ച് ഒരാള്‍ക്ക് 4800 രൂപവീതം ലഭിക്കും. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയവര്‍ക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍വഴി നേരിട്ടും പെന്‍ഷന്‍ എത്തിക്കും.

എന്നാല്‍ ഈ പെന്‍ഷന്‍ വിതരണം ഖജനാവിന് താങ്ങാവുന്നതിലും അപ്പുറമാകും. ഓണത്തിന് ജീവനക്കാര്‍ക്ക് ശമ്പളത്തിന് പുറമേ ബോണസ് അടക്കം നല്‍കേണ്ടി വരും. ഇതിനൊപ്പം മറ്റ് ചെലവുകളം. ഇതും ക്ഷേമ പെന്‍ഷന്‍ വിതരണമെല്ലാം കൂടിയാകുമ്പോള്‍ ഖജനാവിലെ പ്രതിസന്ധി അതിരൂക്ഷമാകും. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള സഹായങ്ങളും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ടാണ് പുതിയ തീരുമാനം കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ നവംബര്‍ മാസത്തോടെ സാമ്പത്തിക പ്രതിസന്ധി സമാനതകളില്ലാത്തതായി മാറും.

സെപ്തംബറിലെ പെന്‍ഷന്‍ വിതരണത്തിന് ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും കൃത്യമായി വിതരണംചെയ്യുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഓരോ മാസത്തെയും പെന്‍ഷന്‍ മുടക്കമില്ലാതെ നല്‍കണമെന്നാണ് സര്‍ക്കാരിന്റെ തീരുമാനവും ആഗ്രഹവുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന പല തീരുമാനങ്ങളും കേരളത്തെ ബാധിക്കുന്നതാണ്. അക്കാര്യം നിരന്തരം കേന്ദ്രത്തോട് പറയുന്നുണ്ടെന്നും വിശദീകരിച്ചു.

ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. നാളെ വിതരണം ആരംഭിക്കും. കുടിശികയുള്ള 5 മാസത്തെ പെന്‍ഷനില്‍ പരമാവധി ഉടന്‍ നല്‍കാനാണ് നീക്കം. പെന്‍ഷന്‍ അടക്കമുള്ള ചെലവുകള്‍ക്കായി ഇന്നലെ റിസര്‍വ് ബാങ്ക് വഴി 3,000 കോടി രൂപ സര്‍ക്കാര്‍ കടമെടുത്തു. എന്നാല്‍ ഓണ ചെലവുകള്‍ക്കും മറ്റുമായി ഈ തുക മാത്രം പോരാത്ത അവസ്ഥയും സര്‍ക്കാരിന് മുന്നിലുണ്ട്.

മാര്‍ച്ചുമാസം കുടിശ്ശികയായ ക്ഷേമപെന്‍ഷന്‍ വിതരണംചെയ്യാന്‍ 875 കോടി അനുവദിച്ചാണ് സര്‍ക്കാര്‍ ഉത്തരവായത്. സെപ്റ്റംബര്‍ പത്തിനകം വിതരണം പൂര്‍ത്തിയാക്കണം. ഇതിനുപുറമേയാകും ഓണക്കാലത്ത് കുടിശ്ശികയും ചേര്‍ത്ത് രണ്ടുമാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യുക. 49.27 ലക്ഷംപേര്‍ക്ക് സാമൂഹികസുരക്ഷാ പെന്‍ഷനും 6.2 ലക്ഷംപേര്‍ക്ക് ക്ഷേമനിധി ബോര്‍ഡുകളിലൂടെയുള്ള പെന്‍ഷനുമായി 1600 രൂപാവീതം ലഭിക്കും. കുടിശ്ശിക നിലനില്‍ക്കെത്തന്നെ ഏപ്രില്‍മുതല്‍ എല്ലാമാസവും പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു.