കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി എ. പീതാംബരന് ഒരു മാസത്തേക്ക് പരോള്‍ അനുവദിക്കുന്നതും വഴിവ്ട്ട്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയോടെയാണ് പരോള്‍. രണ്ടാം പ്രതി സജി സി. ജോര്‍ജ്, ഏഴാം പ്രതി എ. അശ്വിന്‍ എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം പരോള്‍ ലഭിച്ചു. അഞ്ചാം പ്രതി ഗിജിന്‍ ഗംഗാധരനും പതിനഞ്ചാം പ്രതി വിഷ്ണു സുരയും പരോളിനായി സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതും ഉടന്‍ അനുവദിക്കും. പെരിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിക്കുന്ന സര്‍ക്കാര്‍ നടപടി നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന വിലയിരുത്തലുണ്ട്.

ഒന്നാംപ്രതി പീതാംബരന് 2022ല്‍ ചട്ടം ലംഘിച്ച് ആയുര്‍വേദ ചികിത്സ നല്‍കിയത് വിവാദമായിരുന്നു. പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിക്കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.പതിനഞ്ചാം പ്രതി എ.സുരേന്ദ്രന്റെ (വിഷ്ണു സുര) പരോള്‍ അപേക്ഷയില്‍ ബേക്കല്‍ പൊലീസിന്റെയും കൊല്ലപ്പെട്ട ശരത്ലാല്‍, കൃപേഷ് എന്നിവരുടെ രക്ഷിതാക്കളുടെയും അഭിപ്രായം രേഖപ്പെടുത്തിയുള്ള റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. പരോള്‍ അനുവദിക്കരുതെന്നാണ് രക്ഷിതാക്കള്‍ അറിയിച്ചത്.

ക്രമസമാധാന പ്രശ്‌നം കാരണം പരോള്‍ അനുവദിക്കരുതെന്നു ബേക്കല്‍ പൊലീസും റിപ്പോര്‍ട്ട് നല്‍കിയെന്നാണ് സൂചന. എന്നാല്‍ ഇത് അംഗീകരിച്ചില്ല. പൊലീസിന്റെയും ജയില്‍ ഉപദേശക സമിതിയുടെയും റിപ്പോര്‍ട്ടില്‍ ആഭ്യന്തര വകുപ്പാണ് പരോള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നത്. ഇതു സംബന്ധിച്ച രേഖകള്‍ പുറത്തു വന്നാലെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകൂ. എന്നാല്‍ രേഖകള്‍ അതീവ രഹസ്യമായി സൂ്ക്ഷിക്കുകയാണ് സര്‍ക്കാര്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത നാലാംപ്രതി സുബിഷ് , എട്ടാം പ്രതി അനില്‍കുമാര്‍ എന്നിവര്‍ക്ക് കഴിഞ്ഞമാസം പരോള്‍ അനുവദിച്ചിരുന്നു. ഇതിനെതിരെ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. പിന്നാലെയാണ് ഒന്നാം പ്രതിക്ക് ഉള്‍പ്പെടെ ആഭ്യന്തരവകുപ്പ് പരോള്‍ അനുവദിച്ചത്.

പോലീസ് ശുപാര്‍ശ തള്ളിക്കൊണ്ട് ജയിലില്‍ ഉപദേശക സമിതിയാണ് പരോള്‍ നല്‍കാന്‍ ആഭ്യന്തര വകുപ്പിന് ശുപാര്‍ശ ചെയ്തത് എന്നാണ് സൂചന. പൊലീസ് റിപ്പോര്‍ട്ട് അവഗണിച്ച് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ പ്രതിഷേധം ആണുള്ളത്. കഴിഞ്ഞ മാസം ഉണ്ടായ പ്രതിഷേധത്തിന് പിന്നാലെ ഒന്നാം പ്രതിക്ക് ഉള്‍പ്പെടെ പരോള്‍ ലഭിച്ചതോടെ ജാഗ്രതയിലാണ് പോലീസ്. അതിനിടെ കേസിലെ അഞ്ചാംപ്രതി ഗിജിന്റെ പിതാവും സിപിഎം പ്രവര്‍ത്തകനുമായ ഗംഗാധരന്‍ നായര്‍ക്ക് മര്‍ദ്ദനമേറ്റു. ഇന്നലെ വൈകിട്ട് ഉണ്ടായ അതിക്രമത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

2019 ഫെബ്രുവരി 17നാണ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനേയും സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്.