കാസര്‍കോട്: ടി പി ചന്ദ്രശേഖരന്‍ വധത്തിന് ശേഷം കേരളം രാഷ്ട്രീയമായി ഏറെ ചര്‍ച്ച ചെയ്ത കേസായിരുന്നു പെരിയയിലെ ഇരട്ടക്കൊല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയുമാണ് സിപിഎമ്മുകാര്‍ അന്ന് അരുംകൊല ചെയ്തത്. രാഷ്ട്രീയമായി സിപിഎമ്മിന് ഏറെ തിരിച്ചടിയുണ്ടാക്കിയ കൊലപാതക കേസിലെ പ്രതികളെല്ലാം പാര്‍ട്ടിക്കാരാണ്. അവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയും വഴിവിട്ട് ഉപയോഗിച്ചു. ഒടുവില്‍ കേസ് വാദിച്ച വക്കീല്‍ പോലും പ്രതികള്‍ക്ക് വേണ്ടി വാദിക്കാനെത്തിയ കാഴ്ച്ചയും കേരളം കണ്ടു.

ഇങ്ങനെ നിരവധി അട്ടിമറി ശ്രമങ്ങള്‍ ഉണ്ടായ കേസിന്റെ വിധി ഇന്ന് എറണാകുളം സി.ബി.ഐ കോടതി പ്രഖ്യാപിക്കും. ഇരട്ടക്കൊലകേസില്‍ സി.പി.എം അംഗങ്ങളും നേതാക്കളുമാണ് പ്രതികള്‍. 24 പ്രതികളില്‍ എല്ലാവരും പാര്‍ട്ടിക്കാരാണ്. ഇടതു മുന്നണിയുടെ രണ്ട് സംസ്ഥാന ജാഥകള്‍ മഞ്ചേശ്വരത്തുനിന്നും പാറശ്ശാലയില്‍നിന്നും തുടങ്ങിയ ദിവസമായ 2019 ഫെബ്രുവരി 17നാണ് കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ കൊല്ലപ്പെട്ടത്.

കൊലയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീടങ്ങോട്ട് പ്രതികളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുകയും കേസ് നടത്തിപ്പിനാവശ്യമായ ഫണ്ട് വിദേശത്തുനിന്ന് സമാഹരിക്കുകയും ചെയ്തു. പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടുകയും സി.ബി.ഐ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയില്‍വരെ വാദിക്കുകയും ചെയ്തു.

കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രദീപ്കുമാര്‍ സമര്‍പ്പിച്ച കുറ്റപത്രം ഹൈകോടതി തള്ളിയശേഷമാണ് കേസ് സി.ബി.ഐക്ക് കൈമാറുന്നത്. 2023 ഫെബ്രുവരി രണ്ടാം തീയതിയാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 294 സാക്ഷികളില്‍ 154 സാക്ഷികളെയാണ് സി.ബി.ഐ കോടതി വിസ്തരിച്ചത്. ആയുധങ്ങള്‍ ഉള്‍പ്പെടെ 83 തൊണ്ടിമുതലുകളും ഹാജരാക്കി. കേസിനാധാരമായ 495 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ കൃത്യത്തില്‍ നേരിട്ട് പ?ങ്കെടുത്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ 270 സാക്ഷികളാണ് ഉണ്ടായിരുന്നത്. വിധി വരുന്നതിന് മുന്നോടിയായി കല്യോട്ട് ഇന്നലെ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി. ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് 14 പേരെ പ്രതി ചേര്‍ത്തു. ഇതില്‍ 11 പേരെ അറസ്റ്റുചെയ്തു. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐയാണ് പത്തുപേരെക്കൂടി പ്രതി ചേര്‍ത്തത്. കൃത്യത്തില്‍ പങ്കെടുത്ത ഒന്നാം പ്രതി പീതാംബരന്‍ അടക്കമുളളവരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയതെങ്കില്‍ സംഭവത്തിനു പിന്നിലെ ഗൂഡാലോചനയിലാണ് സിബിഐ അന്വേഷണം കേന്ദ്രീകരിച്ചത്.

അങ്ങനെയാണ് ഉദുമ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ.വി കുഞ്ഞിരാമന്‍ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, സിപിഎം നേതാക്കളായ രാഘവന്‍ വെളുത്തോളി, എന്‍ ബാലകൃഷ്ണന്‍ , ഭാസ്‌കരന്‍ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളാവുകയും ചെയ്തു. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയില്‍ വിചാരണ തുടങ്ങിയത്.

അതേസമയം കോടതി വരുമ്പോള്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങള്‍. കേസില്‍ തങ്ങളോടൊപ്പം നിന്ന അഡ്വ. സി കെ ശ്രീധരന്‍ പിന്നീട് പ്രതികള്‍ക്ക് വേണ്ടി വാദിക്കാനെത്തിയത് വലിയ ചതിയായെന്ന് ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു നല്ലൊരു വിധി വന്നാല്‍ സികെ ശ്രീധരന്റെ വക്കീല്‍ പണി ഇതോടെ അവസാനിക്കും. പെരിയ ഇരട്ട കൊലക്കേസിലെ കോടതി വിധിയിലൂടെ നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും സത്യനാരായണന്‍ പറഞ്ഞു.

പ്രതികള്‍ക്ക് തൂക്കുകയര്‍ തന്നെ ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും നീതി കിട്ടുമെന്നും കൃപേഷിന്റെ അച്ഛന്‍ കൃഷ്ണനും പറഞ്ഞു. ശ്രീധരന്‍ കൂടെ നിന്നു ചതിച്ചുവെന്നാണ് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങള്‍ നേരത്തെ ആരോപിച്ചത്. അദ്ദേഹം വീട്ടിലെ ഒരംഗത്തെ പോലെ നിന്ന് ഫയലുകളെല്ലാം പരിശോധിച്ചു.

ഈ സാഹചര്യത്തില്‍ ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കുന്നതിലും സി.കെ ശ്രീധരന്റെ പങ്ക് കൂടി അന്വേഷിക്കണമെന്ന് സി.ബി.ഐയോട് ആവശ്യപ്പെടുമെന്നും ഇരുവരുടെയും കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തത് സി.പി.എം നിര്‍ദേശപ്രകാരമല്ല. കേസില്‍ ഹാജരാകുമ്പോള്‍ രാഷ്ട്രീയം നോക്കാറില്ല. കേസ് ഏല്‍പിക്കുന്ന കക്ഷികളുടെ വിശ്വാസ്യത സംരക്ഷിക്കുകയാണ് കടമയെന്നും ശ്രീധരന്‍ അന്ന് വ്യക്തമാക്കിയിരുന്നു.