- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാല മോഷണ കേസില്‍ ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച പേര്‍ക്കട എസ് ഐക്ക് സസ്പെന്ഷന്; അടിയന്തര നടപടി മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി; തന്നെ ഭീഷണിപ്പെടുത്തിയ രണ്ട് പോലീസുകാര്‍ക്കെതിരെയും നടപടി വേണമെന്ന് ബിന്ദു; വെള്ളം ചോദിച്ചപ്പോള്‍ ടോയ്ലറ്റില് പോയി വെള്ളമെടുക്കാന്‍ നിര്‍ദേശിച്ചവര്‍ക്ക് മാപ്പില്ലെന്ന് യുവതി
മാല മോഷണ കേസില്‍ ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച പേര്‍ക്കട എസ് ഐക്ക് സസ്പെന്ഷന്
തിരുവനന്തപുരം: ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒടുവില്‍ നടപടി. വിവാദത്തിന് പിന്നാലെ പേര്‍ക്കട എസ് ഐ പ്രസാദിനെ സസ്‌പെന്റ് ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സിറ്റി പോലീസ് കമ്മീഷണര്‍ നടപടി സ്വീകരിച്ചത്. കന്റോണ്‍മെന്റ് എസിപിയുടെ വിശദമായ റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും കമ്മീഷണര്‍ അറിയിച്ചു.
പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് യുവതി ബിന്ദു 20 മണിക്കൂര്‍ കസ്റ്റഡിയില്‍ മാനസിക പീഡത്തിന് ഇരയായിരുന്നു. പോലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തല്‍. 3 ദിവസം മാത്രമാണ് ബിന്ദു ഇവിടെ ജോലിക്ക് നിന്നത്. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചിട്ടും 11 മണിക്ക് ശേഷമാണ് ഇവരെ സ്റ്റേഷനില്‍ നിന്നും വിട്ടയച്ചത്.
ജോലി ചെയ്യുന്ന വീട്ടില്‍നിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ മാസം 23 നാണ് പേരൂര്‍ക്കട സ്വദേശി ബിന്ദുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് പൊലീസുകാരുടെ കാലുപിടിച്ചു പറഞ്ഞിട്ടും എസ്‌ഐയും സംഘവും ദളിത് സ്ത്രീക്ക് മുന്നില്‍ അധികാരം പ്രയോഗിച്ചുവെന്നാണ് കണ്ടെത്തല്‍.
അമ്പലമുക്ക് സ്വദേശി ഓമന ഡാനിയേലാണ് വീട്ടുജോലിക്കാരിയായ ബിന്ദുവിനെതിരെ പൊലീസില്‍ മോഷണത്തിന പരാതി നല്‍കിയത്. സ്ത്രീകളെ രാത്രി സ്റ്റേഷനില്‍ വിളിച്ചുകൊണ്ടുപോയി ചോദ്യം ചെയ്യരുതെന്ന നിയമം നിലനില്‍ക്കെ പേരൂര്‍ക്കട പൊലീസ് ബിന്ദുവിനോട് കാണിച്ചത് കൊടുംക്രൂരതയാണ്. കുടിക്കാന്‍ വെള്ളം പോലും കൊടുക്കാതെ 20 മണിക്കൂറോളം ക്രൂരമായി ചോദ്യംചെയ്തു. മോഷണക്കുറ്റം സമ്മതിച്ചില്ലെങ്കില്‍ പെണ്‍മക്കളെ കേസില്‍ കുടുക്കുമെന്നായിരുന്നു പൊലീസിന്റെ ഭീഷണി. പിറ്റേന്ന് വീട്ടില്‍നിന്ന് തന്നെ സ്വര്‍ണം കിട്ടിയതോടെ ബിന്ദുവിനെ പറഞ്ഞുവിടുകയായിരുന്നു.
സംഭവത്തില്‍ കള്ളപ്പരാതി നല്‍കിയ ഓമന ഡാനിയലിനും മകള്‍ നിഷക്കും പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ എസ് ഐ പ്രസാദിനും കണ്ടാലറിയാവുന്ന രണ്ട് പുരുഷപൊലീസ് ഉദ്യോഗസ്ഥര്‍ക്കും രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ പരാതി നല്‍കിയിട്ടുണ്ട്. ബിന്ദു. ഇവര്‍ക്കെതിരെ നടപടി വേണമെന്നാണ് ബിന്ദു ആവശ്യപ്പെടുന്നത്.
20 മണിക്കൂറോളമാണ് യുവതിയെ പോലീസ് ചോദ്യം ചെയ്തത്. ഒടുവില്‍ മോഷണം പോയെന്ന് പരാതി ലഭിച്ച 18 ഗ്രാം തൂക്കംവരുന്ന സ്വര്‍ണമാല പരാതിക്കാരായ ഗള്‍ഫുകാരുടെ വീട്ടില്‍നിന്ന് തന്നെ കണ്ടെത്തി. ഇക്കാര്യം ബിന്ദുവിനെ അറിയിക്കുകപോലും ചെയ്യാതെ സ്റ്റേഷനില്‍നിന്ന് പറഞ്ഞുവിട്ടു. എന്നാല്‍ എഫ്ഐആര്‍ റദ്ദാക്കാതെ പോലീസ് തുടര്‍നിയമ നടപടിക്ക് പോയതോടെ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പട്ടികജാതി കമ്മിഷനും ബിന്ദു പരാതി നല്‍കി. കഴിഞ്ഞമാസം 23-നായിരുന്നു സംഭവം. കൂലിവേലക്കാരനായ ഭര്‍ത്താവും പ്ലസ്ടുവിനും പത്തിലും പഠിക്കുന്ന രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന് കടുത്ത മാനസിക സംഘര്‍ഷമാണ് ഈ സംഭവം നല്‍കിയത്.
ഇതേക്കുറിച്ച് പരാതിപ്പെടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ പോയപ്പോള്‍ കടുത്ത ദുരനുഭവം നേരിട്ടതായും ബിന്ദു പരാതിപ്പെട്ടിരുന്നു. പരാതി വായിച്ചുനോക്കുക പോലും ചെയ്യാതെ അവഹേളിച്ചതായി അവര്‍ പറഞ്ഞു. 'മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഞാനും വക്കീലും കൂടിയാണ് പോയത്. പരാതി സാറിന്റെ കൈയില്‍ കൊടുത്തു. സാര്‍ അത് വായിക്കാതെ എടുത്തങ്ങോട്ട് ഇട്ടു. എന്നിട്ട് പറഞ്ഞു 'മാല മോഷണം പോയാല്‍ വീട്ടുകാര്‍ പരാതി കൊടുക്കും, അപ്പോള്‍ പൊലീസ് പിടിക്കും. ഇതൊക്കെ കോടതിയിലാണ് പറയേണ്ടത്' എന്ന്. മുഖ്യമന്ത്രിയുടെ ഓഫിസിലെ പി. ശശി എന്നയാളാണ് ഇതെന്ന് വക്കീല്‍ പറഞ്ഞു. പരാതി വായിച്ചൊന്നും നോക്കീല. കോടതിയല്‍ പോയി പറയാന്‍ പറഞ്ഞു' -ബിന്ദു പറഞ്ഞു.