തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും സംരംഭകരുടെയും സ്വകാര്യ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ പ്രചാരണത്തിനായി ദുരുപയോഗം ചെയ്തുവെന്ന ഗുരുതരമായ ആരോപണത്തില്‍ ഹൈക്കോടതി ഇടപെടുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന 'സ്പാര്‍ക്' (SPARK) സോഫ്റ്റ്വെയറില്‍ നിന്നും മറ്റ് സര്‍ക്കാര്‍ പോര്‍ട്ടലുകളില്‍ നിന്നും നിയമവിരുദ്ധമായി ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് പ്രചാരണ സന്ദേശങ്ങള്‍ അയച്ചു എന്നാണ് പരാതി.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, ഡി.എ വര്‍ധന, വീട് വായ്പ തുടങ്ങിയ വിവരങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ഉപയോഗിച്ചു എന്നതാണ് മുഖ്യ ആരോപണം. വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ ഫോണ്‍ നമ്പറുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മാറ്റിയത് സുപ്രീം കോടതി അംഗീകരിച്ച സ്വകാര്യതയ്ക്കുള്ള അവകാശത്തിന് (Right to Privacy) വിരുദ്ധമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി രാഷ്ട്രീയ പാര്‍ട്ടിയുടെ നേട്ടത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.










കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവും മലപ്പുറം കെ.ടി.എം കോളേജ് അസോസിയേറ്റ് പ്രൊഫസറുമായ ഡോ. പി. റഷീദ് അഹമ്മദ്, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ അനില്‍കുമാര്‍ കെ.എം എന്നിവരാണ് കോടതിയെ സമീപിച്ചത്. ഇവര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ഹാജരാകും.

ഹര്‍ജിയിലെ പ്രധാന ആരോപണം പ്രകാരം, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രചാരണ സന്ദേശങ്ങള്‍ പ്രധാനമായും മൂന്ന് വിഭാഗങ്ങളെ ലക്ഷ്യം വെച്ചാണ് എത്തിയിരിക്കുന്നത്. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും മറ്റ് സേവന വിവരങ്ങളും കൈകാര്യം ചെയ്യുന്ന 'സ്പാര്‍ക്' (SPARK) ഡാറ്റാബേസില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ഇതിനായി ഉപയോഗിച്ചെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇതിനുപുറമെ, വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംരംഭകര്‍ക്കും, വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ തേടി അപേക്ഷ നല്‍കിയിട്ടുള്ള സാധാരണക്കാരായ വ്യക്തികള്‍ക്കും അവരുടെ അനുമതിയില്ലാതെ തന്നെ സമാനമായ രീതിയില്‍ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി സര്‍ക്കാരിന് നല്‍കിയ വിവരങ്ങള്‍ രാഷ്ട്രീയ പ്രചാരണത്തിനായി ചോര്‍ത്തിയത് പൗരന്റെ സ്വകാര്യതയുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന വാദം.

പൗരന്റെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ തന്നെ അവ ചോര്‍ത്തി രാഷ്ട്രീയ പ്രചാരണത്തിന് നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. ഒരു പ്രോജക്റ്റിന് നല്‍കുന്ന വിവരങ്ങള്‍ മറ്റൊരു ആവശ്യത്തിന് ഉപയോഗിക്കുന്നത് ഡാറ്റാ പ്രൊട്ടക്ഷന്‍ മാനദണ്ഡങ്ങളുടെ ലംഘനമാണ്. ഹൈക്കോടതി ഈ ഹര്‍ജി നാളെ (ഫെബ്രുവരി 24) പരിഗണിക്കും. കോടതിയുടെ നിരീക്ഷണങ്ങള്‍ സര്‍ക്കാരിന് ഈ വിഷയത്തില്‍ നിര്‍ണ്ണായകമാകും.