- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികള്‍ കളിക്കുന്നതിന് നിര്‍മിച്ച അമ്പലം കാര്യമായി! മണ്ണില്‍ ഉണ്ടാക്കിയ ശിവലിംഗ രൂപം വര്‍ഷങ്ങള്‍ കൊണ്ട് അര്‍ദ്ധനാരീശ്വരീ ക്ഷേത്രമായി; ക്ഷേത്രചര്യങ്ങള്ക്ക് മുഖ്യ പങ്ക് വഹിക്കുന്നത് കുട്ടികള്‍; ചെണ്ട മേളത്തിന് പകരം കുട്ടികളുടെ കന്നാസ് കൊട്ട്; കൊല്ലത്തെ ഒരു 'കുട്ടിക്ഷേത്ര'ത്തിന്റെ കഥ
കൊല്ലം: നീണ്ടകര വെളിത്തുരുത്ത്, പരമ്പരാഗത ആചാരങ്ങളിലും ആധ്യാത്മികതയിലും അനന്യമായി മാറിയ ഒരു ക്ഷേത്രമാണ് പിള്ളാരമ്പലം ശിവശക്തി അര്‍ദ്ധനാരീശ്വര ക്ഷേത്രം. 1999-ല്‍ കുട്ടികളുടെ ഒരു കുട്ടിക്കളിയില്‍ നിന്നും ആരംഭിച്ച അമ്പലം ഇന്ന് ശിവരാത്രി ഉള്‍പ്പെടെ അതിന്റെ സവിശേഷ ഉത്സവാചാരങ്ങളാല്‍ പ്രസിദ്ധി നേടിയിട്ടുണ്ട്. കുട്ടികളുടെ നിരപരാധമായ രസത്തിലും രചനാത്മകതയിലുമാണ് ഈ അമ്പലത്തിന്റെ അത്ഭുതത്തിന്റെയും ആചാരത്തിന്റെയും തുടക്കം.
ഈ ക്ഷേത്രത്തിന്റെ പിറവിയുടെ കഥ വളരെ വ്യത്യസ്ഥമാണ്. 1999ലാണ് ഈ ക്ഷേത്രം പിറവിയെടുത്തത്. കുട്ടികള്‍ക്ക് സ്‌കൂള്‍ അടക്കുന്ന ദിവസമായിരുന്നു ഇവിടുത്തെ തന്നെ മറ്റൊരു ക്ഷേത്രമായ നീണ്ടകര മണ്ണാത്തറ ക്ഷേത്രത്തില്‍െ ഉത്സവം. വെളിത്തുരുത്തിലെ കുട്ടിക്കൂട്ടം ഉത്സവപ്പിറ്റേന്ന് ഒഴിഞ്ഞ പറമ്പില്‍ മണ്ണില്‍ ശിവലിംഗമുണ്ടാക്കി. തുണി കെട്ടിമറച്ച് ചുറ്റമ്പലമുണ്ടാക്കി. വൈകിട്ട് തകരപ്പാട്ട കൊട്ടിയും പഴയ കൊടിതോരണങ്ങള്‍ ചാര്‍ത്തിയും പൂജയും ഉത്സവാഘോഷവുമായി. ഈ ഉത്സവം എല്ലാ ദിവസവും ആഘോഷിച്ചു. അവര്‍ ചെയ്യുന്ന ഈ കുട്ടികളി പക്ഷേ അവിടുത്തെ പരിസരവാസികളുടെ ശ്രദ്ധ പിടിച്ചുപറ്റി.
ഇതിനുശേഷം ഗ്രാമത്തില്‍ ഉണ്ടായ ചില അത്ഭുത സംഭവങ്ങള്‍ നാട്ടുകാരെ ഞെട്ടിച്ചു. തുടര്‍ന്ന് ദേവപ്രശ്‌നം നടത്തുകയും യഥാര്‍ത്ഥത്തില്‍ ഇത് ദൈവഹിതമാണെന്ന് ജ്യോത്സ്യര്‍ പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് പിള്ളാരുടെ കുട്ടികളിയുടെ ഭാഗമായി സങ്കല്പമായി തുടങ്ങിയ അമ്പലത്തിനെ പിന്നീട് മുതിര്‍ന്നവര്‍ ശ്രീകോവില്‍ നിര്‍മ്മിച്ച് അര്‍ദ്ധനാരീശ്വര പ്രതിഷ്ഠയും നടത്തി. കുട്ടികള്‍ കളി ആരംഭിച്ച മീനത്തിലെ ആയില്യം മുതല്‍ പത്ത് ദിവസത്തെ ഉത്സവം. ഉത്സവ ഘോഷയാത്രയുടെ മുന്നില്‍ കുട്ടികളുടെ കന്നാസ് കൊട്ടും വെള്ളയ്ക്കാ കുതിരയും. ക്ഷേത്രത്തിനടുത്ത് ഒരു സന്യാസി ഉപേക്ഷിച്ച കൊടിക്കൂറ ഉയര്‍ത്തിയാണ് കുട്ടികള്‍ കൊടിയേറ്റ് നടത്തിയത്.
ഇന്നും കുട്ടികളാണ് ഈ അമ്പലത്തിലെ ആചാരങ്ങള്‍ക്ക് മുഖ്യ പങ്കുവഹിക്കുന്നത്. ദീപാരാധനയ്ക്കുശേഷം ശ്രീകോവില്‍ തുറക്കുമ്പോള്‍ ചെണ്ടമേളത്തിന് പകരം കുട്ടികളുടെ കന്നാസ് കൊട്ടും പാട്ടുകളുമാണ് അലങ്കാരം. ഉത്സവത്തിന്റെ എല്ലാ ദിവസങ്ങളിലും, താലപ്പൊലി ഘോഷയാത്രയില്‍ കുട്ടികള്‍ വെള്ളയ്ക്കാ കുതിരകള്‍ക്ക് കൈ പിടിക്കുന്നു. മിഠായിക്കവറുകള്‍ കെട്ടിയ മാല കൊണ്ട് അലങ്കരിച്ച വെള്ളയ്ക്കാ നെടുകുതിരയാണ് കാണിക്ക. 25 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ അമ്പലം അതിന്റെ വിശ്വാസത്തെയും പൈതൃകത്തെയും നിലനിര്‍ത്തുകയാണ്.
ഉത്സവത്തിന് ഏഴുനാള്‍ പറയെടുപ്പിന് ജീവതയും പള്ളിവാളും ചിലമ്പും എടുക്കുന്നത് കുട്ടികളാണ്. ഉത്സവ ഘോഷയാത്രയില്‍ കുട്ടികളുടെ വെള്ളയ്ക്കാ കുതിരകള്‍. നിശ്ചലദൃശ്യങ്ങള്‍ക്കും ആനയ്ക്കും കലാരൂപങ്ങള്‍ക്കും ചെണ്ടമേളത്തിനും ഇടയില്‍ കുട്ടികളുടെ കന്നാസ് കൊട്ട് സംഘം. ശിവരാത്രി ദിനത്തില്‍ കുട്ടികളെ ക്ഷേത്രനടയില്‍ കുളിപ്പിച്ച് ഇലയിട്ട് സദ്യവിളമ്പും. പിള്ളാരിന്റെ നിരപരാധ രസങ്ങള്‍ എല്ലായിടത്തും ദൈവികതയുടെ ചിഹ്നമായി മാറുന്നുവെന്ന് തെളിയിക്കുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് പിള്ളാരമ്പലം.