- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോണ്‍ഗ്രസുകാര്‍ക്ക് മനസ്സാക്ഷിക്കുത്തില്ല! അരുണാചല്‍ പ്രദേശിലും പുതുച്ചേരിയിലും ഗോവയിലും ബിജെപിയില്‍ ലയിച്ച കോണ്‍ഗ്രസിന്റെ കേരള മോഡല്‍; മറ്റത്തൂരിനെ ചര്‍ച്ചയാക്കാന്‍ സിപിഎം; ബിജെപി - കോണ്‍ഗ്രസ്സ് അഡ്ജസ്റ്റ്‌മെന്റ് ഉണ്ടെന്ന് പിണറായി
തിരുവനന്തപുരം: മറ്റത്തൂരിനെ ചര്‍ച്ചയാക്കാന്‍ സിപിഎം. ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാല്‍ പോകും എന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് തൃശൂര്‍ മറ്റത്തൂരില്‍ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്. അരുണാചല്‍ പ്രദേശിലും പുതുച്ചേരിയിലും ഗോവയിലും ബിജെപിയില്‍ ലയിച്ച കോണ്‍ഗ്രസിന്റെ കേരള മോഡല്‍ ആണ് മറ്റത്തൂരിലേതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
തൃശൂരിലെ മറ്റത്തൂര്‍ പഞ്ചായത്തില്‍ ജനഹിതം അട്ടിമറിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേക്കേറിയത് സിപിഎം വലിയ ചര്‍ച്ചായാക്കി മാറ്റും. പ്രസിഡന്റ് തെരഞ്ഞെടുപ്പുദിവസം രാവിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം രാജിവച്ചാണ് ബിജെപിക്ക് കളമൊരുക്കിയത്. വിമതയായി മത്സരിച്ച ടെസി ജോസ് കല്ലറയ്ക്കല്‍ ബിജെപികോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ പ്രസിഡന്റായി. 24 അംഗ പഞ്ചായത്തില്‍ 12 വോട്ട് ബിജെപികോണ്‍ഗ്രസ് സഖ്യസ്ഥാനാര്‍ഥി നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ഒ ഒൗസേഫിന് 11 വോട്ട്. ഒരുവോട്ട് അസാധു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപി പിന്തുണയില്‍ കോണ്‍ഗ്രസ് അംഗം പി യു നൂര്‍ജഹാന്‍ 13 വോട്ട് നേടി വിജയിച്ചു. എല്‍ഡിഎഫ്10, യുഡിഎഫ്8, ബിജെപി4, സ്വതന്ത്രര്‍2 എന്നിങ്ങനെയായിരുന്നു കക്ഷിനില. സ്വതന്ത്രരില്‍ ഒരാള്‍ എല്‍ഡിഎഫിനെയും മറ്റൊരാള്‍ യുഡിഎഫിനെയും പിന്തുണച്ചു. ഡിസിസി പ്രസിഡന്റിനുള്ള കത്തിലാണ് എട്ട് അംഗങ്ങളും കോണ്‍ഗ്രസില്‍നിന്ന് രാജിവയ്ക്കുകയാണെന്ന് അറിയിച്ചത്. തുടര്‍ന്ന്, വിമതയായി മത്സരിച്ച് ജയിച്ച ടെസി ജോസ് കല്ലറയ്ക്കലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണച്ചു. ഇരുട്ടിവെളുക്കുമ്പോഴേക്കും ഒരു പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം ബിജെപിക്ക് പിന്തുണയുമായി എത്തുന്നതിലൂടെ അരുണാചല്‍ മാതൃകയിലുള്ള വര്‍ഗീയ ബാന്ധവത്തിന് തങ്ങള്‍ക്ക് ഒരു മടിയുമില്ലെന്ന് വ്യക്തമാക്കുകയാണ് കോണ്‍ഗ്രസ് എന്ന ്‌സിപിഎം പറയുന്നു. ഇതാണ് മുഖ്യമന്ത്രിയും ചര്‍ച്ചയാക്കുന്നത്.
എല്‍ഡിഎഫ് പ്രസിഡന്റ് വരുന്നത് തടയാനാണ് മറ്റത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവന്‍ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചത്. ഇപ്പോള്‍ കോണ്‍ഗ്രസില്‍ നില്‍ക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബിജെപി ആകാന്‍ മടിക്കില്ല എന്നാണ് ഇവിടെ തെളിയുന്നത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോണ്‍ഗ്രസുകാര്‍ക്ക് മനസ്സാക്ഷിക്കുത്തില്ല. സംസ്ഥാനത്ത് പലയിടത്തും ബിജെപി - കോണ്‍ഗ്രസ് അഡ്ജസ്റ്റ്‌മെന്റ് ഉണ്ട് എന്നത് തദ്ദേശ ഫലത്തില്‍ വ്യക്തമാണ്. അതവര്‍ ഒരുമടിയുമില്ലാതെ തുടരുകയാണ്. സ്വയം വില്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങള്‍ക്ക് വളമിടുന്നത്. എല്ലാ ജനവിഭാഗങ്ങളെയും പറ്റിച്ച് അധികാര രാഷ്ട്രീയം കളിക്കാനും സംഘപരിവാറിന് നിലമൊരുക്കാനുമുള്ള രാഷ്ട്രീയ അല്പത്തം സ്വാഭാവികവല്‍ക്കരിക്കാനും വ്യാപിപ്പിക്കാനുമുള്ള കോണ്‍ഗ്രസിന്റെ കുടില തന്ത്രങ്ങളുടെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ് മറ്റത്തൂരെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം
ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്സ്. ആ ചാട്ടമാണ് തൃശൂര്‍ ജില്ലയിലെ മറ്റത്തൂരില്‍ കണ്ടത്. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവന്‍ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോണ്‍ഗ്രസംഗങ്ങള്‍ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്.
2016-ല്‍ അരുണാചല്‍ പ്രദേശില്‍ ആകെ 44 കോണ്‍ഗ്രസ്സ് എംഎല്‍എമാരില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 43 പേരും ഒറ്റരാത്രികൊണ്ട് എന്‍ഡിഎയിലേക്ക് ചാടിയിരുന്നു. ഒരു എംഎല്‍എ പോലുമില്ലാതിരുന്ന പുതുച്ചേരിയില്‍ കോണ്‍ഗ്രസ്സ് അംഗങ്ങളെ ചാക്കിട്ട് 2021-ല്‍ ബിജെപി അധികാരം പിടിച്ചു. 2019-ല്‍ ഗോവയിലെ കോണ്‍ഗ്രസ്സ് ലെജിസ്ലേറ്റീവ് പാര്‍ടി ഒന്നടങ്കം ബിജെപിയില്‍ ലയിച്ചു. അതിന്റെയെല്ലാം കേരള മോഡല്‍ ആണ് മറ്റത്തൂരിലേത്. ആ പഞ്ചായത്തില്‍ എല്‍ ഡി എഫ് പ്രസിഡന്റ് വരുന്നത് തടയാനാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ബിജെപിയോടൊപ്പം പോയത്. അതവര്‍ തുറന്നു പറയുന്നുമുണ്ട്.
ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ നില്‍ക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബിജെപി ആകാന്‍ മടിക്കില്ല എന്നാണ് ഇവിടെ തെളിയുന്നത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സാക്ഷിക്കുത്തില്ല. ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാല്‍ പോകും എന്ന കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് മറ്റത്തൂരില്‍ അനുയായികള്‍ നടപ്പാക്കിയത്. സംസ്ഥാനത്ത് പലേടത്തും ബിജെപി - കോണ്‍ഗ്രസ്സ് അഡ്ജസ്റ്റ്‌മെന്റ് ഉണ്ട് എന്നത് തദ്ദേശ ഫലത്തില്‍ വ്യക്തമാണ്. അതവര്‍ ഒരുമടിയുമില്ലാതെ തുടരുകയാണ്. സ്വയം വില്‍ക്കാനുള്ള കോണ്‍ഗ്രസ്സിന്റെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങള്‍ക്ക് വളമിടുന്നത്.
എല്ലാ ജനവിഭാഗങ്ങളെയും പറ്റിച്ച് അധികാര രാഷ്ട്രീയം കളിക്കാനും സംഘപരിവാറിന് നിലമൊരുക്കാനുമുള്ള രാഷ്ട്രീയ അല്പത്തം സ്വാഭാവികവല്‍ക്കരിക്കാനും വ്യാപിപ്പിക്കാനുമുള്ള കോണ്‍ഗ്രസ്സിന്റെ കുടില തന്ത്രങ്ങള്‍ ഞങ്ങള്‍ നേരത്തെ തുറന്നു കാട്ടിയതാണ്. മറ്റത്തൂര്‍ മോഡല്‍ അതിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ്




