- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീകരാക്രമണ ഭീഷണി നേരിടാനും ആക്രമണങ്ങൾ പ്രതിരോധിക്കാനും കഴിവുള്ള സ്പെഷൽ ടീം; മറ്റു ദൈനംദിന ജോലികൾക്ക് ഇവരെ നിയോഗിക്കാൻ കഴിയില്ലെന്ന് ചട്ടം; തീവ്രവാദ- മാവോയിസ്റ്റ് ആക്രമണം തടയുന്നതിനു രൂപീകരിച്ച അവഞ്ചേഴ്സിന്റെ കരുത്തിൽ പായാൻ മുഖ്യമന്ത്രി; പിണറായിക്ക് 'കരിങ്കൊടി' കാട്ടുന്നവരെ പിടിക്കാൻ കമാണ്ടോകളെത്തുമ്പോൾ
തിരുവനന്തപുരം: പാലക്കാട് മുഖ്യമന്ത്രി എത്തിയത് ഹെലികോപ്ടറിലാണ്. തദ്ദേശ ദിനാഘോഷ ഉദ്ഘാടനത്തിന്റെ വേദിയിലേക്ക് ഹെലിപാഡിൽ നിന്നും ഉണ്ടായിരുന്നത് വെറും ഒന്നര കിലോമീറ്റർ. യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിൽ വച്ചിട്ടും ഫലമുണ്ടായില്ല. രണ്ടിടത്ത് കരിങ്കൊടി കാട്ടി. ഇതോടെ കൂടുതൽ സുരക്ഷ മുഖ്യമന്ത്രിക്കായി വരികയാണ്. പ്രത്യേക സേന തന്നെ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ എത്തും.
മുഖ്യമന്ത്രി അടക്കമുള്ള വിവിഐപികൾക്ക് സുരക്ഷ ഒരുക്കുക എന്നതായിരിക്കും തീവ്രവാദ- മാവോയിസ്റ്റ് ആക്രമണം തടയുന്നതിനു രൂപീകരിച്ച അവഞ്ചേഴ്സിന്റെ പുതിയ ദൗത്യം. സമരവും പ്രതിഷേധവും മൂലം മുഖ്യമന്ത്രിയുടെയും ചില മന്ത്രിമാരുടെയും സുരക്ഷ വർധിപ്പിച്ചിരുന്നു. മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്കു കനത്ത സുരക്ഷ ഒരുക്കുന്നത്. എന്നാൽ കേരളത്തിൽ മാവോയിസ്റ്റുകൾ ഒരു ഘട്ടത്തിലും ആർകും വലിയ ഭീഷണിയല്ല. ഇതിനൊപ്പം നഗരങ്ങളിൽ മാവോയിസ്റ്റുകളുടെ പ്രവർത്തനവുമില്ല. എന്നാൽ മാവോയിസ്റ്റ് ഭീഷണിയെന്ന മറവിൽ അവഞ്ചേഴ്‌സിനെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് നിയോഗിക്കാനാണ് നീക്കം.
മുഖ്യമന്ത്രിയുടെ യാത്രകളിൽ അടക്കം സുരക്ഷ ഒരുക്കുന്നത് ഇനി അവഞ്ചേഴ്സിന്റെ പ്രധാന ചുമതലയാകും. മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനങ്ങളിൽ അവഞ്ചേഴ്സ് കമാൻഡോ വിഭാഗം രൂപീകരിക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. നേരത്തേ സംസ്ഥാനം അവഞ്ചേഴ്സ് രൂപീകരിച്ചെങ്കിലും അംഗീകരിച്ച് ഉത്തരവു നൽകിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഉത്തരവു നൽകിയത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഈ സേനയെ ഉപയോഗിക്കുന്നത്. എൻഡിഎയാണ് പ്രധാനമന്ത്രിയുടെ സുരക്ഷ നോക്കുന്നത്. അതിന്റെ മറ്റൊരു പതിപ്പായി അവഞ്ചേഴ്‌സും മാറും.
മുഖ്യമന്ത്രിക്കു സെഡ് പ്ലസ് സുരക്ഷയാണ് ഒരുക്കുന്നത്. അദ്ദേഹം സഞ്ചരിക്കുന്ന പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് സുരക്ഷയ്ക്കായി നാലും അഞ്ചും മണിക്കൂർ വിട്ടു നിൽക്കേണ്ട സാഹചര്യമുണ്ട്. അവരുടെ ജോലി ഭാരം കുറയ്ക്കുന്നതിനു കൂടിയാണ് അവഞ്ചേഴ്സ് രൂപീകരിക്കാൻ അനുമതി നൽകിയത്. അർബൻ കമാൻഡോ വിഭാഗമായ അവഞ്ചേഴ്സ് മാവോയിസ്റ്റ് ഭീഷണിയുള്ള പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലാണു പ്രധാനമായി വരേണ്ടത്. എന്നാൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളിലാണ് രൂപീകരിച്ചത്.
ഭീകരാക്രമണ ഭീഷണി നേരിടാനും ആക്രമണങ്ങൾ പ്രതിരോധിക്കാനും കഴിവുള്ള സ്പെഷൽ ടീമാണിത്. മറ്റു ദൈനംദിന ജോലികൾക്ക് ഇവരെ നിയോഗിക്കാൻ കഴിയില്ല. പ്രത്യേക പരിശീലനമാണ് ഇവർക്ക് നൽകുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല വരുന്നതോടെ ഇവർക്ക് ജോലി ഭാരം കൂടും. തുടക്കത്തിൽ 96 കമാൻഡോകൾ സംഘത്തിലുണ്ടാകും. 120 അംഗ സംഘത്തെയാണ് ആവശ്യം.
തണ്ടർബോൾട്ട് കമാൻഡോ വിഭാഗത്തിന്റെ ഭാഗമായാണ് അവഞ്ചേഴ്സ് രൂപീകരിച്ചത്. ഇന്ത്യ റിസർവ് ബറ്റാലിയനിൽ നിന്നുള്ളവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക യൂണിഫോമും ഉണ്ട്.
മറുനാടന് മലയാളി ബ്യൂറോ