കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസം കേരളത്തിന്റെ തനത് അതിജീവനമായി ചരിത്രം രേഖപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ഒരുമയുടെ കരുത്താണ് ഇവിടെവരെ എത്തിച്ചത്. ഇതാണ് ഈ ദൗത്യത്തിന്റെ ശക്തി. എല്ലാ രാഷ്ട്രീയ പാര്‍ടികളും സഹകരിച്ചു. നാടിന്റെ അപൂര്‍വതയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റയില്‍ ഉയരുന്ന ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സഹായം പ്രതീക്ഷിച്ചെങ്കിലും ഒന്നും ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 529 കോടിയുടെ തിരിച്ചടയ്ക്കേണ്ട വായ്പ മാത്രമാണ് ലഭിച്ചത്. പഴയ അനുഭവം വച്ച് ഇനി കിട്ടുമോയെന്ന് അറിയില്ല. സാമ്പത്തിക ഞെരുക്കം ബാധിക്കാത്തവിധം പുനരധിവാസം നടപ്പാക്കും. വലിയൊരു ജീവകാരുണ്യ ദൗത്യമാണ് ഫലവത്താകുന്നത്. ആരോടൊക്കെ നന്ദി പറയണമെന്ന് അറിയില്ല. ജനങ്ങളില്‍ വലിയ വിഭാഗം നിത്യ ജീവിതത്തിന് മാറ്റിവെച്ച ഓഹരി വയനാടിനായി നീക്കിവെച്ചെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവര്‍ത്തന ഘട്ടത്തില്‍ നാം നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണ്. അങ്ങനെ അത്ഭുതകരമായ രക്ഷപ്പെടലുകള്‍ ഓര്‍ക്കാന്‍ നമുക്കുണ്ട്. നമ്മുടെ സേനകള്‍ എത്തും മുന്‍പ് തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. സര്‍ക്കാര്‍ ആസ്ഥാനമായി അന്ന് വയനാട് മാറി. പുനരധിവാസം ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും ഈ മാതൃക അടയാള പെടുത്തും.

കണ്ണീരോടയല്ലാതെ ജൂലൈ 30 ഓര്‍ക്കാന്‍ കഴിയില്ല. ആ ഘട്ടത്തില്‍ നമുക്ക് കരഞ്ഞിരുന്നാല്‍ മാത്രം പോരായിരുന്നു. കേരളത്തിന്റെ തനത് തിരിച്ചു പിടിക്കലായി നാമിതിനെ കാണണം. ജനങ്ങള്‍ ഒപ്പം നില്‍ക്കുമെങ്കില്‍ ഒരു വെല്ലുവിളിയും പ്രശ്‌നമല്ല. മനുഷ്യത്വ ബോധം കൊണ്ട് നാമെല്ലാം അതിനെ മറി കടക്കും. അതാണ് ഈ പുനരധിവാസം നല്‍കുന്ന മഹാസന്ദേശം. വീടുകള്‍ നിര്‍മ്മിക്കുന്നതുകൊണ്ട് പുനരധിവാസമായില്ല. അതിന് തുടര്‍ച്ചയായ പദ്ധതികള്‍ വേണം. വാഗ്ദാനം എന്തു വിലകൊടുത്തും നിറവേറ്റും.

നിരവധി സഹായങ്ങള്‍ പലയിടങ്ങളില്‍ നിന്നും ലഭിച്ചു. പുനരധിവാസ സഹായമായി കര്‍ണ്ണാടക മുഖ്യമന്ത്രി 20 കോടി കൈമാറി. ഡി വൈ എഫ് ഐ 20 കോടിയും എന്‍ എസ് എസ് 10 കോടി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ചൂരല്‍മലയ്ക്ക് നഷ്ട്ടപ്പെട്ടവരുടെ ജീവനൊഴികെ മറ്റെല്ലാ ഭൗതിക പശ്ചാത്തലങ്ങളും സര്‍ക്കാര്‍ ഒരുക്കി നല്‍കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു.

പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ലോക മാതൃകയായി മുണ്ടക്കൈ മാറണം എന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. അങ്ങനെ ഒരു ലോക മാതൃകയാണ് ഈ ടൗണ്‍ ഷിപ്പ് ഒരുക്കുന്നതിലൂടെ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നതെന്നും കെ. രാജന്‍ പറഞ്ഞു. ദുരന്തത്തില്‍ ഇത്തരത്തില്‍ മുന്‍ അനുഭവങ്ങളില്ലാത്ത സര്‍ക്കാര്‍ ഇതൊരു മാതൃകാ പദ്ധതി ആക്കുമെന്നു ഉറപ്പുനല്‍കുന്നു. വേദനക്കിടയില്‍ നല്ല വികാരം ഉയര്‍ത്തുന്ന സമയമാണിത്. നാടിന്റെ ഒരുമയുടെ കരുത്താണ് ഇതിന് കാരണ. ഇതൊരു മഹത്തായ ജീവ കാരുണ്യ മാതൃകയാണെന്നും മന്ത്രി രാജന്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധി എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഓരോ കുടുംബങ്ങള്‍ക്കും ഏഴ് സെന്റില്‍ ആയിരം ചതുരശ്രയടിയില്‍ വീട്

നിയമതടസ്സങ്ങളെല്ലാം മറികടന്ന് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് തറക്കല്ലിടുന്ന്. ഓരോ കുടുംബങ്ങള്‍ക്കും ഏഴ് സെന്റില്‍ ആയിരം ചതുരശ്രയടി വീടാണ് നിര്‍മിച്ചുനല്‍കുന്നത്. രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാള്‍, അടുക്കള, സ്റ്റോര്‍ഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും. ഭാവിവില്‍ രണ്ടു നിലയാക്കാന്‍ കഴിയുന്ന നിലയില്‍ പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ശേഷിയുള്ള അടിത്തറയാണ് ഒരുക്കുക. മുകള്‍ നിലയിലേക്ക് പടികളുമുണ്ടാകും.

ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി എന്നിവ ടൗണ്‍ഷിപ്പിലുണ്ടാകും. ആറുമാസംകൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കും. ടൗണ്‍ഷിപ്പിലേക്ക് വരാത്ത കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപവീതം നല്‍കും. ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയെയും കേരളം മറികടക്കുകയാണ്.

2024 ജൂലൈ 30ന് പുലര്‍ച്ചെയാണ് വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടിയത്. നാടാകെ ഒലിച്ചുപോയി. 298പേര്‍ ദുരന്തത്തില്‍ മരിച്ചു. മൃതദേഹങ്ങള്‍ ചാലിയാര്‍വരെ ഒഴുകി. പുന്നപ്പുഴ മരണപ്പുഴയായി. അന്നേവരെ കാണാത്ത രക്ഷാപ്രവര്‍ത്തനത്തിന് രാജ്യം സക്ഷിയായി. ദുരിതാശ്വാസ ക്യാമ്പ് ഒരുകുടുംബമായി. സമൂഹ അടുക്കളകളില്‍ മനുഷ്യര്‍ സ്നേഹം പാകം ചെയ്തു. മണ്ണിനടിയില്‍ ജീവനുള്ള ഒറ്റമനുഷ്യരും ശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുംവരെ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.