പാലക്കാട്: തൃത്താലയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍, മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിന് പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണവുമായി വിദ്യാഭ്യാസ വകുപ്പ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ഉള്‍പ്പെടെ അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കിയത്.

സംഭവത്തില്‍ വീഡിയോ ചോര്‍ന്നത് സ്‌കൂളില്‍ നിന്നല്ലെന്ന് ആനക്കര സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ വിശദീകരിച്ചു. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഹയര്‍ സെക്കണ്ടറി ജോയിന്റ് ഡയറക്ടറും ബാലാവകാശ കമ്മീഷനും വിശദീകരണം തേടിയപ്പോഴാണ് പ്രിന്‍സിപ്പല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചത്. കുട്ടിക്ക് കൗണ്‍സിലിങ് അടക്കം നല്‍കാന്‍ പിടിഎ യോഗം ചേര്‍ന്ന് തീരുമാനിച്ചതായും പ്രിന്‍സിപ്പല്‍ പറഞ്ഞു.

ദൃശ്യങ്ങള്‍ പകര്‍ത്തിയത് കുട്ടിയുടെ വിദേശത്ത് ജോലി ചെയ്യുന്ന പിതാവിന് അയച്ചുകൊടുക്കാനാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇദ്ദേഹമടക്കം രണ്ട് പേര്‍ക്ക് മാത്രമാണ് വീഡിയോ അയച്ചുകൊടുത്തത്. സ്‌കൂളിന്റെ ഭാഗത്ത് നിന്ന് വീഡിയോ ചോര്‍ന്നിട്ടില്ല. കുട്ടിയുടെ അച്ഛന്‍ കുട്ടിയുടെ അമ്മയ്ക്ക് വീഡിയോ അയച്ചുകൊടുത്തതായാണ് മനസിലാക്കുന്നത്. അതില്‍ താന്‍ കൂടുതല്‍ ആരോപണം ഉന്നയിക്കുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

വിദ്യാര്‍ത്ഥി നേരത്തെയും പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നുവെന്നും കുട്ടിയുടെ പെരുമാറ്റത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നും പ്രിന്‍സിപ്പല്‍ ആരോപിക്കുന്നു. മുന്‍പ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയപ്പോഴെല്ലാം കുട്ടിയെ ചേര്‍ത്ത് നിര്‍ത്തുന്ന നിലപാടാണ് തങ്ങള്‍ സ്വീകരിച്ചത്. സംഭവത്തില്‍ വിദ്യാര്‍ത്ഥി മാപ്പ് പറഞ്ഞതായും തൃത്താല പൊലീസ് സ്റ്റേഷനിലെത്തി ഇത് ഒത്തുതീര്‍ത്തതായും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. ഹയര്‍ സെക്കണ്ടറി ജോയിന്റ് ഡയറക്ടര്‍ക്ക് ഇന്ന് തന്നെ വിശദീകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ വിദ്യാര്‍ഥി മാപ്പ് പറഞ്ഞിരുന്നു. പെട്ടെന്നുള്ള ദേഷ്യത്തില്‍ സംഭവിച്ചു പോയതാണെന്നാണ് വിദ്യാര്‍ഥി വിശദീകരിച്ചത്. സംഭവത്തില്‍ തൃത്താല പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി പിഴവ് തുറന്ന് പറഞ്ഞത്. ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാണെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

കൂടാതെ തനിക്ക് അതേ സ്‌കൂളില്‍ തന്നെ തുടര്‍ന്ന് പഠിക്കാനുള്ള അവസരം നല്‍കാനും ഇടപെടണമെന്ന് വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു. അതേസമയം വിദ്യാര്‍ഥിക്കെതിരായ അദ്ധ്യാപകരുടെ പരാതിയില്‍ പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്ന് തൃത്താല സിഐ അറിയിച്ചു. ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയത്. സംഭവത്തില്‍ അധ്യാപകര്‍ തൃത്താല പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സ്‌കൂളിന് പുറത്തിറങ്ങിയാല്‍ തീര്‍ക്കുമെന്നായിരുന്നു വിദ്യാര്‍ത്ഥി പറഞ്ഞത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെയും വിമര്‍ശനം ശക്തമായി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിവാദമായ സംഭവം നടന്നത്.

അധ്യാപകനെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെയാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. തുടര്‍നടപടികള്‍ അടുത്ത ദിവസം ചേരുന്ന പി.ടി.എ യോഗത്തില്‍ തീരുമാനിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. അതേസമയം ദൃശ്യങ്ങള്‍ പുറത്തായത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അധ്യാപകര്‍ക്കും വീഴ്ചയുണ്ടായെന്നാണ് വിമര്‍ശനം.

'ഇവിടെ ഞാന്‍ നല്ലത് പോലെയിരിക്കും സ്‌കൂളിന് പുറത്തിറങ്ങിയാല്‍ പള്ളക്ക് കത്തി കയറ്റിയിട്ടേ ഞാന്‍ പോകു. എനിക്ക് അങ്ങനെയൊരു സ്വഭാവം ഉണ്ട് സാറേ. നിങ്ങള്‍ കുറേ വിഡിയോ എടുക്കുകയോ എന്ത് തേങ്ങയെങ്കിലും കാണിക്ക്. എന്നെ ഇതിന്റെ ഉള്ളിലിട്ട് മെന്റലി ഹറാസ് ചെയ്തു, വിഡിയോ വരെ എടുത്തു. സാറിനെയൊക്കെ പുറത്ത് കിട്ടിയാല്‍ തീര്‍ക്കും ഞാന്‍. കൊന്ന് ഇടും എന്ന് പറഞ്ഞാല്‍ കൊന്ന് ഇടും. എന്റെ ഫോണ്‍ കൊണ്ട' എന്നാണ് വിദ്യാര്‍ഥി അധ്യാപകരോട് പറയുന്നത്.

വിഡിയോ എടുത്ത അധ്യാപകരുടെ നടപടിയില്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. വെറും പതിനാറോ, പതിനേഴോ വയസ്സുമാത്രം പ്രായമുള്ള വിദ്യാര്‍ഥിയുടെ വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ അധ്യാപകര്‍ പ്രചരിപ്പിച്ചത് ശരിയായില്ലെന്നാണ് വിമര്‍ശനം. പാലക്കാട് ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അധ്യാപകരെയും രക്ഷിതാക്കളെയും നാട്ടുകാരെയും ഞെട്ടിച്ച സംഭവം.

വെള്ളിയാഴ്ചയാണു സംഭവം. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ല. അത് ലംഘിച്ച് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് അധ്യാപകര്‍ ഫോണ്‍ പിടിച്ചുവെക്കുകയായിരുന്നു. ഫോണ്‍ വാങ്ങിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥി പ്രശ്നമുണ്ടാക്കി. തുടര്‍ന്നാണ് പ്രധാന അധ്യാപകന്റെ മുറിയിലേയ്ക്ക് വിളിപ്പിച്ചത്. അവിടെ വെച്ചാണ് വിദ്യാര്‍ഥി അധ്യാപകനെ തീര്‍ക്കുമെന്നും കൊല്ലുമെന്നുള്ള തരത്തില്‍ ഭീഷണിയുയര്‍ത്തി സംസാരിച്ചത്.