- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എന്ത് സിപിഐ എന്ന് ചോദിച്ച് എം വി ഗോവിന്ദന്‍ എതിര്‍പ്പിനെ നിസാരവല്‍ക്കരിച്ചതോടെ സിപിഎമ്മിന്റെ മനസ്സിലിരുപ്പ് പുറത്തായി; മുഖ്യമന്ത്രിയുടെ അനുമതി വാങ്ങി പി എം ശ്രീ ഒപ്പുവയ്ക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി ഉഗ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കിയതും മന്ത്രിസഭയില്‍ മൗനം പാലിച്ചതും തീരുമാനിച്ചുറപ്പിച്ച്; പദ്ധതി നടപ്പാക്കില്ലെന്ന് കട്ടായം പറഞ്ഞിരുന്ന സിപിഐയുടെ പ്രതിഷേധം ഗൗനിക്കുമോ സിപിഎം?
സിപിഐയുടെ പ്രതിഷേധം ഗൗനിക്കുമോ സിപിഎം?
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ 'പി.എം. ശ്രീ' (പ്രധാനമന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ) പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒടുവില്‍ ഒപ്പിട്ടിരിക്കുകയാണ്. മൂന്നു വര്‍ഷത്തോളമായി നിലനിന്ന എതിര്‍പ്പുകള്‍ക്ക് വിരാമമിട്ടാണ് ഈ തീരുമാനം. പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരുമെന്നതും 'പി.എം. ശ്രീ സ്‌കൂള്‍' എന്ന ബോര്‍ഡ് സ്ഥാപിക്കേണ്ടി വരുമെന്നതും കാരണമാക്കി കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പദ്ധതിയെ ആദ്യം എതിര്‍ത്തിരുന്നു. എന്നാല്‍, കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളുടെ ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ഘട്ടം ഘട്ടമായി രൂക്ഷമായതോടെയാണ് സംസ്ഥാനം ഈ തീരുമാനമെടുത്തത്.
എന്താണ് പി എം ശ്രീ പദ്ധതി?
ഈ പദ്ധതിയിലൂടെ രാജ്യത്തൊട്ടാകെ 14,500 വിദ്യാലയങ്ങളെയാണ് വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതിനായി 27,360 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 18,128 കോടി രൂപ കേന്ദ്രവിഹിതമായും 9,232 കോടി രൂപ സംസ്ഥാനങ്ങളുടെ വിഹിതമായും കണ്ടെത്താനാണ് തീരുമാനം. കേരളത്തില്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ 336 സ്‌കൂളുകള്‍ക്കാണ് ഗുണഫലങ്ങള്‍ ലഭിക്കുക. ഒരു ബ്ലോക്ക് റിസോഴ്‌സ് സെന്ററിന് കീഴില്‍ പരമാവധി രണ്ട് സ്‌കൂളുകള്‍ക്ക് (ഒരു പ്രൈമറി സ്‌കൂളും ഒരു സെക്കന്ററി സ്‌കൂളും) ഈ പദ്ധതി പ്രകാരം സഹായം ലഭ്യമാകും.
സംസ്ഥാനം പദ്ധതിയില്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ) വഴി നടപ്പാക്കുന്ന പല കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളുടെയും ഫണ്ട് മുടങ്ങിയിരുന്നു. ഇതിനെത്തുടര്‍ന്ന് മന്ത്രി വി. ശിവന്‍കുട്ടി പറയുന്നതനുസരിച്ച്, കേന്ദ്രത്തില്‍ നിന്ന് 1186.84 കോടി രൂപയോളം സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. ഇതില്‍ 280.58 കോടി രൂപ 2023-24 വര്‍ഷത്തേയും 513.54 കോടി രൂപ കഴിഞ്ഞ അധ്യയന വര്‍ഷത്തേതുമാണ് കുടിശ്ശിക. പുതിയ അധ്യയന വര്‍ഷത്തെ ആദ്യ ഗഡുവും ലഭിക്കാനുണ്ട്. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ പദ്ധതികളുടെ പ്രവര്‍ത്തനം താളം തെറ്റുമെന്ന ഘട്ടം വന്നപ്പോഴാണ് സംസ്ഥാനം നിലപാട് മാറ്റിയത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ക്കായി 3757.89 കോടി രൂപയാണ് കേന്ദ്രം 'പി.എം. ശ്രീ' പദ്ധതിയുടെ ഭാഗമായി അനുവദിച്ചിട്ടുള്ളത്.
പരിശീലനം കിട്ടിയ അധ്യാപകരെ വാര്‍ത്തെടുക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് നൂതന പഠന സൗകര്യങ്ങള്‍ ഒരുക്കാനും ലക്ഷ്യമിടുന്ന പദ്ധതി, സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിലും ഊന്നല്‍ നല്‍കുന്നു.
എതിര്‍ത്തത് ആരൊക്കെ?
തമിഴ്നാട്, കേരളം, ഡല്‍ഹി, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നില്ല. ഇപ്പോള്‍ കേരളം കരാറിന്റെ ഭാഗമായി. ഡല്‍ഹി, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നിവ വിസമ്മതിച്ചതാണ് എസ്എസ്എ ഫണ്ട് നിര്‍ത്താന്‍ കാരണമെന്നും പറയുന്നു. പദ്ധതിയില്‍ അംഗമാകാന്‍ പഞ്ചാബ് 2022 ഒക്ടോബറില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നെങ്കിലും പിന്നീട്് ഏകപക്ഷീയമായി പിന്മാറി. പിഎം ശ്രീ എന്ന് ചേര്‍ക്കേണ്ടി വരുന്നതിനെയാണ് പശ്ചിമ ബംഗാള്‍ എതിര്‍ത്തത്.
രാഷ്ട്രീയ എതിര്‍പ്പുകള്‍
വിദ്യാഭ്യാസത്തില്‍ വര്‍ഗീയതയും വാണിജ്യവത്കരണവും കടന്നുവരുമെന്ന വാദമുയര്‍ത്തി ഇടതുപക്ഷവും ഘടകകക്ഷിയായ സി.പി.ഐ.യും പദ്ധതിയെ നയപരമായും രാഷ്ട്രീയപരമായും എതിര്‍ത്തിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ കാരണങ്ങളാല്‍ കേരളം പദ്ധതി നടപ്പാക്കാന്‍ തയ്യാറായിരുന്നില്ല. സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജയും എം.പി. ബിനോയ് വിശ്വവും പദ്ധതിയിലെ വര്‍ഗീയ അജണ്ടയെ വിമര്‍ശിച്ചിരുന്നു. ഇതിനിടയിലാണ്, പദ്ധതി നടപ്പാക്കാനുള്ള ശുപാര്‍ശ മന്ത്രിസഭയില്‍ അവതരിപ്പിച്ചപ്പോള്‍ സി.പി.ഐ. എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്ന് നടപടികള്‍ മുന്നോട്ട് പോകാതിരുന്നത്.
വിദ്യാഭ്യാസ രംഗത്ത് കാവിവല്‍ക്കരണം നടത്താനുള്ള കുറുക്കുവഴിയാണ് പി എം ശ്രീയെന്നും ഈ പദ്ധതി നടപ്പിലാക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. ആര്‍എസ്എസ് അജണ്ടക്കെതിരാണ് സി പി ഐയും , സിപിഎം ഉം എന്ന് ബിനോയ് വിശ്വം പറഞ്ഞു. ആര്‍ എസ് എസ് അജണ്ട ആയത് കൊണ്ടാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളും, മതേതര ബോധമുള്ള മനുഷ്യരും പദ്ധതിയെ എതിര്‍ക്കുന്നതെന്നും ബിനോയ് വിശ്വം അറിയിച്ചിരുന്നു.
തമിഴ്‌നാടിനെപ്പോലെ സുപ്രീംകോടതിയെ സമീപിക്കാനുള്ള ആലോചനകളുണ്ടായെങ്കിലും പൊതുവിദ്യാഭ്യാസ വകുപ്പ് അതിനെ സമയം പാഴാക്കലാണെന്ന് വിലയിരുത്തി. തുടര്‍ന്ന് മന്ത്രി വി. ശിവന്‍കുട്ടി, മുഖ്യമന്ത്രിയുടെ അനുമതി തേടി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പദ്ധതി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. '1466 കോടി രൂപ വെറുതെ കളയേണ്ടതില്ല. കേന്ദ്ര ഫണ്ട് വാങ്ങി കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്താം. കേരളത്തിന്റെ വിദ്യാഭ്യാസത്തിന് എതിരായ എന്തെങ്കിലും ഉണ്ടെങ്കില്‍ ഒഴിവാക്കാം,' എന്നാണ് മന്ത്രിയുടെ വാദം.
സിപിഐയുടെ എതിര്‍പ്പ് കാര്യമാക്കിയില്ല
എന്നാല്‍, കേരളം പണം മുടക്കി വികസിപ്പിച്ചെടുക്കുന്ന വിദ്യാലയങ്ങളെ കേന്ദ്ര ബ്രാന്‍ഡിംഗിന് വിട്ടുകൊടുക്കണമോ എന്ന ചോദ്യമാണ് സി.പി.ഐ. മുന്നോട്ട് വെക്കുന്നത്. 2022ല്‍ തുടങ്ങിയ ഇപ്പോഴത്തെ പദ്ധതി 2026-27 വരെ മാത്രമാണ്. മുന്‍കാല പ്രാബല്യത്തില്‍ ഫണ്ട് തരാന്‍ വ്യവസ്ഥയില്ലെന്നും ഫലത്തില്‍ മന്ത്രി അവകാശപ്പെടുന്നതിന്റെ ചെറിയൊരു പങ്ക് മാത്രമാകും കിട്ടുക എന്നും സിപിഐ വാദിക്കുന്നു. 'ഇത്ര ചെറിയൊരു സംഖ്യക്ക് വേണ്ടി സംഘ്പരിവാര്‍ അജന്‍ഡ നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറുന്നത് രാഷ്ട്രീയ ആത്മഹത്യയാകും' എന്നും ബിനോയ് വിശ്വം പറയുന്നു. റവന്യൂ മന്ത്രി രാജനും പരസ്യമായി ഈ നയത്തിനെതിരെ രംഗത്തു വന്നിരുന്നു. മന്ത്രിസഭയിലും കെ രാജന്‍ വിഷയം അജണ്ടയില്‍ ഇല്ലാതിരുന്നിട്ടും എതിര്‍പ്പുയര്‍ത്തി. എന്നാല്‍, മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മറുപടിയൊന്നും പറഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്.
വിദ്യാഭ്യാസമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തുമെന്നും സംസ്ഥാനങ്ങള്‍ക്കുള്ള അധികാരവും, വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കാനുള്ള അവകാശവും പരിമിതപ്പെടുമെന്ന് ആശങ്ക ഉന്നയിക്കപ്പെട്ടിരുന്നു.
എന്ത് സിപിഐ എന്ന് എം വി ഗോവിന്ദന്‍
പിഎം ശ്രീ പദ്ധതിയില്‍ സിപിഐയുടെ എതിര്‍പ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ എന്ത് സിപിഐ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ചോദിച്ചത് വിവാദമായിരുന്നു. എം.വി ഗോവിന്ദന്‍ അങ്ങനെ പറയില്ല, അങ്ങനെ പറഞ്ഞെങ്കില്‍ അത് പൂര്‍ണമായും അരാഷ്ട്രീയമാണെന്നും ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഗോവിന്ദന്‍ സിപിഐ നിലപാടിനെ നിസ്സാരവത്കരിച്ച് പ്രതികരിച്ചത്.
പിഎം ശ്രീ പദ്ധതിയോടുള്ള ആശങ്ക സിപിഎം സംസ്ഥാന സെക്രട്ടറിയെ ബിനോയ് വിശ്വം അറിയിച്ചിരുന്നു. എംവി ഗോവിന്ദനുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് പാര്‍ട്ടിയുടെ ആശങ്ക ബിനോയ് വിശ്വം ആവര്‍ത്തിച്ചത്. സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ബിനോയ് ഇക്കാര്യം അറിയിച്ചത്. പിഎം ശ്രീക്കെതിരായ പാര്‍ട്ടി നിലപാടില്‍ പിന്നോട്ടില്ലെന്നും ബിനോയ് വ്യക്തമാക്കിിയിരുന്നു. ഏകപക്ഷീയമായി സിപിഎമ്മിന് പിഎം ശ്രീ നടപ്പാക്കാന്‍ ആവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. അതേസമയം, എന്ത് സിപിഐ എന്ന് താന്‍ മാധ്യമങ്ങളോട് ചോദിച്ചിട്ടില്ലെന്ന് സംഭാഷണത്തില്‍ എംവി ഗോവിന്ദന്‍ വിശദീകരിച്ചു. അങ്ങനെ ചോദിക്കില്ലെന്ന് തനിക്ക് അറിയാമെന്ന് ബിനോയ് വിശ്വവും പറഞ്ഞു. ഏതായാലും സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും പ്രസ്താവനകള്‍ ആത്മാര്‍ഥതയോടെ ആയിരുന്നില്ല എന്നാണ് പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതിലൂടെ വ്യക്തമാകുന്നത്. സിപിഐ മുന്നണി യോഗത്തില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയാലും സാമ്പത്തിക പരാധീനതകള്‍ ചൂണ്ടിക്കാട്ടി സിപിഐയെ തണുപ്പിക്കാനായിരിക്കും സിപിഎം ശ്രമിക്കുക.




