- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സര്‍വ സമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രവുമായി കേരളം ധാരണാപത്രത്തില്‍ ഒപ്പിട്ടത്; 'ജോണ്‍ ബ്രിട്ടാസ് എംപിയാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയില്‍ പാലമായത്'; രാജ്യസഭയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ വെളിപ്പെടുത്തല്‍; ബിജെപി-സിപിഎം അന്തര്‍ധാര യാഥാര്‍ത്ഥ്യമെന്ന് ജെബി മേത്തര്‍; തദ്ദേശ തിരഞ്ഞെടുപ്പിനിടെ പുതിയ വിവാദം
'സര്‍വ സമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രവുമായി കേരളം ധാരണാപത്രത്തില്‍ ഒപ്പിട്ടത്;
ന്യൂഡല്‍ഹി: പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് എം പിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തല്‍ കേരളത്തില്‍ രാഷ്ട്രീയ വിവാദമാകുന്നു. അക്കാര്യത്തില്‍ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. രാജ്യസഭയിലായിരുന്നു ധര്‍മ്മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തല്‍. സര്‍വ്വ സമ്മതത്തോടെയാണ് പി എം ശ്രീ പദ്ധതിയില്‍ കേന്ദ്രവുമായി കേരളം ധാരണാപത്രത്തില്‍ ഒപ്പിട്ടതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി വിവരിച്ചു. എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിലെ ആഭ്യന്തര തര്‍ക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാകുന്നത്. ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ കുറ്റപ്പെടുത്തി.
അതേസമയം കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലില്‍ സിപിഎമ്മാണ് വെട്ടിലായത്. ബിജെപി-സിപിഎം അന്തര്‍ധാര യാഥാര്‍ത്ഥ്യം ആണെന്നും ഇത് ധര്‍മേന്ദ്ര പ്രധാന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണെന്നും ആരോപിച്ചു കോണ്‍ഗ്രസ് രംഗത്തുവന്നു. ജെബി മേത്തര്‍ എംപിയാണ് വിഷയത്തില്‍ ബ്രിട്ടാസിനെതിരെ രംഗത്തുവന്നത്. ജോണ്‍ ബ്രിട്ടാസ് മധ്യസ്ഥത വഹിച്ചു എന്നാണ് പറഞ്ഞത്. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയിലെ പാലമായി പ്രവര്‍ത്തിച്ചു. പിഎം ശ്രീയെ എതിര്‍ക്കുന്നു എന്നത് സിപിഎം കണ്ണില്‍ പൊടിയിടാന്‍ പറയുന്നതാണെന്നും ജെബി മേത്തര്‍ എംപി പറഞ്ഞു.
സിപിഐ ഇനി കാര്യങ്ങള്‍ വ്യക്തമാക്കട്ടെ. സിപിഎം അവരെ വഞ്ചിക്കുന്ന വല്യേട്ടന്‍ ആണ്. മന്ത്രിസഭ ഉപസമിതി ഇനിയും ചേര്‍ന്നിട്ടില്ല. അത്ര പ്രാധാന്യമേ ഉള്ളൂ. മന്ത്രിയുടെ വാക്കുകള്‍ ഓണ്‍ റെക്കോര്‍ഡ് ആണ്. ബ്രിട്ടാസിന്റെ വാദം മറിച്ചാണെങ്കില്‍ മന്ത്രി വ്യക്തമാക്കട്ടെയെന്നും ജെബി മേത്തര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയില്‍ ചേരില്ലെന്നായിരുന്നു കേരളം ആദ്യം മുതലേ സ്വീകരിച്ചിരുന്ന നിലപാട്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായിരുന്നു അത്. എന്നാല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ ഘടകകക്ഷികള്‍ പോലും അറിയാതെ പി എം ശ്രീ പദ്ധതിയില്‍ ചേരുന്നതായി കേരള സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ സി പി ഐ അടക്കം ശക്തമായ എതിര്‍പ്പ് ഉന്നയിച്ചതോടെ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കേന്ദ്രത്തെ കേരളം അറിയിക്കുകയായിരുന്നു. പി എം ശ്രീ പദ്ധതിയില്‍ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തു.
മുഖ്യമന്ത്രി തന്നെ സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം വ്യക്തമാക്കിയ ശേഷമാണ് കേരളം കത്തയച്ചത്. മന്ത്രിസഭാ യോഗത്തില്‍ പോലും സി പി ഐ മന്ത്രിമാര്‍ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു ഇത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഇടത് മുന്നണിയിലോ, സി പി എമ്മിലോ, മന്ത്രിസഭയിലോ ചര്‍ച്ചയോ അറിവോ ഇല്ലാതെയാണ് പി എം ശ്രീയില്‍ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതേ ചൊല്ലി സി പി ഐയും സി പി എമ്മും രണ്ട് തട്ടിലായിരുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് കിട്ടേണ്ട കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കാനാണ് പി എം ശ്രീയില്‍ ഒപ്പിട്ടതെന്നും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നുമായിരുന്നു സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വാദം.




